Wednesday, March 11, 2026 Last Updated 31 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.36 PM

മഞ്ഞുരുകുന്നു; അമേരിക്കയുമായി ചര്‍ച്ചയ്‌ക്കു തയാറെന്ന്‌ ഇറാന്‍

uploads/news/2026/02/823725/int1.jpg

ടെഹ്‌റാന്‍: അമേരിക്കയ്‌ക്കും ഇറാനുമിടയില്‍ മഞ്ഞുരുകുന്നു. യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെ, ചര്‍ച്ചയ്‌ക്കു തയാറാണെന്ന്‌ ഇറാന്‍ പ്രസിഡന്റ്‌ മസൂദ്‌ പെസെഷ്‌കിയാന്‍ വ്യക്‌തമാക്കി. മേഖലയിലെ സുഹൃദ്‌ സര്‍ക്കാരുകളുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ്‌ ചര്‍ച്ചകള്‍ക്കായുള്ള യു.എസ്‌. നിര്‍ദേശത്തിന്‌ അനുകൂലമായി തീരുമാനമെടുത്തതെന്ന്‌ ഇറാന്‍ പ്രസിഡന്റ്‌ പ്രതികരിച്ചു.
'ഭീഷണികളില്‍നിന്നും യുക്‌തിരഹിതമായ പ്രതീക്ഷകളില്‍നിന്നും മുക്‌തമായ അനുയോജ്യമായ സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ചര്‍ച്ചകള്‍ തുടരാന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ്‌ അരാഗ്‌ചിക്കു നിര്‍ദേശം നല്‍കിയതായി മസൂദ്‌ പെസെഷ്‌കിയാന്‍ സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവച്ച പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. ആണവ പദ്ധതിയുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ഉന്നതതല ചര്‍ച്ചകള്‍ക്ക്‌ തയാറാകാനാണു വിദേശകാര്യമന്ത്രിക്കു നല്‍കിയ നിര്‍ദേശം.
ഇറാനെതിരായ ഏതൊരു ആക്രമണവും പ്രാദേശിക സംഘര്‍ഷത്തിനു കാരണമാകുമെന്നു രാജ്യത്തിന്റെ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയി മുന്നറിയിപ്പ്‌ നല്‍കിയതിനു പിന്നാലെയാണ്‌ ഇറാന്‍ പ്രസിഡന്റ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌. ഇറാന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചായിരിക്കും ചര്‍ച്ചയെന്നും പെസെഷ്‌കിയാന്‍ പറഞ്ഞു.
വെള്ളിയാഴ്‌ച ഇസ്‌താംബൂളിലായിരിക്കും ഇറാന്‍-യു.എസ്‌. ചര്‍ച്ചയെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്‌ഥതയിലായിരിക്കും ചര്‍ച്ചകളെന്നാണു സൂചന. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ്‌ അരാഗ്‌ചിയും യു.എസ്‌. പ്രത്യേക പ്രതിനിധി സ്‌റ്റീവ്‌ വിറ്റ്‌കോഫും ചര്‍ച്ചയില്‍ പങ്കെടുക്കും.
ഇറാനുമായി പുതിയ ആണവകരാര്‍ വേണമെന്ന്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചകള്‍ക്ക്‌ ഇറാന്‍ തയാറാകണമെന്നും അല്ലാത്തപക്ഷം കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ട്രംപ്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ്‌ ഇറാന്‍ നിലപാട്‌ മയപ്പെടുത്തിയത്‌. ഇറാനെ സമ്മര്‍ദത്തിലാക്കാന്‍ ഗള്‍ഫ്‌ മേഖലയില്‍ യു.എസ്‌. വലിയതോതില്‍ സൈനികവിന്യാസം നടത്തുകയും ചെയ്‌തിരുന്നു. ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്‌ക്കുക, ബാലിസ്‌റ്റിക്‌ മിസൈല്‍ പരീക്ഷണങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും ഇറാനു മുന്നില്‍ ട്രംപ്‌ ഉയര്‍ത്തിയിട്ടുണ്ട്‌.

Ads by Google
Tuesday 03 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW