Wednesday, March 11, 2026 Last Updated 32 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.31 PM

ഗാസിയാബാദില്‍ മൂന്നു സഹോദരിമാര്‍ കെട്ടിടത്തില്‍നിന്നു ചാടി മരിച്ചു

ഗാസിയാബാദ്‌: കൊറിയന്‍ മൊബൈല്‍ ഗെയിമുകളോടുള്ള അമിതാസക്‌തി മൂലം ഗാസിയാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു സഹോദരിമാര്‍ കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കി.
ഭാരത്‌ സിറ്റിയിലെ ചേതന്‍കുമാര്‍ എന്നയാളുടെ മക്കളായ പാഖി(12), പ്രാചി(14), വിഷിക(16) എന്നിവരാണ്‌ ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ഒമ്പതാം നിലയിലെ ബാല്‍ക്കണിയില്‍നിന്നു ചാടി ജീവനൊടുക്കിയത്‌.
പിതാവിന്‌ ഇവരെഴുതിയ എട്ടുപേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ബാല്‍ക്കണിക്കു പുറത്തെ മുറിയില്‍ 'ക്ഷമിക്കണം പപ്പാ' എന്ന കുറിപ്പ്‌ എഴുതിവച്ചശേഷമായിരുന്നു കുട്ടികള്‍ കെട്ടിടത്തില്‍നിന്നു ചാടിയത്‌.
ഗെയിം കളിക്കുന്നതു വിലക്കിയ പിതാവ്‌ മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടുപോയതാണ്‌ കുട്ടികളെ ആത്മഹത്യയ്‌ക്കു പ്രേരിപ്പിച്ചതെന്നാണു പ്രാഥമിക നിഗമനം. രാത്രി ബാല്‍ക്കണിയിലെത്തി വാതില്‍ പുറത്തുനിന്നു പൂട്ടിയശേഷമാണു കെട്ടിടത്തില്‍നിന്നു ചാടിയത്‌. ശബ്‌ദംകേട്ട്‌ ഓടിയെത്തിയവരാണ്‌ മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌. വിവരമറിഞ്ഞ്‌ വീട്ടുകാര്‍ പൂട്ടുപൊളിച്ച്‌ ബാല്‍ക്കണിയിലെത്തിയെങ്കിലും വൈകിപ്പോയിരുന്നു.
കുട്ടികള്‍ മൂന്നുപേരും എപ്പോഴും ഒന്നിച്ചായിരുന്നു ജീവിതമെന്നു പോലീസ്‌ പറഞ്ഞു. പരീക്ഷകള്‍ക്കു പരാജയപ്പെട്ടതോടെ രണ്ടു കുട്ടികള്‍ രണ്ടു വര്‍ഷത്തോളമായി സ്‌കൂളില്‍ പോയിരുന്നില്ല.
കോവിഡ്‌ ലോക്ക്‌ഡൗണ്‍ കാലത്താണ്‌ ഇവര്‍ കൊറിയന്‍ മൊബൈല്‍ ഗെയിം കളിച്ചുതുടങ്ങിയത്‌. ഇതോടെ കൊറിയന്‍ സംസ്‌കാരത്തോട്‌ ആസക്‌തി വര്‍ധിച്ച കുട്ടികള്‍ കൊറിയന്‍ പേരുകള്‍ പോലും സ്വീകരിച്ചിരുന്നതായും കൊറിയയിലേക്കു പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും ഡെപ്യൂട്ടി പോലീസ്‌ കമ്മിഷണര്‍ നിമിഷ്‌ പട്ടേല്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ കൊറിയന്‍ സംസ്‌കാരത്തിന്റെ സ്വാധീനത്തിലായിരുന്നുവെന്ന്‌ വ്യക്‌തമാണ്‌. ആത്മഹത്യാക്കുറിപ്പില്‍ അവര്‍ അതിനെക്കുറിച്ച്‌ പരാമര്‍ശിച്ചിട്ടുണ്ട്‌. കുട്ടികള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയതാണ്‌ ആത്മഹത്യയ്‌ക്കു കാരണമെന്നാണു സൂചനയെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ ആത്മഹത്യാക്കുറിപ്പിലും അതില്‍ അവര്‍ പരാമര്‍ശിച്ചിരിക്കുന്ന ഒരു ഡയറിയും കേന്ദ്രീകരിച്ചാണ്‌ പോലീസിന്റെ അന്വേഷണം. 'ഈ ഡയറിയില്‍ എഴുതിയിരിക്കുന്നതെല്ലാം വായിക്കുക... കാരണം എല്ലാം സത്യമാണ്‌. എനിക്ക്‌ ശരിക്കും ഖേദമുണ്ട്‌. ക്ഷമിക്കണം പപ്പാ' എന്നാണു കുറിപ്പിലുള്ളത്‌. കൈകൊണ്ട്‌ വരച്ച 'കരയുന്ന ഇമോജി'യും കുറിപ്പിനൊപ്പം ഉണ്ടായിരുന്നു.
'പപ്പാ, ക്ഷമിക്കണം, കൊറിയ ഞങ്ങളുടെ ജീവിതമാണ്‌, കൊറിയയാണ്‌ ഞങ്ങളുടെ ഏറ്റവും വലിയ സ്‌നേഹം, നിങ്ങള്‍ എന്തു പറഞ്ഞാലും ഞങ്ങള്‍ക്ക്‌ അത്‌ ഉപേക്ഷിക്കാന്‍ കഴിയില്ല. അതിനാല്‍ ഞങ്ങള്‍ സ്വയം ജീവിതം അവസാനിപ്പിക്കുകയാണ്‌.
നിങ്ങള്‍ ഞങ്ങളെ കൊറിയക്കാരില്‍നിന്ന്‌ അകറ്റാന്‍ ശ്രമിച്ചു, പക്ഷേ ഞങ്ങള്‍ കൊറിയക്കാരെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന്‌ ഇപ്പോള്‍ നിങ്ങള്‍ക്കറിയാം'- എന്നും കുട്ടികള്‍ ഡയറിയില്‍ കുറിച്ചിട്ടുണ്ട്‌.

Ads by Google
Wednesday 04 Feb 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW