-->
അന്തരിച്ച സംഗീതസംവിധായകന്‍ എസ്.പി വെങ്കിടേഷിനെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ക്കായി ഗാനങ്ങളും പശ്ചാത്തലസംഗീതവും എസ്.പി ഒരുക്കിയെന്ന് അദ്ദേഹം ഓര്‍ത്തു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മോഹന്‍ലാലിന്റെ അനുസ്മരണം.
എസ്.പി വെങ്കിടേഷ് സംഗീതം നല്‍കിയ രണ്ട് ഗാനങ്ങള്‍ പാടാനുളള ഭാഗ്യം തനിക്കുണ്ടായെന്നും മോഹന്‍ലാല്‍ കുറിച്ചു. സിനിമയ്ക്ക് പുറത്തും എക്കാലവും നല്ല സൗഹൃദം അദ്ദേഹവുമായി കാത്തുസൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹത്തിന് ഹൃദയവേദനയോടെ വിട ചൊല്ലുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു. വെങ്കിടേഷ് സംഗീതം നൽകിയ സ്ഫടികം എന്ന ചിത്രത്തിലെ ഏഴിമല പൂഞ്ചോല, ഗാന്ധർവം എന്ന ചിത്രത്തിലെ അബലത്വമല്ല അടിമത്വമല്ല എന്നീ ഗാനങ്ങളാണ് മോഹൻലാൽ പാടിയത്.
മോഹൻലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്
മലയാള സിനിമയില്‍ ഒരു കാലഘട്ടം മുഴുവന്‍ ഹൃദയഹാരിയായ സംഗീതം നിറച്ച പ്രിയപ്പെട്ട SP വെങ്കിടേഷ് നമ്മെ വിട്ടുപിരിഞ്ഞു. SP യുടെ മാന്ത്രികസ്പര്‍ശം നിറഞ്ഞ എത്രയെത്ര ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് നമ്മള്‍ നെഞ്ചോടുചേര്‍ത്തത്. രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ച്ചകള്‍, കിലുക്കം, ദേവാസുരം തുടങ്ങി എന്റെ ഒട്ടേറെ ഹിറ്റ് സിനിമകള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കി. അദ്ദേഹം സംഗീതം നല്‍കിയ രണ്ട് ഗാനങ്ങള്‍ പാടാനുള്ള ഭാഗ്യവും എനിക്കുണ്ടായി. സിനിമയ്ക്ക് പുറത്തും എക്കാലവും നല്ല സൗഹൃദം ഞങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. ഹൃദയവേദനയോടെ വിട.