-->
ദോഹ: ഖത്തറിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മലേഷ്യയിലെ മുൻനിര സർവ്വകലാശാലകളെയും പഠന സൗകര്യങ്ങളെയും അടുത്തറിയാൻ
ഖത്തറിലെ മലേഷ്യൻ എംബസിയുടെ സഹകരണത്തോടെ റക്‌സ്‌പോ സെന്റർ (Rexpo Centre) സംഘടിപ്പിക്കുന്ന 'യെസ് ടു മലേഷ്യാ' (Yes2Malaysia) വിദ്യാഭ്യാസ പ്രദർശനം ഫെബ്രുവരി 6, 7 (വെള്ളി, ശനി) തിയ്യതികളിൽ ദോഹ സിറ്റി സെന്റർ റൊട്ടാന ഹോട്ടലിൽ നടക്കുമെന്ന് മാനേജ് മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മലേഷ്യയിലെ 23 പ്രമുഖ സർവ്വകലാശാലകളെ അടുത്തറിയാൻ അവസരമൊരുക്കുന്ന പ്രദർശനത്തിൽ എഞ്ചിനീയറിംഗ്, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, ഐടി, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിലെ ഉന്നതപഠന സാധ്യതകളെക്കുറിച്ച് സർവ്വകലാശാല പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാനും പ്രവേശന നടപടികൾക്കും സൗകര്യമൊരുക്കും. വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെയാണ് പ്രദർശന സമയം.
യു.കെ, യു.എസ് സർവ്വകലാശാലകളിലെ മെഡിക്കൽ അഭിമുഖങ്ങൾക്ക് തയ്യാറെടുക്കുന്നവർക്കായി സൗജന്യ വർക്ക്‌ഷോപ്പും സർട്ടിഫിക്കറ്റുംനൽകും.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രത്യേക സ്‌കോളർഷിപ്പുകളും, വിസ നടപടികളിലും അപേക്ഷാ ഫീസിലും ഇളവുകളും നൽകും.ചില യൂണിവേഴ്‌സിറ്റികളിലെ
കോഴ്‌സുകളിൽ പ്രവേശനം നേടുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റുകൾ ലഭ്യമാക്കും. പ്രദർശനത്തിൽ വെച്ച് ഡിഗ്രി കോഴ്‌സുകൾക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഐഫോൺ 17 പ്രോ (iPhone 17 Pro) സ്വന്തമാക്കാനും അവസരമുണ്ട്. ഇന്ത്യൻ കോഫി ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇവന്റ് മാനേജർ സർഫാൻ ബിൻ ദുൽകിഫല, മലേഷ്യാ ഗ്ലോബൽ അസിസ്റ്റ് ഡയറക്ടർ സ്റ്റീവ് സന്തോഷ് സമീർ, റക്‌സ്‌പോ ഖത്തർ മാനേജർ സീഷാൻ എന്നിവർ വിശദാംശങ്ങൾ പങ്കുവെച്ചു. മലേഷ്യയിലെ കുറഞ്ഞ ജീവിതച്ചെലവും അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസവും പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും ഈ പ്രദർശനം വലിയ അവസരമാണ് തുറന്നുനൽകുന്നത്.
ഷഫീക്ക് അറക്കൽ