-->
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിക്കെതിരെ തെളിവുകളുണ്ടെന്നും എല്ലാം നടന്നത് തന്ത്രിയുടെ അനുമതിയോടെയാണെന്നും എസ്ഐടി. തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. പല നീക്കുപോക്കുകള്‍ക്കുമായി തന്ത്രി ഒപ്പിട്ട രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ജാമ്യം നല്‍കിയാല്‍ കേസില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അന്വേഷണ ഉദ്യാഗസ്ഥര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം വിജിലന്‍സ് കോടതി എസ്ഐടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള ചികിത്സ നിലവില്‍ തന്ത്രിക്ക് നല്‍കുന്നുണ്ടെന്നും എസ്ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് എസ്ഐടിയുടെ പരാമര്‍ശം.
കട്ടിളപ്പാളി, ദ്വാരപാലക പാളി കേസുകളില്‍ തന്ത്രി കണ്ഠരര് രാജീവര് സമര്‍പ്പിച്ച ജാമ്യഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. തന്ത്രി രണ്ടരക്കോടി രൂപ നിക്ഷേപിച്ചുവെന്ന് ആരോപിച്ച ധനകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം ഇ ഡി റെയ്ഡ് നടന്നിരുന്നു. തന്ത്രിക്ക് നെടുംപറമ്പ് ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു സ്ഥാപനത്തില്‍ ഇ ഡി പരിശോധന നടത്തിയത്.
രണ്ടര കോടി രൂപയോളം തന്ത്രി ഇവിടെ നിക്ഷേപിച്ചിരുന്നു. പിന്നീട് സ്ഥാപനം പൂട്ടിപ്പോയെങ്കിലും പരാതി നല്‍കാനോ പൊലീസിനെ സമീപിക്കാനോ തന്ത്രി തയ്യാറായിരുന്നില്ല. ഇതാണ് സംശയത്തിനിടയാക്കിയത്. ഇതും സംശയത്തിന് വഴിവെച്ചിരുന്നു. ഫിനാന്‍സ് സ്ഥാപനം പൂട്ടിപ്പോയി എന്ന് പറയുമ്പോളും കുറച്ച് ജീവനക്കാര്‍ ജോലി ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ ഭാഗീകമായി നടക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്തായിരുന്നു റെയ്ഡ് നടത്താന്‍ ഇ ഡി തീരുമാനിച്ചത്.