Friday, March 13, 2026 Last Updated 10 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 04.45 PM

എംജിആര്‍ പാന്റ്‌സില്‍ മുളളുമെന്ന പരാമര്‍ശം; മാപ്പുപറഞ്ഞ് നടന്‍ രാജേന്ദ്രപ്രസാദ്

rajendra-prasad

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഇതിഹാസനടനുമായ എം.ജി.ആറിനെതിരായ വിവാദപരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് തെലുങ്ക് നടന്‍ രാജേന്ദ്രപ്രസാദ്. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നതായി രാജേന്ദ്രപ്രസാദ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. മേലില്‍ തന്റെ ഭാഗത്തുനിന്ന് ഇത്തരം പരാമര്‍ശമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാന്തറാവു പുരസ്‌കാരം എനിക്ക് സമ്മാനിക്കുന്ന ചടങ്ങിലെ വേദിയില്‍ സംസാരിക്കവെ ഞാന്‍ തമിഴ് സിനിമാ ഇതിഹാസം എം.ജി ആര്‍ സാറിനെക്കറിച്ച് അറിയാതെ തെറ്റായി സംസാരിച്ചുപോയി. അത് അതിരുകടന്നുപോയി. ഞാന്‍ എന്തിന് എം.ജി ആര്‍ സാറിനെ ആനാദരിക്കണം ? ഞാന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലത്ത് എം.ജി. ആര്‍ സര്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു. ഞങ്ങള്‍ എങ്ങനെയാണ് അഭിനയം പഠിക്കുന്നതെന്ന് അറിയാന്‍ അദ്ദേഹം ഒരുതവണ സന്ദര്‍ശനം നടത്തിയിരുന്നു. അദ്ദേഹത്തെ അധിക്ഷേപിക്കാന്‍ ഞാന്‍ ആരുമല്ല. എന്റെ വാക്കുകള്‍ ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. മേലില്‍ ഇനിയൊരിക്കലും ഇങ്ങനെ സംസാരിക്കില്ലെന്ന് ഉറപ്പുനല്‍കുന്നു. രാജേന്ദ്രപ്രസാദ് പറഞ്ഞു.

തെലുങ്കിലെ വിഖ്യാതനടനായിരുന്ന കാന്തറാവുവിനെ പ്രശംസിക്കവെയാണ് എം.ജി ആറിനെക്കുറിച്ച് രാജേന്ദ്രപ്രസാദ് അധിക്ഷേപസ്വഭാവമുളള പരാമര്‍ശം നടത്തിയത്. ഹൈദരാബാദില്‍ നടന്ന കലാപ്രപൂര്‍ണ്ണ കാന്തറാവു ദേശീയ അവാര്‍ഡ് 2025 ചടങ്ങലായിരുന്നു വിവാദപരാമര്‍ശം. എം.ജി ആറിന് കാന്തറാവുവിനെ പേടിയായിരുന്നു. കാന്തറാവുവിനെ കണ്ടാലോ അദ്ദേഹത്തെക്കുറിച്ച് കേട്ടാലോ എം.ജി.ആര്‍ പാന്റ്‌സില്‍ മുളളുമായിരുന്നു എന്നായിരുന്നു രാജേന്ദ്രപ്രസാദിന്റെ വാക്കുകള്‍.

രാജേന്ദ്രപ്രസാദ് മാപ്പു പറയണമെന്ന് തമിഴ് സിനിമാ ലോകത്തുനിന്ന് വ്യാപകമായി ആവശ്യമുയർന്നിരുന്നു. തമിഴ് സിനിമാ അഭിനേതാക്കളുടെ സംഘടനാ ജനറൽ സെക്രട്ടറി വിശാൽ ,നടൻ നാസർ, നിർമാതാവ് ജി. ധനഞ്ജയൻ തുടങ്ങി ഒട്ടേറെപ്പേരാണ് രാജേന്ദ്രപ്രസാദിനെതിരേ രംഗത്തെത്തിയത്.

Ads by Google
Friday 13 Mar 2026 04.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW