Wednesday, March 11, 2026 Last Updated 46 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.26 PM

സൗദി അറേബ്യയില്‍ ധനികരായ വിദേശികള്‍ക്ക്‌ മദ്യം വാങ്ങാന്‍ അനുമതി

റിയാദ്‌: സൗദി അറേബ്യ ധനികരായ വിദേശ താമസക്കാര്‍ക്ക്‌ മദ്യം വാങ്ങാന്‍ അനുമതി നല്‍കിത്തുടങ്ങി. ഈ ഇളവ്‌ ഉടന്‍ തന്നെ വിനോദ സഞ്ചാരികളിലേക്കും വ്യാപിപ്പിക്കും. 73 വര്‍ഷത്തെ വിലക്കാണു പിന്‍വലിക്കുന്നത്‌. വര്‍ഷങ്ങളായി, റിയാദിലെ ഡിപ്ലോമാറ്റിക്‌ ക്വാര്‍ട്ടര്‍ തലസ്‌ഥാന നഗരത്തിന്റെ മറ്റ്‌ ഭാഗങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായിരുന്നു. അവിടം എംബസികളുടെയും സമ്പന്നരുടെയും കേന്ദ്രമായിരുന്നു. അവിടെയാണു ചെറിയ മദ്യശാല ഉയര്‍ന്നത്‌. ധനികരായ, അമുസ്ലീം വിദേശികള്‍ക്ക്‌ മദ്യം നിയന്ത്രിതമായി അവിടെ ലഭിക്കും.
ഇസ്ലാമിന്റെ വിശുദ്ധ കേന്ദ്രങ്ങള്‍ക്ക്‌ ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യ, 1952ലാണു മദ്യത്തിന്റെ വില്‍പ്പന നിരോധിച്ചത്‌. സമീപ വര്‍ഷങ്ങളില്‍ രാജ്യം വലിയ സാമൂഹിക, സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കു വിധേയമായിരുന്നു. കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്റെ നേതൃത്വം രാജ്യത്ത്‌ സിനിമശാലകള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കി. വലിയ സംഗീതോത്സവങ്ങളും പിന്നാലെ നടന്നു. സ്‌ത്രീകള്‍ക്ക്‌ വാഹനം ഓടിക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കി. മത പോലീസിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തി.
റിയാദില്‍ 2024 ജനുവരിയിലാണ്‌ മദ്യശാല ആദ്യം തുറന്നത്‌, എന്നാല്‍ തുടക്കത്തില്‍ അമുസ്ലീം നയതന്ത്ര ഉദ്യോഗസ്‌ഥര്‍ക്ക്‌ മാത്രമായിരുന്നു പ്രവേശനം. 2025ന്റെ അവസാനത്തില്‍ ഔദ്യോഗിക പ്രഖ്യാപനമില്ലാതെ അവതരിപ്പിച്ച പുതിയ നിയമങ്ങള്‍ക്ക്‌ കീഴില്‍, ധനികരായ, അമുസ്ലീം വിദേശ താമസക്കാര്‍ക്ക്‌ ഇപ്പോള്‍ ബിയര്‍, വൈന്‍, സ്‌പിരിറ്റ്‌ എന്നിവ വാങ്ങാന്‍ അവിടെ പോകാം.
യോഗ്യത നേടുന്നതിന്‌, ഒരു പ്രവാസിക്ക്‌ പ്രതിവര്‍ഷം 100,000 സൗദി റിയാല്‍ (ഏകദേശം 25 ലക്ഷം രൂപ) നല്‍കി പ്രീമിയം റെസിഡന്‍സി പെര്‍മിറ്റ്‌ ഉണ്ടായിരിക്കണം, അല്ലെങ്കില്‍ പ്രതിമാസം കുറഞ്ഞത്‌ 50,000 റിയാല്‍ വരുമാനം ഉണ്ടെന്നു തെളിയിക്കണം.
പ്രീമിയം റെസിഡന്‍സി പദ്ധതിക്ക്‌ വ്യത്യസ്‌ത യോഗ്യതാ മാനദണ്ഡങ്ങളുണ്ട്‌, സാധാരണയായി ഇത്‌ മുതിര്‍ന്ന വിദേശ എക്‌സിക്യൂട്ടീവുകള്‍ക്കും നിക്ഷേപകര്‍ക്കും പ്രത്യേക വൈദഗ്‌ധ്യമുള്ള പ്രഫഷണലുകള്‍ക്കും ലഭ്യമാണ്‌.
പെര്‍മിറ്റ്‌ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും, അവരുടെ മതവും താമസസ്‌ഥിതിയും രേഖപ്പെടുത്തിയിട്ടുള്ള റെസിഡന്‍സ്‌ ഐഡി കാര്‍ഡ്‌ ഗാര്‍ഡുമാരെ കാണിക്കേണ്ടതുണ്ട്‌. പെര്‍മിറ്റ്‌ ഇല്ലാത്തവര്‍ക്ക്‌ ഒരു കമ്പനി നല്‍കുന്ന ശമ്പള സര്‍ട്ടിഫിക്കറ്റോ കത്തോ കാണിക്കേണ്ടതുണ്ട്‌. വിദേശ ടൂറിസ്‌റ്റുകള്‍ക്ക്‌ ഈ കടയില്‍ പ്രവേശിക്കാന്‍ അനുവാദമില്ല.
കടയില്‍ കയറാന്‍ ചിലപ്പോള്‍ ഒരു മണിക്കൂര്‍ വരെ ക്യൂ നില്‍ക്കണം. എന്നാല്‍, അകത്ത്‌ കടന്നുകഴിഞ്ഞാല്‍ നടപടിക്രമങ്ങള്‍ ലളിതമാണെന്ന്‌ ആളുകള്‍ പറയുന്നു. പാശ്‌ചാത്യ വിപണികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില 'രണ്ടോ മൂന്നോ മടങ്ങ്‌' കൂടുതലാണെന്നു സന്ദര്‍ശകര്‍ പറയുന്നു. എങ്കിലും സൗദി അറേബ്യയിലെ കരിഞ്ചന്തയില്‍ ലഭിക്കുന്ന മദ്യത്തെക്കാള്‍ വില കുറവാണ്‌.
ഒരു ജോണി വാക്കര്‍ ബ്ലാക്ക്‌ ലേബല്‍ വിസ്‌കിക്ക്‌ 124 ഡോളര്‍ (ഏകദേശം 11,200 രൂപ) ആണ്‌ വിലയെന്ന്‌ ഒരു ബ്രിട്ടീഷ്‌ കമ്പനി എക്‌സിക്യൂട്ടീവ്‌ അറിയിച്ചു. മദ്യത്തിന്റെ അളവ്‌ നിയന്ത്രിക്കുന്നത്‌ ഒരു സങ്കീര്‍ണമായ പോയിന്റ്‌ അടിസ്‌ഥാനമാക്കിയുള്ള പ്രതിമാസ ക്വാട്ട സമ്പ്രദായത്തിലൂടെയാണെന്ന്‌ ഉപഭോക്‌താക്കള്‍ പറയുന്നു. ഓരോ വ്യക്‌തിക്കും ഓരോ മാസവും ഡസന്‍ കണക്കിന്‌ ലിറ്റര്‍ സ്‌പിരിറ്റ്‌ വാങ്ങാന്‍ ഇത്‌ അനുവദിക്കുന്നു. നയതന്ത്ര ഉദ്യോഗസ്‌ഥര്‍ക്ക്‌ അവരുടെ വാങ്ങലുകളില്‍ ഡിസ്‌കൗണ്ട്‌ ലഭിക്കും. സര്‍ക്കാര്‍ ഔദ്യോഗികമായി യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല. മാറ്റങ്ങളെക്കുറിച്ച്‌ പല വാങ്ങലുകാരും അറിഞ്ഞത്‌ മറ്റുള്ളവരില്‍നിന്നാണ്‌. ഈ കടയുടെ പേര്‍ ഓണ്‍ലൈന്‍ മാപ്പുകളില്‍ പോലും കാണാനില്ല.

Ads by Google
Thursday 05 Feb 2026 11.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW