Wednesday, March 11, 2026 Last Updated 37 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.26 PM

അണുബാധ തടയാന്‍ പുതിന എണ്ണ ഉപയോഗിക്കാമെന്ന്‌ ഗവേഷകര്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ പുതിന എണ്ണ ഉപയോഗിച്ച്‌ ഉയര്‍ന്ന നിലവാരമുള്ള കോട്ടിങ്‌ വികസിപ്പിച്ചു. ഇതു മെഡിക്കല്‍ ഉപകരണങ്ങളുടെ ഉപരിതലത്തില്‍ പ്രയോഗിക്കാന്‍ കഴിയും. ഇത്‌ രോഗികള്‍ക്ക്‌ അണുബാധയും വീക്കവും ഉണ്ടാകുന്നതില്‍നിന്ന്‌ സംരക്ഷിക്കുന്നതിനുള്ള സുരക്ഷിതമായ മാര്‍ഗമാണെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ മാത്യു ഫ്‌ലിന്‍ഡേഴ്‌സ്‌, പ്രഫ. ക്രാസിമിര്‍ വാസിലേവ്‌ എന്നിവര്‍ വ്യക്‌തമാക്കി.
പുതിന ഇലകള്‍ കഴിക്കുന്നത്‌ തൊണ്ടവേദനയില്‍നിന്ന്‌ കാര്യമായ ആശ്വാസം നല്‍കുന്നതായി കണ്ടതിനു ശേഷമാണ്‌ ഈ ആശയം ഉടലെടുത്തതെന്നു ക്രാസിമിര്‍ വാസിലേവ്‌ അറിയിച്ചു. പ്ലാസ്‌മ ടെക്‌നോളജി ഉപയോഗിച്ചു ഗവേഷകര്‍ അണുബാധ, വീക്കം എന്നിവയ്‌ക്കെതിരേ സംരക്ഷണം നല്‍കുന്ന നാനോസ്‌കെയില്‍ പുതിന ഓയില്‍ കോട്ടിങ്‌ സൃഷ്‌ടിച്ചു. ഇത്‌ മനുഷ്യ പേശികള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും അനുയോജ്യവുമാണ്‌.
സംഘം പുതിന എണ്ണയെ വളരെ നേര്‍ത്ത ഫിലിമാക്കി മാറ്റി, ഇത്‌ എല്ലാത്തരം മെഡിക്കല്‍ മെറ്റീരിയലുകളുടെയും ഉപരിതലത്തില്‍ ശക്‌തമായി പറ്റിപ്പിടിക്കുന്നു. 'ഈ പ്രക്രിയയ്‌ക്ക്‌ ചൂടോ ദോഷകരമായ രാസവസ്‌തുക്കളോ ആവശ്യമില്ല.'- പ്രഫ. വാസിലേവ്‌ പറഞ്ഞു. ആദ്യം, അണുബാധയ്‌ക്കും രോഗികളുടെ അസ്വസ്‌ഥതകള്‍ക്കും കാരണമാകുന്ന മൂത്രനാളിയിലെ കാത്തീറ്ററുകളില്‍ ഗവേഷകര്‍ കോട്ടിങ്‌ പരീക്ഷിച്ചു.
അതു വിജയമായിരുന്നു. 'കാത്തീറ്ററുമായി ബന്ധമുള്ള മൂത്രനാളി അണുബാധകള്‍ ആശുപത്രിയില്‍ സാധാരണയായി കണ്ടുവരുന്ന അണുബാധകളില്‍ ഒന്നാണ്‌, ഇത്‌ രോഗികളുടെ അസ്വസ്‌ഥതകള്‍, ആശുപത്രിവാസത്തിന്റെ ദൈര്‍ഘ്യം, ഉയര്‍ന്ന ചികിത്സാ ചെലവുകള്‍, മരണനിരക്ക്‌ എന്നിവയ്‌ക്ക്‌ കാരണാകും'- ഗവേഷകര്‍ പറഞ്ഞു. ആ പ്രശ്‌നത്തിനാണു പരിഹാരം കണ്ടത്‌. പുതിന എണ്ണ പ്രധാന രോഗാണുക്കള്‍ക്കെതിരേ ശക്‌തമായ ആന്റിബാക്‌ടീരിയല്‍ പ്രവര്‍ത്തനം പ്രകടിപ്പിച്ചു, ഇത്‌ മരുന്നുകള്‍ സ്‌പര്‍ശിക്കുമ്പോള്‍ തന്നെ ബാക്‌ടീരിയകളെ നശിപ്പിക്കുന്നു.'
പുതിന അടിസ്‌ഥാനമാക്കിയുള്ള ഫിലിം മനുഷ്യ പേശികളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സുരക്ഷിതമാണെന്ന്‌ ഗവേഷകര്‍ പറഞ്ഞു.

Ads by Google
Thursday 05 Feb 2026 11.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW