Friday, March 13, 2026 Last Updated 32 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 01.11 PM

33 മണിക്കൂര്‍ നീണ്ട ഗതാഗതകുരുക്ക്: ഹെലികോപ്റ്റര്‍ വിളിച്ച് രക്ഷപ്പെട്ട് വ്യവസായി

mumbai, pune, expressway, traffic, block

മണിക്കൂറുകളോളം ഗതാഗതകുരുക്കില്‍പ്പെട്ട ഒരു വ്യവസായി ഒടുവില്‍ ഹെലികോപ്റ്റര്‍ വിളിച്ചു രക്ഷപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നായ മുംബൈപൂനെ എക്‌സ്പ്രസ് വേയില്‍ അടുത്തിടെയാണ് 33 മണിക്കൂറിലധികം നീണ്ടുനിന്ന വലിയ ഗതാഗതക്കുരുക്കുണ്ടായത്. ഈ കുരുക്കില്‍ വ്യവസായിയായ സുധീര്‍ മെഹ്ത പെടുകയായിരുന്നു. ശേഷം എയര്‍ വെറ്ററന്‍ ആയ നിതിന്‍ വെല്‍ഡെയുടെ സഹായത്തോടെ അദ്ദേഹം ഹെലികോപ്റ്ററില്‍ പൂനെയിലേക്ക് തിരിക്കുകയായിരുന്നു. ഹെലികോപ്റ്ററില്‍ നിന്നും കുരുക്കിന്റെ ആകാശ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

ഫെബ്രുവരി 3ന് വൈകുന്നേരം എക്‌സ്പ്രസ്‌വേയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്നാണ് ഇത്രയും വലിയ ഗതാഗതക്കുരുക്ക് ഉണ്ടായത്. . അപകടത്തില്‍ ടാങ്കറിന്റെ വാല്‍വിന് കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് പാചകവാതകം ചോരാന്‍ തുടങ്ങിയിരുന്നു. പിറ്റേ ദിവസം രാത്രി 10.30 യോടെയാണ് വാതകം മാറ്റുന്ന പ്രക്രിയ പൂര്‍ത്തിയായത്. ഏകദേശം 20 കിലോമീറ്ററോളം നീളത്തിലാണ് വാഹനങ്ങളുടെ നിര രൂപപ്പെട്ടത്. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ എക്‌സ്പ്രസ് വേ കണ്ട ഏറ്റവും മോശം ഗതാഗതക്കുരുക്കായിരുന്നു ഇത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് ടാങ്കര്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്.

ആയിരക്കണക്കിന് യാത്രക്കാരാണ് ഭക്ഷണവും വെള്ളവുമില്ലാതെ റോഡില്‍ വലഞ്ഞത്. എക്‌സ്പ്രസ് വേയില്‍ അടിയന്തര എക്‌സിറ്റുകളുടെയും ഹെലിപാഡുകളുടെയും അഭാവം സുധീര്‍ മെഹ്ത തന്റെ പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. 10 ലക്ഷം രൂപയില്‍ താഴെ ചെലവില്‍ ഹെലിപാഡുകള്‍ നിര്‍മ്മിക്കാമെന്നും അത്യാഹിത ഘട്ടങ്ങളില്‍ ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഈ പോസ്റ്റ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. അടിയന്തര സൗകര്യങ്ങള്‍ വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തോട് പലരും യോജിച്ചെങ്കിലും, ഹെലികോപ്റ്റര്‍ എന്നത് സാധാരണക്കാര്‍ക്ക് അപ്രായോഗികമാണെന്ന് വിമര്‍ശനമുയര്‍ന്നു. 'ഹെലിപാഡ് കൊണ്ട് എങ്ങനെ പ്രശ്‌നം പരിഹരിക്കും? കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് ആളുകളില്‍ എത്രപേരെ ഹെലികോപ്റ്ററില്‍ രക്ഷിക്കാനാകും?' എന്നും ചിലര്‍ ചോദിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ അധികൃതര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് പൊതുവെ ഉയര്‍ന്ന ആവശ്യം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW