-->
ദില്ലിയിലെ രോഹിണി ഈസ്റ്റ് മെട്രോ സ്‌റ്റേഷനില്‍ സ്ഥാപിക്കപ്പെട്ട ഒരു അസാധാരണ വെന്‍ഡിംഗ് മെഷീനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഡിസ്‌പെന്‍സറുകളില്‍ ചിപ്‌സ് പാക്കറ്റുകള്‍, സോഡ ക്യാനുകള്‍ എന്നിവയാണ് കാണാറുള്ളത്. '90 കളുടെ അവസാനത്തില്‍ സമാനമായ രീതിയില്‍ കോണ്ടം വെന്‍ഡിംഗ് മെഷീനുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് അടിവസ്ത്ര വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കപ്പെടുന്നത്. അതും ഒരു പൊതു സ്ഥലത്ത്. മെഷീന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇതിനകം വൈറലായി. പിന്നാലെ രസകരമായ കുറിപ്പുകളുമായി നെറ്റിസെന്‍സും സജീവമായി.
ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം ഏതാണ്ട് ഒരു ലക്ഷം പേരോളം കണ്ടു കഴിഞ്ഞു. ബാഡി ബില്ലു എന്ന ഉള്ളടക്ക സൃഷ്ടാവാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് '...ഞാന്‍ വളരെ ഭ്രാന്തമായ എന്തോ ഒന്ന് കണ്ടു. ഒരു വെന്‍ഡിംഗ് മെഷീന്‍, അവര്‍ ഒരു വെന്‍ഡിംഗ് മെഷീനില്‍ അടിവസ്ത്രം വില്‍ക്കുന്നു! നോക്കൂ! നമ്മള്‍ എത്രത്തോളം പുത്തന്‍ ആശയങ്ങളിലെത്തിയിരിക്കുന്നു? ഒരു വെന്‍ഡിംഗ് മെഷീനില്‍ അടിവസ്ത്രം ധരിക്കൂ, പക്ഷേ, അത് ഭ്രാന്താണ്. മെട്രോയില്‍ പോയി ആരാണ് 'ഓ, ഞാന്‍ എന്റെ അടിവസ്ത്രം മറന്നു, ഞാന്‍ ഇവിടെ നിന്ന് കുറച്ച് വാങ്ങട്ടെ' എന്ന് ചിന്തിക്കുന്നത്?' ബാഡി ബില്ലു പറയുന്നു.
പിന്നാലെ ചില ഉപയോക്താക്കള്‍ ഈ പുത്തന്‍ ആശയത്തെ ന്യായീകരിച്ച് രംഗത്തെത്തി. ഒപ്പം കൂടുതല്‍ മികച്ചതാക്കാനുള്ള വഴികളും നിര്‍ദ്ദേശിക്കപ്പെട്ടു. സ്ത്രീകള്‍ക്ക് ഇതില്‍ നിന്ന് പ്രയോജനം ലഭിക്കുമെന്ന് ഒരു ഉപയോക്താവ് എഴുതി, മറ്റൊരു ഉപയോക്താവ് സ്‌റ്റേഷനറി, തയ്യല്‍ ഇനങ്ങള്‍ എന്നിവയും അതില്‍ സൂക്ഷിക്കണമെന്നായിരുന്നു അഭിപ്രായപ്പെട്ടത്. ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ അവശ്യവസ്തുക്കളുള്ള വെന്‍ഡിംഗ് മെഷീനുകള്‍ വളരെ സാധാരണമാണെന്ന് മറ്റൊരാള്‍ എഴുതി. സംഗതി വളരെ നല്ലതാണെന്നും ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് ഭയം കൂടാതെ നടക്കാന്‍ സഹായിക്കുമെന്നും ഒരു സ്ത്രീ കുറിച്ചു. ഇത് അടിവസ്ത്രം ധരിക്കാന്‍ മറന്നുപോയവര്‍ക്കുള്ളതല്ല, നിങ്ങളുടെ ചിന്താഗതി വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വേഗത്തില്‍ നീങ്ങുന്ന ലോകത്ത്, ചില ആളുകള്‍ക്ക് ഷോപ്പിംഗിന് പോകാന്‍ സമയം ലഭിക്കണമെന്നില്ല. അവര്‍ക്ക് ഇത്തരം വൈന്റിംഗ് മെഷ്യനുകള്‍ യാത്രവേളകളില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്.