-->
ഏഴുപതിറ്റാണ്ടിലധികം നീണ്ട സംഗീതജീവിതത്തില്‍ നാല്‍പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ച് ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെട്ട ഗായികയാണ് ലത മങ്കേഷ്കർ. അഭിനയരംഗത്തേയ്ക്ക് കടന്നുവരാനാഗ്രഹിച്ച പെൺകുട്ടി രാജ്യത്തിന്റെ വാനമ്പാടിയായി ഉയർന്നതിനു പിന്നില്‍ ഒരൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ, സംഗീതത്തോടുള്ള അടങ്ങാത്ത അഭിരുചി.
മെലഡികളുടെ രാജ്ഞി, വോയ്‌സ് ഓഫ് ദ നേഷന്‍, വോയ്‌സ് ഓഫ് ദ മില്ലേനിയം, ഇന്ത്യയുടെ വാനമ്പാടി എന്നിങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് ലതാ ജിക്ക്. ആ സ്വരമാധുരിയില്‍ മതിമറന്നു പോയവരില്‍ സാധാരണക്കാര്‍ മാത്രമല്ല പിന്‍തലമുറയിലെ ഒരുപാട് ഗായിക ഗായകന്മാരുമുണ്ട്. പേരും പെരുമയ്‍ക്കുമൊപ്പം പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയെടുത്ത ലതാ ജി ഒരു സമയത്ത് ഇന്ത്യൻ സിനിമയുടെ ഗാന വിഭാഗം അടക്കിവാഴുകയായിരുന്നു.
ഇപ്പോഴിതാ ലതാ മങ്കേഷ്കറുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ നൊമ്പരക്കുറിപ്പ് പങ്കിടുകയാണ് ഗായിക ശ്രേയ ഘോഷാല്‍. ശബ്ദമാധുര്യം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ശ്രേയ ഘോഷാല്‍ം ലതാജി യുടെ നഷ്ടമുണ്ടാക്കിയ വിടവിനൊപ്പം ത്രോബാക്ക് ചിത്രവും പങ്കുവച്ചിട്ടുണ്ട്.
‘‘ലതാ ദീദി,
താങ്കളുടെ ശബ്ദമാണ് എന്റെ ആദ്യ ഗുരുവും എന്റെ ജീവിതകാലം മുഴുവൻ തുടരുന്ന പ്രചോദനവും....ഞാൻ പാടുന്ന ഓരോ ഗാനത്തിലും താങ്കളുടെ അനുഗ്രഹങ്ങളും, കൃപയും, താങ്കള്‍ നിലകൊണ്ട മൂല്യങ്ങളും ഉൾപ്പെടുന്നു.
ലോകത്തിന് താങ്കള്‍ നൽകിയ സംഗീതത്തിനും, മാർഗനിർദേശത്തിനും, സ്നേഹത്തിനും ഞാൻ എപ്പോഴും നന്ദിയുള്ളവളായിരിക്കും, എപ്പോഴും കടപ്പെട്ടിരിക്കും....എല്ലാ ഈണത്തിലും താങ്കള്‍ ജീവിക്കുന്നു....കൂപ്പുകൈകളോടെയും നിറഞ്ഞ ഹൃദയത്തോടെയും...’’ എന്നാണ് ശ്രേയ ഘോഷാല്‍ കുറിച്ചിരിക്കുന്നത്. ലത മങ്കേഷ്കറിന്റെ ആദ്യകാല ചിത്രങ്ങള്‍ക്കൊപ്പം താനും ലതാജിയും ഒരുമിച്ചുള്ള ചിത്രങ്ങളും ശ്രേയ ഘോഷാല്‍ പങ്കുവച്ചിട്ടുണ്ട്.
ശ്രേയയുടെ കുറിപ്പിന് താഴെ പലരും ആദരാഞ്ജലികള്‍ കുറിക്കുന്നുണ്ട്. രാജ്യത്തിന്റെ ഹൃദയമിടിപ്പായി മാറിയ ഐക്കണായിരുന്നു ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ. ആത്മാവിനെ സ്പര്‍ശിക്കുന്ന ഒരുപാട് മെലഡികള്‍ ലതാ ജി സമ്മാനിച്ചിട്ടുണ്ട്.