-->
ക്രെംലിന്‍: ഇന്ത്യയ്‌ക്ക് ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാന്‍ സ്വാതന്ത്ര്യമുണ്ടെന്നു റഷ്യ. അസംസ്‌കൃത എണ്ണ വിതരണരംഗം വൈവിധ്യവല്‍ക്കരിക്കാനുള്ള തീരുമാനത്തില്‍ പുതിയതായി ഒന്നുമില്ലെന്നും റഷ്യ. തങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങി റഷ്യയുമായുള്ള എണ്ണവ്യാപാരം ഇന്ത്യ നിര്‍ത്തിയെന്ന അമേരിക്കന്‍ അവകാശവാദത്തോടുള്ള പ്രതികരണത്തിലാണ് റഷ്യ നിലപാടു വ്യക്‌തമാക്കിയത്. ഇന്ത്യയ്‌ക്ക് എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും നല്‍കുന്ന ഒരേയൊരു വിതരണക്കാരന്‍ റഷ്യ മാത്രമല്ലെന്ന് ഞങ്ങള്‍ക്കും മറ്റ് എല്ലാ രാജ്യാന്തര ഊര്‍ജ വിദഗ്‌ധര്‍ക്കും നന്നായി അറിയാം. ഇന്ത്യ എല്ലായ്‌പ്പോഴും മറ്റു രാജ്യങ്ങളില്‍നിന്ന് ഈ ഉത്‌പന്നങ്ങള്‍ വാങ്ങിയിട്ടുണ്ട്. അതിനാല്‍, ഇവിടെ പുതിയതായി ഒന്നും കാണുന്നില്ലെന്ന് ക്രെംലിന്‍ വക്‌താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ഷ്യന്‍ എണ്ണ വാങ്ങല്‍ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ഇന്ത്യയില്‍നിന്ന് ഒരു അറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം റഞ്ഞു.
ഹൈഡ്രോകാര്‍ബണ്‍ വ്യാപാരം ഇന്ത്യയ്‌ക്കും റഷ്യയ്‌ക്കും ഗുണകരമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ് മരിയ സഖറോവ പറഞ്ഞു. റഷ്യന്‍ ഹൈഡ്രോകാര്‍ബണുകള്‍ ഇന്ത്യ വാങ്ങുന്നത് ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാണെന്നും രാജ്യാന്തര ഊര്‍ജ വിപണിയില്‍ സ്‌ഥിരത നിലനിര്‍ത്താന്‍ സഹായിക്കുമെന്നും ബോധ്യമുണ്ട്. ഇന്ത്യയിലെ ഞങ്ങളുടെ പങ്കാളികളുമായി ഈ മേഖലയില്‍ അടുത്ത സഹകരണം തുടരാന്‍ തയാറാണെന്നും അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രസിഡന്റ് ട്രംപില്‍നിന്ന് വ്യത്യസ്‌തമായി, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി മോദി ഒരു കരാറും പരാമര്‍ശിച്ചിട്ടില്ലെന്ന് ൈപ്രവറ്റ് കൊമ്മേഴ്‌സന്റ് എഫ്.എം. ബിസിനസ് റേഡിയോ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ റിഫൈനര്‍മാര്‍ക്ക് റഷ്യന്‍ ക്രൂഡിന്റെ ഇറക്കുമതി പൂര്‍ണമായും നിര്‍ത്താന്‍ കഴിയില്ലെന്ന് ദേശീയ ഊര്‍ജ സുരക്ഷാ ഫണ്ടിലെ വിദഗ്‌ദ്ധനായ ഇഗോര്‍ യുഷ്‌കോവ് പറഞ്ഞു. സാധാരണയായി റഷ്യ പ്രതിദിനം 1.5 ദശലക്ഷം മുതല്‍ രണ്ടു ദശലക്ഷം വീപ്പ അസംസ്‌കൃത എണ്ണയാണ് കയറ്റുമതി ചെയ്യുന്നത്. അമേരിക്കയ്‌ക്ക് ആ അളവ് നികത്താന്‍ കഴിയില്ല. അതിനാല്‍, ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ വിജയിച്ചെന്നും യു.എസിന് ഇന്ത്യ വഴങ്ങിയെന്നും ധ്വനിപ്പിക്കാനാണ് ട്രംപിന്റെ ശ്രമമെന്നും യുഷ്‌കോവ് പറഞ്ഞു.