-->
ജോലി ചെയ്യുന്ന കമ്പനിയെയും മാനേജരെയും കുറിച്ച് തമാശരൂപേണ വീഡിയോ പങ്കുവെച്ച ജീവനക്കാരന് ജോലി നഷ്ടമായി. താനൊരു 'കോര്‍പ്പറേറ്റ് മരുമകള്‍' ആണെന്ന് അവകാശപ്പെട്ട് സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ അജയ് ശര്‍മ ചിന്ത പങ്കുവെച്ച വീഡിയോ വൈറലായതോടെയാണ് 'സ്‌റ്റേജ് ഒടിടി' എന്ന കമ്പനി ഇദ്ദേഹത്തെ പുറത്താക്കിയത്. 'കമ്പനി എന്നെ പിരിച്ചുവിട്ടു. ഞാന്‍ ചെയ്ത 'കോര്‍പ്പറേറ്റ് ബഹു' എന്ന റീല്‍ വൈറലായതാണ് കാരണം. നിങ്ങള്‍ ഓണ്‍ലൈനില്‍ വീഡിയോകള്‍ ചെയ്യുന്നവരാണെങ്കില്‍ സൂക്ഷിക്കുക. കമ്പനികള്‍ ഇതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്,' അജയ് വീഡിയോയില്‍ പറഞ്ഞു.
'അവര്‍ എന്നെ ജോലിക്ക് എടുത്തതല്ല, വിവാഹം കഴിച്ച് വീട്ടില്‍ കൊണ്ടുവന്നതാണ്' തന്റെ സ്റ്റാന്‍ഡ്അപ്പ് ആക്റ്റില്‍ കമ്പനിയെക്കുറിച്ച് താരം പറഞ്ഞ തമാശകള്‍ ഇങ്ങനെയായിരുന്നു: 'കമ്പനി എന്നെ ജോലിക്ക് എടുത്തതല്ല, മറിച്ച് വിവാഹം കഴിച്ച് വീട്ടില്‍ കൊണ്ടുവന്നതാണെന്നാണ് അവരുടെ വിചാരം. അവര്‍ എന്നെ ഒരു ജീവനക്കാരനായല്ല, മരുമകളായാണ് കാണുന്നത്.'
മാനേജരെക്കുറിച്ചുള്ള പരാമര്‍ശം ഇങ്ങനെ: 'എന്റെ മാനേജര്‍ ഒരു മാനേജരല്ല, മറിച്ച് അമ്മായിയമ്മയെപ്പോലെയാണ്. ഞാന്‍ എപ്പോള്‍ വരുന്നു, എപ്പോള്‍ പോകുന്നു, എന്ത് കഴിക്കുന്നു, എത്ര തവണ ടോയ്‌ലറ്റില്‍ പോകുന്നു എന്ന് വരെ അവര്‍ ശ്രദ്ധിക്കുന്നു. ഇനി എച്ച് ആര്‍ ആണെങ്കില്‍ അമ്മായിയമ്മയുടെ മകനെപ്പോലെയാണ്. മാനേജര്‍ പരാതി പറയുമ്പോള്‍ എച്ച് ആര്‍ വന്ന് ചോദിക്കും, 'നീ എന്തിനാണ് അമ്മയെ വിഷമിപ്പിക്കുന്നത്?' എന്ന്. 'ധൈര്യം സംഭരിച്ച് കമ്പനിയുടെയും മാനേജരുടെയും പേര് വെളിപ്പെടുത്തിയ അജയ്, മറ്റൊരു ജീവനക്കാരനോടും കമ്പനികള്‍ ഇങ്ങനെ പെരുമാറരുതെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.
അജയിന്റെ വീഡിയോ കണ്ട പലരും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. ജോലി പോയത് നന്നായെന്നും സ്റ്റാന്‍ഡ്അപ്പ് കോമഡിയില്‍ അദ്ദേഹത്തിന് വലിയ ഭാവി ഉണ്ടെന്നുമാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. 'ഇതാണ് യഥാര്‍ത്ഥ തമാശ, ജനങ്ങള്‍ക്കിത് വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്,' എന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍, 'ഇത്രയും കഴിവുള്ളവര്‍ക്ക് എന്തിനാണ് മറ്റൊരു ജോലി?' എന്ന് മറ്റൊരാള്‍ ചോദിച്ചു.