Wednesday, March 11, 2026 Last Updated 33 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.26 PM

കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം: മേഘാലയയില്‍ 18 മരണം

ഷില്ലോങ്‌: അനധികൃത കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ മേഘാലയയില്‍ 18 തൊഴിലാളികള്‍ക്കു ദാരുണാന്ത്യം. പൊട്ടിത്തെറിയിലും തീപിടിത്തത്തിലും ഏതാനും തൊഴിലാളികള്‍ ഉള്ളില്‍ക്കുടുങ്ങിയതായി സംശയം.
മേഘാലയയിലെ ഈസ്‌റ്റ്‌ ജയന്തിയാ ഹില്‍സ്‌ ജില്ലയിലെ ഗ്രാമത്തിലെ അനധികൃത കല്‍ക്കരി ഖനിയില്‍ ഇന്നലെയാണു സ്‌ഫോടനമുണ്ടായത്‌. വിവരം അറിഞ്ഞെത്തിയ പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന്‌ ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
പിന്നീട്‌ സംസ്‌ഥാന ദുരന്ത നിവാരണ സേന (എസ്‌.ഡി.ആര്‍.എഫ്‌.) യുടെ സഹായം തേടി. സംഭവസ്‌ഥലത്തുനിന്ന്‌ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ്‌ അറിയിച്ചു. കൂടുതല്‍ ആളുകള്‍ ഖനിക്കുള്ളില്‍ കുടുങ്ങിയതായി സംശയിക്കുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണ്‌. സ്‌ഫോടന കാരണം കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും പോലീസ്‌ പറഞ്ഞു.
പരിസ്‌ഥിതി നാശവും അപകടസാധ്യതകളും ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രിബ്യൂണല്‍ 2014 ല്‍ 'മൂഷികദ്വാര' കല്‍ക്കരി ഖനനം മേഘാലയയില്‍ നിരോധിച്ചിരുന്നു. ഇതുമറികടന്ന്‌ പ്രവര്‍ത്തിച്ചിരുന്ന ഖനിയിലാണ്‌ അപകടമുണ്ടായതെന്നു പോലീസ്‌ പറയുന്നു. സംഭവത്തില്‍ മരണമടഞ്ഞവരുടെ ഉറ്റവര്‍ക്ക്‌ രണ്ടുലക്ഷം രൂപ പ്രധാനമന്ത്രി മോദി സഹായധനം പ്രഖ്യാപിച്ചു.

Ads by Google
Thursday 05 Feb 2026 11.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW