-->
വാഷിങ്‌ടണ്‍: ഡോണള്‍ഡ് ട്രംപ് ഭരണകുടവുമായി ഉണ്ടാക്കിയ വ്യാപാര കരാര്‍ അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്ക് നേട്ടമെന്നു റിപ്പോര്‍ട്ട്.
പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ, ചൈന, പാകിസ്‌താന്‍, ഇന്തോനീഷ്യ, ബംഗ്ലാദേശ്, വിയറ്റ്‌നാം തുടങ്ങിയ മറ്റ് പ്രധാന ഏഷ്യന്‍ സമ്പദ്‌വ്യവസ്‌ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തില്‍നിന്നുള്ള ഏറ്റവും കുറഞ്ഞ തീരുവ നിരക്ക് നേരിടുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറി. പക്ഷേ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയില്‍നിന്ന് ചുമത്തുന്നതിനേക്കാള്‍ അല്‌പം കൂടുതലാണ് ഇന്ത്യക്കുള്ള നിരക്കുകള്‍.
അമേരിക്കയില്‍നിന്ന് ഉയര്‍ന്ന തീരുവ നേരിടുന്ന രാജ്യങ്ങളില്‍ ബ്രസീല്‍ (50%), മ്യാന്‍മര്‍ (40%), ലാവോസ് (40%), ചൈന (37%), ദക്ഷിണാഫ്രിക്ക (30%) എന്നിവയാണു മുന്നില്‍. തെക്കുകിഴക്കന്‍ ഏഷ്യയില്‍, ഉയര്‍ന്ന തീരുവ നേരിടുന്ന രാജ്യങ്ങളില്‍ വിയറ്റ്‌നാം (20%), ബംഗ്ലാദേശ് (20%), പാകിസ്‌താന്‍ (19%), മലേഷ്യ (19%), കംബോഡിയ (19%), തായ്‌ലന്‍ഡ് (19 %) എന്നിവ ഉള്‍പ്പെടുന്നു.
വളരെ തിരക്കിട്ടാണ് യു.എസുമായി പാകിസ്‌താന്‍ കരാര്‍ ഉണ്ടാക്കിയത്.ഏറ്റവും കുറഞ്ഞ തീരുവ ബ്രിട്ടനാണ് - 10 ശതമാനം. യൂറോപ്യന്‍ യൂണിയന്‍ (15 %), സ്വിറ്റ്‌സര്‍ലന്‍ഡ് (15 %), ജപ്പാന്‍ (15 %), ദക്ഷിണ കൊറിയ (15 %) എന്നിവ അമേരിക്കയുമായി ഏറ്റവും കുറഞ്ഞ തീരുവ കരാറുള്ള രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
എങ്കിലും ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ സന്ദേശത്തില്‍ കരാറിനെക്കുറിച്ചു വളരെ കുറച്ചു വിവരങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. കുറഞ്ഞ തീരുവ നിരക്ക് എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരും, റഷ്യന്‍ എണ്ണ വാങ്ങല്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് സമയപരിധി, വ്യാപാര തടസങ്ങള്‍ കുറയ്‌ക്കല്‍, ഇന്ത്യ വാങ്ങാന്‍ പ്രതിജ്‌ഞാബദ്ധമായ യു.എസ്. ഉല്‍പ്പന്നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഇന്ത്യയോ യു.എസോ കരാറിന്റെ നിബന്ധനകളെക്കുറിച്ചോ അത് എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്നതിനെക്കുറിച്ചോ യാതൊരു വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല.