-->
‘വിമാനം’ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ദുര്‍ഗ കൃഷ്ണ. ഉടല്‍, പ്രേതം 2, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിലിടം നേടി. 2021 ഏപ്രിലിലായിരുന്നു ദുര്‍ഗ കൃഷ്ണയും നിര്‍മാതാവും സംരഭകനുമായ അര്‍ജുനും തമ്മിലുള്ള വിവാഹം. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം ദുര്‍ഗ പങ്കിട്ടിരുന്നു. ഭർത്താവിന്റെ പിറന്നാൾ ദിനത്തിൽ തന്നെയാണ് ദുര്‍ഗ പെൺകുഞ്ഞിന് ജന്മം നല്‍കിയത്.
ഇപ്പോഴിതാ തന്റെ ആദ്യത്തെ കണ്മണിയുടെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കിടുകയാണ് ദുര്‍ഗ കൃഷ്ണ. ഒരു താമരപ്പൂവില്‍ വിരിഞ്ഞുനില്‍ക്കുന്ന സരസ്വതിയെ പശ്ചാത്തലത്തില്‍ ഒരുക്കി അതിനു മുന്നിലിരുന്നാണ് ദുര്‍ഗയും അര്‍ജ്ജുനും മകളുടെ നൂലുകെട്ട് ആഘോഷമാക്കിയത്. ‘പ്രകൃതി ദുര്‍ഗ അര്‍ജ്ജുന്‍...’എന്നാണ് ദുര്‍ഗയും അര്‍ജുനും മകള്‍ക്ക് നല്‍കിയ പേര്. താമരപ്പൂവ് പോലെ റോയൽ പിങ്ക് നിറത്തിലുള്ള പട്ടുസാരിയിൽ അതിസുന്ദരിയായാണ് ദുർഗ ചടങ്ങിലെത്തിയത്.
ദുർഗയുടെ വസ്ത്രത്തിന് അനുയോജ്യമായ വിധം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് ഭർത്താവ് അർജുനും കുഞ്ഞും ധരിച്ചിരിക്കുന്നത്. അർജുൻ മകളുടെ ചെവിയിൽ പേര് വിളിക്കുന്നതിന്റെ മനോഹരമായ വീഡിയോയും ദുർഗ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്.
2024-ല്‍ പുറത്തിറങ്ങിയ ‘തങ്കമണി’യിലാണ് ദുര്‍ഗ അവസാനമായി അഭിനയിച്ചത്. മോഹന്‍ലാല്‍ ചിത്രം ‘റാം’ ആണ് ദുര്‍ഗയുടെ ഇനി പുറത്തിറങ്ങാനുള്ള പ്രധാന സിനിമ.
പേരിടൽ ചടങ്ങിനൊപ്പം അർജുൻ ഹൃദയസ്പർശിയായ ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. ദുർഗയുടെ മനോഹരമായ ഒരു ചിത്രം പങ്കിട്ട്, ‘ആയിരം ജോലികളും മൂഡുകളും കൈകളുമുള്ള, മനോഹരമായ പുഞ്ചിരിയുള്ള അമ്മ’ എന്നാണ് അര്‍ജുന്‍ കുറിച്ചത്. ദുർഗ ഈ ചിത്രം തന്റെ സ്റ്റോറിയിൽ ഷെയർ ചെയ്തിട്ടുണ്ട്.കുഞ്ഞ് ജനിച്ചതിന് ശേഷം താൻ മാനസികമായി ഒറ്റപ്പെട്ടുപോയെന്നും ഭർത്താവിന് ഇപ്പോൾ കുഞ്ഞിനെ മാത്രം മതിയെന്നും ദുർഗ അടുത്തിടെ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചയായിരുന്നു.