Wednesday, March 11, 2026 Last Updated 2 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 02.28 PM

ദേശീയ പ്രതിച്ഛായ നിര്‍മാണത്തില്‍ സാംസ്‌കാരിക ശക്തിയും മാധ്യമ സ്വാധീനവും നിര്‍ണായകം: ഇന്ത്യന്‍ അംബാസഡര്‍

ലോകസമൂഹത്തില്‍ ഒരു രാജ്യത്തിന് ലഭിക്കുന്ന അംഗീകാരവും വിശ്വാസവും രൂപപ്പെടുന്നത് സാംസ്‌കാരിക സ്വാധീനവും മാധ്യമ ഇടപെടലുകളും എത്രത്തോളം ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നുവെന്നതിനെ ആശ്രയിച്ചാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ പറഞ്ഞു. റിയാദില്‍ നടന്ന സൗദി മീഡിയ ഫോറത്തില്‍ “സ്വാധീന നയതന്ത്രം: മാധ്യമങ്ങളുടെ പങ്കും രാജ്യ പ്രതിച്ഛായയും” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുനയതന്ത്രം ആധുനിക ലോകത്ത് അത്യന്തം പ്രാധാന്യമുള്ള ഘടകമായി മാറിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, വ്യത്യസ്ത സംസ്‌കാരങ്ങളുള്ള രാജ്യങ്ങളുമായി ആശയവിനിമയം നടത്തുമ്പോള്‍ വൈവിധ്യങ്ങളെ മാനിക്കുന്നതും ഉള്‍ക്കൊള്ളുന്നതുമായ സമീപനം സ്വീകരിക്കണമെന്ന് അഭിപ്രായപ്പെട്ടു. ഒരു രാജ്യത്തിന്റെ സാംസ്‌കാരിക സമ്പത്തും ബൗദ്ധിക പാരമ്പര്യവും അതിന്റെ അന്താരാഷ്ട്ര സ്ഥാനമുറപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ മാധ്യമങ്ങളും സാമൂഹിക വേദികളും നയതന്ത്ര ലക്ഷ്യങ്ങള്‍ക്കായി കാര്യക്ഷമമായി ഉപയോഗിക്കേണ്ട സമയമാണിതെന്ന് അംബാസഡര്‍ ചൂണ്ടിക്കാട്ടി. കൃത്യവും വിശ്വാസയോഗ്യവുമായ വിവരങ്ങള്‍ സമയബന്ധിതമായി പൊതുജനങ്ങളിലേക്കെത്തിക്കുമ്പോഴേ രാജ്യങ്ങള്‍ക്ക് ആഴത്തിലുള്ള സ്വാധീനം സൃഷ്ടിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക പുരോഗതികളെ പ്രയോജനപ്പെടുത്തി നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അന്താരാഷ്ട്ര തലത്തിലെ മാധ്യമ വിദഗ്ധരും നയതന്ത്ര പ്രതിനിധികളും പങ്കെടുത്ത സൗദി മീഡിയ ഫോറം, ആഗോള മാധ്യമ-നയതന്ത്ര സഹകരണത്തിന്റെ പുതിയ വഴികള്‍ തുറക്കുന്ന വേദിയായി മാറി.
ഇ കെ ബാദുഷ.

Ads by Google
Ads by Google
TRENDING NOW