-->
ദോഹ: ഗൾഫ് രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികൾക്കായി കൂടുതൽ പ്രായോഗികമായ സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിലാക്കണമെന്ന് അഞ്ചാം ലോക കേരള സഭയിൽ ഖത്തർ പ്രതിനിധി അഹമ്മദ് കുട്ടി അറളയിൽ ആവശ്യപ്പെട്ടു. എല്ലാ തൊഴിലാളികളെയും ഒരേ രീതിയിൽ കാണുന്നതിന് പകരം അവരുടെ തൊഴിലിന്റെ സ്വഭാവം അനുസരിച്ച് (Classify) തരംതിരിച്ച് സുരക്ഷാ പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
തൊഴിലാളികൾക്ക് സാമ്പത്തിക-ആരോഗ്യ മേഖലകളിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ അവരെ അയക്കുന്ന രാജ്യങ്ങൾക്കും (Sending Countries) സ്വീകരിക്കുന്ന രാജ്യങ്ങൾക്കും (Destination Countries) ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷിതമായ തൊഴിലിടങ്ങൾ ഒരുക്കുന്നതിലും അപകടങ്ങൾ സംഭവിക്കുമ്പോൾ അർഹമായ സംരക്ഷണം നൽകുന്നതിലും ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ സ്വീകരിക്കുന്ന നയപരമായ തീരുമാനങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കേരളത്തിന് സാധിക്കണം.
കൂടുതൽ അപകടസാധ്യതയുള്ള ജോലികളിൽ ഏർപ്പെടുന്നവരെ നോർക്കയുടെ പ്രത്യേക സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടുത്താൻ നിയമനിർമ്മാണം നടത്തണം,അപകടത്തിൽപ്പെട്ട് മടങ്ങുന്നവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും കൃത്യമായ പുനരധിവാസ പദ്ധതികൾ സർക്കാർ ഉറപ്പാക്കണം,ഗൾഫ് രാജ്യങ്ങളിലെ സാഹചര്യങ്ങൾ പരിഗണിച്ച് പ്രത്യേക ഉഭയകക്ഷി കരാറുകൾ ഒപ്പിടാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം എന്നിനിർദ്ദേശങ്ങൾ മുന്നോട്ടുവച്ചഅഹമ്മദ് കുട്ടി അറളയിൽ പ്രവാസി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർനടത്തിവരുന്ന ശ്രമങ്ങളെ അഭിനന്ദിച്ചു.
ഷഫീക്ക് അറക്കൽ