-->
ഇസ്ലാമാബാദ്: ബലൂചിസ്‌ഥാന്‍ പ്രവിശ്യയില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്ന വിമതര്‍ക്ക് പാകിസ്‌താന്‍ സൈന്യത്തിനു പോലും ഇല്ലാത്ത രാത്രികാഴ്‌ചാ ഉപകരണങ്ങളും റൈഫിളുകളടക്കമുള്ള അമേരിക്കന്‍ ആയുധങ്ങളുമുണ്ടെന്ന് പാകിസ്‌താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. വിഘടനവാദികളായ വിമതരുടെ നേതൃത്വം അഫ്‌ഗാനിസ്‌ഥാനിലാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് അവിടെനിന്നു പിന്തുണ കിട്ടുന്നുണ്ടെന്നും പാകിസ്‌താന്‍ പ്രതിരോധമന്ത്രി ആരോപിച്ചു.
പാകിസ്‌താന്‍ സുരക്ഷാസേന വിമത പോരാളികള്‍ക്കു മുന്നില്‍ വലയുകയാണെന്ന് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യവെ ആസിഫ് പറഞ്ഞു. ബലൂചിസ്‌ഥാന്‍ പ്രവിശ്യയുടെ വലിപ്പവും അവര്‍ ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യയുമാണ് കാരണമെന്നും ആസിഫ് ചൂണ്ടിക്കാട്ടി.
അവര്‍ക്ക് 20 ലക്ഷത്തിന്റെ റൈഫിളുകളുണ്ട്. സൈന്യത്തിന് ഇല്ല. 4,000-5,000 ഡോളര്‍ വിലവരുന്ന തെര്‍മല്‍ വെപ്പണ്‍ സൈറ്റുകളും അവര്‍ക്കുണ്ട്. അവരുടെ കൈവശമുള്ള ആകെ സൈനിക ഉപകരണങ്ങള്‍ 20,000 ഡോളറിനടുത്താണ്. അത് എവിടെനിന്ന് വരുന്നു? ആരാണ് പണം നല്‍കുന്നത്-ആസിഫ് ചോദിച്ചു.
വിമതരുടെ പക്കലുണ്ടായിരുന്ന റൈഫിളുകളും നൈറ്റ് വിഷന്‍ ഉപകരണങ്ങളും അമേരിക്കന്‍ നിര്‍മിതമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബലൂച് ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) നയിക്കുന്ന ബലൂച് വിമതര്‍ പ്രധാനമായും പാകിസ്‌താനി പഞ്ചാബികളെയാണ് ലക്ഷ്യംവയ്‌ക്കുന്നത്. കള്ളക്കടത്തുകാരുടെ സൈനിക വിഭാഗമാണ് ബി.എല്‍.എ. അവര്‍ ലോകത്തിലെ എല്ലാ കുഴപ്പങ്ങളിലും (ഫസാദ്-ഉല്‍-അര്‍ദ്) ഏര്‍പ്പെട്ടിരിക്കുന്നു.
അങ്ങനെയുള്ളവരുമായി ചര്‍ച്ച നടത്താന്‍ കഴിയില്ലെന്നും പാക് പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി.
വാരാന്ത്യത്തില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ആരംഭിച്ചശേഷം ബലൂചിസ്‌ഥാന്‍ പ്രവിശ്യയില്‍ പാക് സുരക്ഷാസേന ഏകദേശം 200 വിഘടനവാദി കലാപകാരികളെ കൊലപ്പെടുത്തിയതായി സുരക്ഷാ ഉദ്യോഗസ്‌ഥന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.
സര്‍ക്കാര്‍ സേനയും വിമതരും തമ്മില്‍ പോരാട്ടം തുടരുകയാണ്. ബാങ്കുകള്‍, ജയിലുകള്‍, പോലീസ് സ്‌റ്റേഷനുകള്‍, സൈനിക സ്‌ഥാപനങ്ങള്‍ എന്നിവ തോക്കുധാരികള്‍ ആക്രമിച്ചു. ചില ജില്ലകളില്‍ ഇപ്പോഴും ഇടയ്‌ക്കിടെ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ട്.