-->
വാഷിങ്‌ടണ്‍: കാലിഫോര്‍ണിയയിലെ സാന്‍ റാമോണിനെ 'വിറപ്പിച്ച്' ഭൂചലനങ്ങള്‍. തിങ്കളാഴ്‌ച, 10 മണിക്കൂറിനുള്ളില്‍ അവിടെ ഉണ്ടായത് 22 ഭൂചലനങ്ങള്‍. പ്രദേശിക സമയം രാവിലെ 9:27 നു റിക്‌ടര്‍ സ്‌കെയിലില്‍ 3.8 തീവ്രതയുള്ള ഭൂചലനത്തോടെയാണു ഭൂചല പരമ്പര ആരംഭിച്ചത്. അരമണിക്കൂറിനുള്ളില്‍ റിക്‌ടര്‍ സ്‌കെയിലില്‍ 4.2 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. ഇത് സാന്‍ ഫ്രാന്‍സിസ്‌കോ, സാക്രമെന്റോ, സാന്‍ ജോസ് എന്നിവിടങ്ങളില്‍ ശക്‌തമായ പ്രകമ്പനങ്ങള്‍ ഉണ്ടാക്കി. അവസാനത്തെ ഭൂചലനം തിങ്കളാഴ്‌ച വൈകിട്ട് 5:06 നാണ് ഉണ്ടായത്.
ഭൂചലനങ്ങള്‍ ജനത്തെ പരിഭ്രാന്തിയിലാക്കിയെങ്കിലും നാശനഷ്‌ടമൊന്നും ഉണ്ടായില്ല. പൊതുഗതാഗതം അല്‍പ സമയം തടസപ്പെട്ടന്നു മാത്രം. സാന്‍ റാമോണ്‍, സാന്‍ ആന്‍ഡ്രിയാസ് ഫോള്‍ട്ടിന്റെ പ്രധാന ശാഖയായ കലാവേറാസ് ഫോള്‍ട്ടിന് മുകളിലാണ് സ്‌ഥിതി ചെയ്യുന്നത്. ഇത് 'ദ് ബിഗ് വണ്‍' എന്നു വിളിക്കുന്ന ഭൂചലന സാധ്യതാ മേഖലയാണ്. 2043 ല്‍ ഈ മേഖലയില്‍ റിക്‌ടര്‍ സ്‌കെയിലില്‍ 6.7ല്‍ കൂടുതല്‍ തീവ്രതയുള്ള ഒരു വലിയ ഭൂചലനം ഉണ്ടാകാനുള്ള സാധ്യത 95 ശതമാനമാണ്.കലാവേറാസ് ഫോള്‍ട്ടില്‍ ഉണ്ടാകുന്ന 6.7 തീവ്രതയുള്ള ഭൂചലനം, ജനസാന്ദ്രതയേറിയ ഈസ്‌റ്റ് ബേ കമ്യൂണിറ്റികളില്‍ വലിയ നാശനഷ്‌ടങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്.