-->
ദോഹ: കേരള സംസ്ഥാന സർക്കാരിന്റെ ഫോട്ടോഗ്രഫി പുരസ്കാര മത്സരത്തിൽ ഖത്തർ പ്രവാസി ഷിറാസ് അബ്ദുല്ലയ്ക്ക് മൂന്നാം സ്ഥാനം. 'ഡിജിറ്റൽ ജീവിതം' എന്ന പ്രമേയത്തിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച മത്സരത്തിൽ 'തൊട്ടരികിൽ, തൊട്ടറിയാനാവാതെ' എന്ന ഫോട്ടോഗ്രഫിക്കാണ് പുരസ്കാരം ലഭിച്ചത്. വ്യാഴാഴ്ച സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിച്ചു. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്.
പ്രവാസി വിരഹത്തിന്റെ ഡിജിറ്റൽ മുഖം
നാട്ടിലെ ആഘോഷങ്ങളിലും കുടുംബ ചടങ്ങുകളിലും പങ്കെടുക്കാൻ കഴിയാതെ കടലിനക്കരെ കഴിയുന്ന പ്രവാസിയുടെ ഏകാന്തതയും, ഡിജിറ്റൽ സാങ്കേതികവിദ്യ ആ വിരഹത്തിന്റെ ആഴം കുറയ്ക്കാൻ എങ്ങനെ സഹായിക്കുന്നുവെന്നും ഷിറാസിന്റെ ചിത്രം മനോഹരമായി ആവിഷ്കരിക്കുന്നു. ഡിജിറ്റൽ സാന്നിധ്യത്തിന് ഒരിക്കലും നേരിട്ടുള്ള സാമീപ്യത്തോളം തീവ്രത നൽകാനാവില്ലെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം.
സണ്ണി ജോസഫ്, ഇ.വി. ശ്രീകുമാർ, കെ. അനിൽകുമാർ, ഐ.പി.ആർ.ഡി ചീഫ് ഫോട്ടോഗ്രാഫർ വി. വിനോദ് എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. പി.എ. അനൂപ് കുമാർ (ഒന്നാം സ്ഥാനം), കെ. അനിൽ കുമാർ (രണ്ടാം സ്ഥാനം) എന്നിവരാണ് മറ്റ് ജേതാക്കൾ.ഒന്നര പതിറ്റാണ്ടിലേറെയായി ഖത്തറിൽ ജോലി ചെയ്യുന്ന ഷിറാസ് അബ്ദുല്ല കോഴിക്കോട് പയ്യോളി സ്വദേശിയാണ്. ഇതിനോടകം പ്രഥമ രാധാകൃഷ്ണൻ ചാക്യാട്ട് പുരസ്കാരം, ലോക കേരള സഭ പുരസ്കാരം, ഖത്തർ നാഷണൽ ഡേ ഫോട്ടോഗ്രഫി അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കോട്ടയം പ്രസ് ക്ലബ്ബിൽ നിന്ന് ജേണലിസത്തിലും വിഷ്വൽ കമ്മ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദം നേടിയ ഷിറാസ് ഫോട്ടോഗ്രഫിയെ ഒരു ജീവിതചര്യയായാണ് കാണുന്നത്. ഡോ. മുനീറയാണ് ഭാര്യ. മകൻ: അബ്ദുൽ ഹാദി.
ഷഫീക്ക് അറക്കൽ