Saturday, March 14, 2026 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.31 PM

വാക്കില്‍ തീ, എസ്‌.ഐ.ആറിനെതിരെ വാദം; നാലര പതിറ്റാണ്ടിന് ശേഷം വക്കീലായി മമത സുപ്രീം കോടതിയില്‍, ചരിത്രം കുറിച്ച് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി

uploads/news/2026/02/823976/in1.jpg

ന്യൂഡല്‍ഹി: എസ്‌.ഐ.ആര്‍. കേസ്‌ സുപ്രീം കോടതിയില്‍ നേരിട്ട്‌ വാദിച്ച്‌ പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചരിത്രം കുറിച്ചു. സ്വതസിദ്ധമായ ശൈലിയില്‍ കോടതിയിലും കത്തിക്കയറിയ മമത, ബംഗാളിലെ സാധാരണക്കാര്‍ക്കുമേല്‍ മുമ്പില്ലാത്ത വിധം ബുദ്ധിമുട്ടുകള്‍ അടിച്ചേല്‍പ്പിക്കുകയാണ്‌ എസ്‌.ഐ.ആറെന്നു ചൂണ്ടിക്കാട്ടി. പതിവ്‌ വെള്ളസാരിക്കു മീതേ കറുത്ത ഗൗണ്‍ ധരിച്ച മുഖ്യമന്ത്രി, ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്തിന്റെ ബെഞ്ച്‌ മുമ്പാകെ തന്റെ ഊഴത്തിനായി രണ്ടുമണിക്കൂറിലേറെ ക്ഷമയോടെ കാത്തിരുന്നു. ഊഴമെത്തിയപ്പോള്‍ വാദമാരംഭിച്ച മമതയുടെ ആദ്യവാചകം ഇങ്ങനെ: ''അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ നീതി വിലപിക്കുകയാണ്‌''. കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷനു താന്‍ ആറ്‌ കത്തുകള്‍ അയച്ചെങ്കിലും ഒന്നിനുപോലും മറുപടി ലഭിച്ചില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വാദമുന്നയിക്കാന്‍ അഞ്ച്‌ മിനിട്ടാണ്‌ മമത ആവശ്യപ്പെട്ടതെങ്കിലും ചീഫ്‌ ജസ്‌റ്റിസ്‌ 15 മിനിട്ട്‌ അനുവദിച്ചു.
മാര്‍ച്ച്‌/ഏപ്രിലില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടിക 2005-ലെ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാകണമെന്നും 2026 എസ്‌.ഐ.ആര്‍. പ്രകാരം പാടില്ലെന്നുമായിരുന്നു മമതയുടെ പ്രധാനവാദം. പരമ്പരാഗതമായി ബി.ജെ.പിക്കെതിരേ വോട്ട്‌ ചെയ്‌തിരുന്ന പലരും എസ്‌.ഐ.ആറില്‍ ഒഴിവാക്കപ്പെട്ടതായി അവര്‍ ആരോപിച്ചു. രണ്ടുവര്‍ഷമെങ്കിലും വേണ്ടിവരുന്ന എസ്‌.ഐ.ആര്‍. പ്രക്രിയ മൂന്നുമാസംകൊണ്ട്‌ പൂര്‍ത്തികരിക്കുകയാണ്‌. ഇതിലൂടെ ബി.ജെ.പിയും തെരഞ്ഞെടുപ്പ്‌ കമ്മിഷനും ബംഗാളിനെ ലക്ഷ്യമിടുകയാണ്‌. ഇതേ പ്രക്രിയ എന്തുകൊണ്ട്‌ അസമില്‍ നടപ്പാക്കുന്നില്ലെന്നും മമത ചോദിച്ചു.
ബംഗാളില്‍ ഉടനീളം തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നിയോഗിച്ചിരിക്കുന്ന 8300 സൂക്ഷ്‌മനിരീക്ഷകര്‍ ബി.ജെ.പി. ഓഫീസര്‍മാരാണെന്നും അവരുടെ നിയമനം ഭരണഘടനാവിരുദ്ധമാണെന്നും മമത ആരോപിച്ചു. 63 ലക്ഷം പേര്‍ വോട്ടര്‍ പട്ടികയില്‍നിന്നു പുറത്താകുന്നതിന്റെ വക്കിലാണ്‌. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത 1.4 കോടി ആളുകളുടെ പേരുവിവരങ്ങള്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ വെബ്‌സൈറ്റില്‍ 'മെഷീന്‍ റീഡബിള്‍' ഫോര്‍മാറ്റില്‍ ഉള്‍പ്പെടുത്തണം. ആധാര്‍ തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കാന്‍ കമ്മിഷനു നിര്‍ദേശം നല്‍കണം.
ബംഗാളി പേരുകള്‍ ഇംഗ്ലീഷിലേക്കു മാറ്റിയപ്പോഴുണ്ടായ പിഴവുകള്‍ മമത ചൂണ്ടിക്കാട്ടി. അതിന്റെ പേരില്‍ ആളുകളെ ഒഴിവാക്കുന്നതു ശരിയല്ലെന്നു കോടതിയും നിരീക്ഷിച്ചു. വിവാഹിതയാകുമ്പോള്‍ ഭര്‍ത്താവിന്റെ പേര്‌ സ്വന്തം പേരിനൊപ്പം ചേര്‍ക്കുന്നവര്‍പോലും വോട്ടര്‍ പട്ടികയില്‍നിന്ന്‌ ഒഴിവാക്കപ്പെടുകയാണെന്നു മമത വാദിച്ചു. യുക്‌തിരഹിതമായി ഒഴിവാക്കപ്പെട്ടവരെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തണം. വാട്‌സ്‌ആപ്‌ വഴി നോട്ടീസ്‌ അയയ്‌ക്കുന്ന തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ 'വാട്‌സ്‌ആപ്‌ കമ്മിനാ'ണെന്നും മമത പരിഹസിച്ചു. ജോലിസമ്മര്‍ദം മൂലം സംസ്‌ഥാനത്ത്‌ നൂറിലേറെ ബൂത്ത്‌ ലെവല്‍ ഓഫീസര്‍മാര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ ചികിത്സയിലാണ്‌. ഇതേവര്‍ഷം തെരഞ്ഞെടുപ്പ്‌ നടക്കുന്ന അസമിലും വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലും എന്തുകൊണ്ട്‌ എസ്‌.ഐ.ആര്‍. നടപ്പാക്കുന്നില്ലെന്നു ചീഫ്‌ ജസ്‌റ്റിസിനെ 'സര്‍' എന്ന്‌ അഭിസംബോധന ചെയ്‌ത്‌ മമത വൈകാരികമായി ചോദിച്ചു. മമതയ്‌ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാനും കോടതിയില്‍ ഹാജരായിരുന്നു.
മുഖ്യമന്ത്രിയുടെ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷനു നോട്ടീസ്‌ അയച്ച സുപ്രീം കോടതി, ഒന്‍പതിനകം മറുപടി നല്‍കാനും നിര്‍ദേശിച്ചു. സംസ്‌ഥാനസര്‍ക്കാര്‍ എസ്‌.ഐ.ആര്‍. ജോലികള്‍ക്കു മതിയായ ഉദ്യോഗസ്‌ഥരെ വിട്ടുനല്‍കുന്നില്ലെന്നും അതിനാലാണ്‌ സ്വന്തമായി നിരീക്ഷകരെ നിയമിച്ചതെന്നും കമ്മിഷന്‍ വ്യകതമാക്കി. എസ്‌.ഐ.ആര്‍. ജോലിക്കു വിട്ടുനല്‍കാന്‍ കഴിയുന്ന ഉദ്യോഗസ്‌ഥരുടെ പട്ടിക സംസ്‌ഥാനസര്‍ക്കാര്‍ നല്‍കാനും അതിനുശേഷം നിരീക്ഷകരെ ഒഴിവാക്കാനും കോടതി നിര്‍ദേശിച്ചു. പ്രമുഖവ്യക്‌തികള്‍ക്കടക്കം അക്ഷരത്തെറ്റിന്റെ പേരില്‍ നോട്ടീസ്‌ നല്‍കുന്ന കമ്മിഷന്‍ നടപടിയെ ചീഫ്‌ ജസ്‌റ്റിസ്‌ വിമര്‍ശിച്ചു. നൊബേല്‍ ജേതാവ്‌ അമര്‍ത്യ സെന്‍, കവി ജോയ്‌ ഗോസ്വാമി, തൃണമൂല്‍ എം.പി. ദീപക്‌ അധികാരി എന്നിവരുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമര്‍ശം. തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഉദ്യോഗസ്‌ഥരോട്‌ ശത്രുതാപരമായ സമീപനമാണു ബംഗാളിലുള്ളതെന്ന്‌ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആരോപിച്ചു. ഉദ്യോഗസ്‌ഥര്‍ക്കു സംരക്ഷണം തേടി സനാതന്‍ സംസദ്‌ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കണമെന്ന വാദം കോടതി അംഗീകരിച്ചു.

Ads by Google
Wednesday 04 Feb 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW