-->
ജിദ്ദയിലെ സ്ത്രീ ശാക്തീകരണത്തിന്റെ പര്യായമായി മാറിയ ജിദ്ദ സിജി വിമൻ കലറ്റീവ് സംഘടിപ്പിച്ച ത്രിഫ്റ്റ് ഇവന്റ് പരിസ്ഥിതി സൗഹൃദ വാണിജ്യ സംസ്കാരത്തെ പരിചയപ്പെടുത്തിക്കൊണ്ട് ജിദ്ദ സമൂഹത്തിനു മുന്നിൽ ഒരു പുതു മാതൃക മുന്നോട്ടുവച്ചിരിക്കുന്നു. 30/1/26 വെള്ളിയാഴ്ച ജിദ്ദ അൽവുറൂദ് ഇന്റർനാഷണൽ സ്കൂൾ കോമ്പൗണ്ടിൽ വെച്ച് നടത്തപ്പെട്ട ത്രിഫ്റ്റ് ഇവന്റ് പ്ലാസ്റ്റിക് മുക്തമായെങ്ങനെ മിതമായ തലത്തിൽ മൂല്യവത്തായ ഉപഭോക്തൃ സംസ്കാരം വളർത്തിയെടുക്കാമെന്നതിന് മികച്ച ഉദാഹരണമായിരുന്നു.
ജിദ്ദ സിജി വിമൻ കലക്ടീവിന് കീഴിലുള്ള ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പാണ് ത്രിഫ്റ്റ് ഇവന്റ് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകിയിരുന്നത്. ഭാവി തലമുറയ്ക്ക് വേണ്ടി സുസ്ഥിരമായ ആവാസവ്യവസ്ഥയെ നിലനിർത്തുക എന്നത് തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കുകയും പാഴ് വസ്തുക്കൾ പ്രകൃതിയിലേക്ക് വലിച്ചെറിയാതെ അതിൽ നിന്ന് പുനരുപയോഗ സാദ്ധ്യത കണ്ടെത്തി അതിനൊരു വിപണന മേഖല കൂടെ കണ്ടെത്തി കൊടുക്കുക എന്നതാണ് ത്രിഫ്റ്റ് ഇവന്റിലൂടെ ജെ.സി.ഡബ്ലിയു.സി ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് മുന്നോട്ട് വെച്ച ആശയം. ഇതിലൂടെ ഒത്തിരി സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകാനും അവരുടെ ബിസിനസ് സ്വപ്നങ്ങൾക്ക് കരുത്ത് പകരാനും ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പിന് സാധിച്ചു. വളർന്നുവരുന്ന കുട്ടികൾക്ക് പരസ്പര കൈമാറ്റത്തിലൂടെയുള്ള വാണിജ്യ സംസ്കാരം എങ്ങനെ നമ്മുടെ സാമൂഹിക വളർച്ചക്ക് ശക്തി പകരുമെന്നതിനും ത്രിഫ്റ്റ് ഇവന്റ് മൂല്യവത്തായ മാതൃകകൾ പങ്കുവെച്ചിരുന്നു. ഒരിക്കൽ ഉപയോഗിച്ചവ വലിച്ചെറിയപ്പെടേണ്ടതല്ലെന്നും അതിൽ പുനരുപയോഗ സാധ്യതയും വിപണന സാധ്യതയും കണ്ടെത്താൻ സാധിക്കുമെന്നും ജെ.സി ഡബ്ലിയു.സി ത്രിഫ്റ്റ് ഇവന്റ് ബോധ്യപ്പെടുത്തിയിരുന്നു.
പൂർണ്ണമായും സ്ത്രീകളുടെ നേതൃത്വത്തിൽ ജിദ്ദയിലെ വിവിധ കൂട്ടായ്മകളിൽ നിന്നായി പന്ത്രണ്ടോളം സ്റ്റാളുകൾ ത്രിഫ്റ്റ് ഇവന്റിൽ ഉണ്ടായിരുന്നു. തങ്ങളുടെ മികച്ച ക്രാഫ്റ്റ് വർക്കുകളും പുനരുപയോഗ സാധ്യതയുള്ള വസ്തുക്കളുമായി കുട്ടികളും ജെ.സി ഡബ്ലിയു.സി ത്രിഫ്റ്റ് ഇവന്റ് സ്റ്റാളുകളുടെ പങ്കാളികളായിരുന്നു.
ജിദ്ദയുടെ നാനാ തുറകളിൽപ്പെട്ട അഞ്ഞൂറിലധികം ആളുകൾ ത്രിഫ്റ്റ് ഇവന്റിൽ സന്ദർശനം നടത്തിയിരുന്നു. ജെ.സി. ഡബ്ലിയു.സി ട്രഷറർ മാജിത കുഞ്ഞിയും നബീല അബൂബക്കറും ചേർന്ന് നിത്യോപയോഗ സാധനങ്ങളെ പ്രകൃതിക്കിണങ്ങും വിധത്തിൽ പുനർ സൃഷ്ടിക്കുമെന്നതെങ്ങനെയെന്ന് പരിചയപ്പെടുത്തിയ ഒരു വർക് ഷോപ്പ് ഇവന്റിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പ്രകൃതി സൗഹൃദ ജീവിതശൈലിയുടെ സന്ദേശം പങ്കുവെച്ചു കൊണ്ട് സജ്ന ആസിഫിന്റെ നേതൃത്വത്തിൽ ഒരു ഫാബ്രിക് പെയിന്റിംഗ് വർക്ക്ഷോപ്പും ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു.
സൗദി ജേർണലിസ്റ്റും നോവലിസ്റ്റും മീഡിയ പേഴ്സണും കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി നിരന്തരം ഇടപെടുകയും ചെയ്യുന്ന സൗദി ബിസിനസ് വുമൺ ഡോ.സമീറ അസീസ് ഉദ്ഘാടനത്തിൽ സംബന്ധിക്കുകയും സ്റ്റാളുകൾ സന്ദർശിച്ച് സ്ത്രീ സംരംഭകർക്ക് അഭിനന്ദനങ്ങളും പ്രോത്സാഹനവും നൽകുകയും ജെ.സി ഡബ്ലിയു.സി മുന്നോട്ട് വെക്കുന്ന സ്തുത്യർഹമായ പ്രവർത്തനങ്ങൾ സൗദിയുടെ വിഷൻ 2030 ന്റെ സ്വപ്ന പദ്ധതികളോട് ചേർന്നു നിൽക്കുന്നതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഡോ.സമീറ അസീസിനൊപ്പം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഹെഡ്മിസ്ട്രസ് സാദിഖ തരന്നും, വുറൂദ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽമാരായ സുനിൽകുമാർ(ബോയ്സ് സെക്ഷൻ) ഭുവനേശ്വരി സുബ്രഹ്മണ്യം(ഗേൾസ് സെക്ഷൻ), വുറൂദ് ഇന്റർനാഷണൽ സ്കൂൾ എജുക്കേഷനൽ കോഡിനേറ്റർ സ്മിത സുനിൽകുമാർ, ജിദ്ദ സിജി ചെയർമാൻ മുഹമ്മദ് കുഞ്ഞി എന്നീ പ്രമുഖ വ്യക്തികൾ ത്രിഫ്റ്റ് ഇവന്റിന്റെ ഉദ്ഘാടന വേളയിൽ സംബന്ധിച്ചിരുന്നു.
വെറും ഒന്നരമാസത്തെ ശ്രമഫലമായാണ് ജെ. സി ഡബ്ലിയു.സി ഇത്ര മനോഹരമായൊരു ത്രിഫ്റ്റ് ഇവന്റ് പൂർത്തിയാക്കിയത് എന്നത് ഏറെ പ്രശംസനീയമാണ്. സമ്പൂർണ്ണമായ മാലിന്യ സംസ്കരണത്തിനും അർഹരായവർക്കുള്ള പങ്കുവെക്കലിനും പ്രാധാന്യം കൊടുത്തുകൊണ്ട് ത്രിഫ്റ്റ് ഇവന്റിനു ശേഷം ബാക്കിയായ മുഴുവൻ വാണിജ്യ വസ്തുക്കളും ചാരിറ്റിക്ക് കൈമാറിക്കൊണ്ട് പൊതു സമൂഹത്തിനുമുന്നിൽ ജെ.സി.ഡബ്ലിയു.സി ത്രിഫ്റ്റ് ഇവന്റ് നന്മയുടെ സന്ദേശം കൂടെ ഉയർത്തിപ്പിടിച്ചിരുന്നു. ജെ.സി.ഡബ്ല്യു.സി ചെയർപേഴ്സൺ റഫ്സീന അഷ്ഫാഖ്, ത്രിഫ്റ്റ് ഇവന്റ് പ്രോഗ്രാം കൺവീനർ ഡോ.നിഖിത മുഹമ്മദ് ,ബിസിനസ് ഇനീഷ്യെറ്റീവ് ഗ്രൂപ്പ് ഹെഡ് ഷൈമിൻ നജീബ്,ബിഗ് കോഡിനേറ്റർസ് നുഫി ലത്തീഫ്,ബാസിമ,എന്നിവരായിരുന്നു ത്രിഫ്റ്റ് ഇവന്റിന് നേതൃത്വം നൽകിയിരുന്നത്. ത്രിഫ്റ്റ് ഇവന്റ് വേദി ഡിസൈനിങ്ങും ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നത് ഇബ്സിത,സുറുമി, ഹനാൻ, സബ്രീന ,ഷെറിന ,സജ്ന എന്നിവർ ചേർന്നായിരുന്നു. ത്രിഫ്റ്റ് ഇവന്റിന്റെ പ്രോഗ്രാം അവതാരക ഡോ. റഷ നസ്സീഹ് ആയിരുന്നു . ജെ.സിഡബ്ലിയു.സി ഉപദേശക സമിതി അംഗങ്ങളായ അനീസ ബൈജു,റൂബി സമീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ത്രിഫ്റ്റ് ഇവന്റിന്റെ വളന്റിയറിങ് ഡ്യൂട്ടി ഏകോപിപ്പിച്ചിരുന്നത്. ത്രിഫ്റ്റ് ഇവന്റിന്റെ ചാരിറ്റി കോർഡിനേഷൻ ആയിശ റാൻസി ഏറ്റെടുത്തു. മുന കാസിം ടെക്നിക്കൽ സപ്പോർട്ടും ജൂബി മീഡിയ സപ്പോർട്ടും കൈകാര്യം ചെയ്തു.