-->
ദോഹ: ഖത്തറിലെ പ്രവാസ സമൂഹത്തിൻ്റെ ഹൃദയം കീഴടക്കിയ റേഡിയോ മലയാളം ഫോർ മൈ ലവ് സാമൂഹ്യ സേവന പരിപാടിയുടെ ആറാമത് എഡിഷൻ ഫെബ്രുവരി 9 മുതൽ 16 വരെ നടക്കുമെന്ന് മാനേജ്മെന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്ത് പ്രവാസി ഭാര്യമാർക്കൊപ്പം ആദ്യമായി അഞ്ച് അമ്മമാരെകൂടി ഖത്തറിലെത്തിക്കുന്നുവെന്നതാണ് ഇത്തവണത്തെ സവിശേഷത. ഇന്ത്യൻ സമൂഹത്തിന്റെസഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന ജനകീയപരിപാടിയിൽ ദീർഘകാലമായി ഖത്തറിൽ ജോലി ചെയ്യുന്ന കുറഞ്ഞ വേതനക്കാരായ പ്രവാസികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അർഹരായ 10 പേരുടെ ഭാര്യമാരും, ഒപ്പംനാട്ടിൽ ഒറ്റക്ക് കഴിയുന്ന ഖത്തർ പ്രവാസികളുടെ അമ്മമാരിൽ നിന്നും തെരഞ്ഞെടുത്ത അഞ്ചു പേരുമാണ് ഒരാഴ്ചത്തെ സന്ദർശനത്തിനായി ഖത്തറിൽ എത്തുക. കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ ഏറെക്കുറെ ഒറ്റക്ക് കഴിയുന്ന അമ്മമാരെ കൂടി ഈ പ്രാവശ്യം ഫോർ മൈ ലവ് പരിപാടിയുടെ ഭാഗമാക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് റേഡിയോ മലയാളം മാനേജ് മെന്റ് പ്രതിനിധികൾ പറഞ്ഞു.
പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിച്ചിട്ടും ഒരിക്കൽ പോലും സ്വന്തം ജീവിത പങ്കാളിക്ക് തങ്ങൾ ജീവിക്കുന്ന പ്രവാസ നാട് കാണിച്ചു കൊടുക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത പ്രവാസികളുടെ ഭാര്യമാരാണ് തികച്ചും സൗജന്യമായി ഒരാഴ്ച ഖത്തർ സന്ദർശിക്കുക. ഫെബ്രുവരി 9 ന് ദോഹയിലെത്തുന്ന ഇവർ തുടർന്നുള്ള ദിവസങ്ങളിൽ, തങ്ങളുടെ ഭർത്താക്കന്മാരും മക്കളും ജീവിതത്തിൻ്റെ ഏറിയ പങ്കും ചിലവഴിച്ച പ്രവാസ ഭൂമിക നേരിട്ട് കാണുകയും വിവിധ സ്ഥാപനങ്ങളും കൂട്ടായ്മകളും സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും. ഫെബ്രുവരി 10 ന് നടക്കുന്ന പൗര സ്വീകരണത്തിൽ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരുമടക്കം നിരവധി പേർ പങ്കെടുക്കും. ചടങ്ങിൽ 10 ദമ്പതികളെയും അഞ്ച് അമ്മമാരെയും ആദരിക്കും.2018ൽ 10 ഇണകൾക്ക് ഖത്തറിലേക്ക് തങ്ങളുടെ ഭർത്താക്കന്മാരെ സന്ദർശിക്കാൻ അവസരം ഒരുക്കി ആരംഭിച്ച ഫോർ മൈ ലവ് ഓരോ വർഷവും ഓരോ ദമ്പതിമാർക്കുമുള്ള അവസരം വർദ്ധിപ്പിച്ച് അഞ്ചാം സീസണിൽ 2025 ൽ പതിനാലു പേരാണ് പരിപാടിയുടെ ഭാഗമായി ഖത്തറിൽ എത്തിയത്.
ഖത്തർ പ്രവാസി സമൂഹത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ഇത്തവണ അർഹരായ 5 അമ്മമാരെ കൂടി പരിപാടിയുടെ ഭാഗമാക്കിയത്.
കുടുംബം ഉണ്ടായിരിക്കെ തന്നെ നിരവധി പതിറ്റാണ്ടുകൾ പ്രവാസത്തിൽ ഒറ്റക്ക് ജീവിക്കേണ്ടിവരുന്ന പ്രവാസികൾക്കുള്ള ആദരവും കൂടിയാണ് ഫോർ മൈ ലവ്. മാതൃരാജ്യത്തെ രൂപപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ച ആദ്യകാല പ്രവാസത്തെ പുതിയ തലമുറ അംഗീകരിക്കുകയും അവരുടെ ത്യാഗത്തെ ആദരിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുവാൻ പ്രചോദനമാകുന്നതെന്നും ഈ പരിപാടിയുടെ വിജയത്തിൽ ഖത്തറിലെ മുഴുവൻ പ്രവാസ സമൂഹവും വഹിക്കുന്ന പങ്ക് കൃതജ്ഞതാപൂർവ്വം ഓർമ്മിക്കുകയാണെന്നും റേഡിയോ മലയാളം മാനേജ്മെന്റ്പ്രതിനിധികൾ പറഞ്ഞു.റേഡിയോ മലയാളത്തിന്റെ ഈ പരിപാടിയുടെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് സംരംഭകർ കുറഞ്ഞ വേതനക്കാരായ തൊഴിലാളികളുടെ ജീവിതപങ്കാളികൾക്ക്ഖത്തർ സന്ദർശിക്കാനുള്ള അവസര മൊരുക്കുന്നതിന് പ്രചോദനമാകാൻ കഴിഞ്ഞതായും മാനേജ്മെന്റ്പറഞ്ഞു.
ചുരുങ്ങിയത് ഇരുപത്തിയഞ്ച് വർഷമെങ്കിലുമായി ഖത്തറിൽ തൊഴിലെടുക്കുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ നൂറ് കണക്കിന് അപേക്ഷകളിൽ നിന്നും റേഡിയോ ശ്രോതാക്കൾ നാമനിർദ്ദേശം ചെയ്യുന്നവരുടെ ഭാര്യമാരാണ് ഇത്തവണ ഖത്തറിലെത്തുന്നത്.റേഡിയോ മലയാളം വൈസ് ചെയർമാനും മാനേജിങ് ഡയറക്ട്ടറുമായ കെ സി അബ്ദുൽ ലത്തീഫ്,റേഡിയോ മലയാളം & ക്യുഎഫ് എം സി ഇ ഒ അൻവർ ഹുസൈൻ, ഡപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദുറഹ്മാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഇതോടനുബന്ധിച്ച് നടന്ന ഔദ്യോഗിക ലോഞ്ചിംഗ് പരിപാടിയിൽ ഫോർ മൈ ലവ് മായി സഹകരിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത് സംസാരിച്ചു.
ഷഫീക്ക് അറക്കൽ