Wednesday, March 11, 2026 Last Updated 50 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.27 PM

ആര്‍ട്ടെമിസ്‌ 2 ദൗത്യം മാര്‍ച്ചിലേക്കു മാറ്റി

uploads/news/2026/02/824118/int1.jpg

വാഷിങ്‌ടണ്‍: നാസയുടെ ആര്‍ട്ടെമിസ്‌ 2 ദൗത്യം മാര്‍ച്ചിലേക്ക്‌ മാറ്റി. ഫെബ്രുവരി ഇന്നു മുതല്‍ 11 വരെയുള്ള സമയപരിധിയാണ്‌ നാസ നേരത്തെ നിശ്‌ചയിച്ചിരുന്നത്‌. 'വെറ്റ്‌ ഡ്രസ്സ്‌ റിഹേഴ്‌സല്‍' അവസാന നിമിഷം പരാജയപ്പെട്ടതിനെ തുടര്‍ന്നാണു ദൗത്യം മാറ്റിവച്ചത്‌. നാല്‌ ബഹിരാകാശ സഞ്ചാരികളുമായി ചന്ദ്രനെ ചുറ്റി മടങ്ങുകയായിരുന്നു ദൗത്യത്തിലൂടെ ഉദ്ദേശിച്ചിരുന്നത്‌. ടെര്‍മിനല്‍ കൗണ്ട്‌ഡൗണ്‍ അവസാനിക്കാന്‍ 5 മിനിറ്റ്‌ ശേഷിക്കെ ദ്രാവക ഹൈഡ്രജന്‍ ചോര്‍ച്ച കണ്ടെത്തിയതാണു തിരിച്ചടിയായത്‌. വെറ്റ്‌ ഡ്രസ്സ്‌ റിഹേഴ്‌സല്‍ സമയത്ത്‌ റോക്കറ്റില്‍ ഇന്ധനം നിറയ്‌ക്കുന്നതും, കൗണ്ട്‌ഡൗണ്‍ നടത്തുന്നതും, ഇന്ധന ടാങ്കുകള്‍ കാലിയാക്കുന്നതുമെല്ലാം പരിശീലിക്കാറുണ്ട്‌.
എന്നാല്‍, ജനുവരി 31 ന്‌ റിഹേഴ്‌സല്‍ ആരംഭിച്ചതിന്‌ ശേഷം നിരവധി പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഫേ്ലാറിഡയിലെ കെന്നഡി സ്‌പേസ്‌ സെന്ററിലെ തണുത്ത കാലാവസ്‌ഥ ഇന്ധനം നിറയ്‌ക്കുന്ന പ്രക്രിയയെ ബാധിച്ചു. ഇത്‌ ദ്രാവക ഹൈഡ്രജന്‍ ചോര്‍ച്ചയ്‌ക്ക്‌ കാരണമാവുകയും നടപടികള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരികയും ചെയ്‌തു.
ദൗത്യത്തിന്റെ ഭാഗമായുള്ള ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം യാത്രികരായ റീഡ്‌ വൈസ്‌മാന്‍, വിക്‌ടര്‍ ഗ്‌ലോവര്‍, ക്രിസ്‌റ്റീന കോക്ക്‌, ജെറെമി ഹാന്‍സന്‍ കെന്നഡി സ്‌പേസ്‌ സെന്ററിലെത്താന്‍ തീരുമാനിച്ച ദിവസമാണു ചോര്‍ച്ച കണ്ടെത്തിയത്‌. അവരുടെ യാത്രയും മുടങ്ങി.
മുമ്പും, അതിശൈത്യം കാരണം വെറ്റ്‌ ഡ്രസ്സ്‌ റിഹേഴ്‌സല്‍ മാറ്റിവെച്ചിരുന്നു.
അതിശൈത്യം റോക്കറ്റ്‌ സംവിധാനങ്ങളെയും ഇന്ധന ലീക്ക്‌ തടയുന്ന ഇന്റര്‍ഫേസുകളെയും ബാധിക്കുന്നതാണു കാരണം.
ഹൈഡ്രജന്‍ ലീക്ക്‌ കൂടാതെ, ഓറിയോണ്‍ ക്ര്യൂ മൊഡ്യൂളില്‍ മര്‍ദം നിലനിര്‍ത്തുന്ന ഒരു വാല്‍വ്‌ ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയും നാസ കണ്ടെത്തി, ഇത്‌ കൂടുതല്‍ കാലതാമസത്തിന്‌ കാരണമായി. ഏതാനും ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ ഓഡിയോ കമ്യൂണിക്കേഷന്‍ ചാനലുകളില്‍ തടസം നേരിട്ടതും എന്‍ജിനീയര്‍മാരെ വലച്ചിരുന്നു, റിഹേഴ്‌സല്‍ സമയത്തും അത്‌ വീണ്ടും സംഭവിച്ചു.
'ബഹിരാകാശ യാത്രികര്‍ക്കും സംവിധാനങ്ങള്‍ക്കും, പൊതുജനങ്ങള്‍ക്കുമുള്ള സുരക്ഷയാണ്‌ ഞങ്ങളുടെ പ്രഥമ പരിഗണന. ഈ ചരിത്ര ദൗത്യം ഏറ്റെടുക്കാന്‍ തയാറാണെന്ന്‌ ബോധ്യപ്പെട്ടാല്‍ മാത്രമേ ഞങ്ങള്‍ വിക്ഷേപണം നടത്തുകയുള്ളൂ.' - നാസ വ്യക്‌തമാക്കി. ഡേറ്റ വിശകലനം ചെയ്യാനും രണ്ടാമത്തെ വെറ്റ്‌ ഡ്രസ്‌ റിഹേഴ്‌സല്‍ നടത്താനും കൂടുതല്‍ സമയം വേണമെന്ന്‌ അവര്‍ വ്യക്‌തമാക്കി.
ജനുവരി 11 ന്‌ ഹൂസ്‌റ്റണില്‍ ക്വാറന്റൈനില്‍ പ്രവേശിച്ച ക്രൂവിന്‌ അത്‌ ഉപേക്ഷിക്കാം. അടുത്ത വിക്ഷേപണ തീയതിക്ക്‌ ഏകദേശം രണ്ട്‌ ആഴ്‌ച മുന്‍പ്‌ അവര്‍ വീണ്ടും ക്വാറന്റൈനില്‍ പ്രവേശിക്കും. മാര്‍ച്ചില്‍ ആര്‍ട്ടെമിസ്‌ 2 വിക്ഷേപിക്കാന്‍ സാധിച്ചില്ലെങ്കില്‍, ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 6 വരെയുള്ള അവസാന അവസരം നാസ ലക്ഷ്യമിടും. 50 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ അപ്പോളോ കാലഘട്ടത്തിനുശേഷം നാസയുടെ ആദ്യത്തെ മനുഷ്യനെ ചന്ദ്രനിലേക്ക്‌ അയക്കുന്ന ദൗത്യമാണ്‌ ആര്‍ട്ടെമിസ്‌ 2, എന്നാല്‍ ഇതില്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. ബഹിരാകാശ പേടകം നാല്‌ ദിവസത്തോളം സഞ്ചരിച്ച്‌ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും.

Ads by Google
Thursday 05 Feb 2026 11.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW