-->
വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ബിഗ്സ്ക്രീനിലേക്കെത്തി പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് ദുര്‍ഗ കൃഷ്ണ. താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഗര്‍ഭിണിയായ ശേഷം വളകാപ്പ് അടക്കം താരം പങ്കിട്ട വിവിധ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളുമടക്കം എല്ലാം ട്രെന്‍ഡിംഗായി മാറിയതാണ്.
ഇപ്പോഴിതാ താന്‍ അമ്മയായ സന്തോഷം പങ്കിടുകയാണ് ദുര്‍ഗ. ഭർത്താവിന്റെ പിറന്നാള്‍ ദിനത്തിലാണ് ദുർഗ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ ചേർത്തുപിടിച്ച് ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് ഭർത്താവിനൊപ്പം കേക്ക് മുറിക്കുന്ന ചിത്രവും ദുർഗ പങ്കിട്ടിട്ടുണ്ട്. ‘‘ഞങ്ങള്‍ക്ക് പിറന്നാള്‍ ആശംസകള്‍. ഇനി മുതല്‍ ഞങ്ങള്‍ മൂന്നുപേർക്കും ഒരുമിച്ച് പിറന്നാള്‍ ആഘോഷിക്കാം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ദുര്‍ഗ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ചിത്രത്തില്‍ രണ്ടുപേരും ഏറെ സന്തോഷത്തോടെ തങ്ങളുടെ കുഞ്ഞു കണ്മണിയ്ക്കൊപ്പം ആദ്യ ബര്‍ത്ത്ഡേ ആഘോഷിക്കുന്നത് കാണാം.
ഭർത്താവിന്റെ പിറന്നാള്‍ ദിനത്തില്‍ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷവു ദുർഗ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു. ‘‘എന്റെ ജീവിതത്തിലെ സ്നേഹത്തിന് ജന്മദിനാശംസകള്‍. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായത്തിലേക്ക് കാലെടുത്തുവയ്ക്കാൻ പോകുന്ന മനുഷ്യൻ. ഈ വർഷം നിങ്ങളുടെ ജന്മദിനത്തിന് കൂടുതല്‍ പ്രത്യേകതയുണ്ട്. നിങ്ങളുടെ ജന്മദിനം മാത്രമല്ല ഇന്ന്. നമ്മുടെ കുഞ്ഞ് നമ്മളെ കാണാൻ തീരുമാനിച്ച ദിവസം കൂടിയാണിന്ന്. ജന്മദിനത്തില്‍ തന്നെ നിങ്ങളൊരു അച്ഛനാകുന്നു എന്നത് എനിക്ക് ഒരുപാട് സന്തോഷം തരുന്നു. എന്റെ ഓരോ ഹൃദയമിടിപ്പിലും ഈ യാത്രയിലെ ഓരോ നിമിഷത്തിലും നിങ്ങള്‍ എന്റെ ശക്തിയായിരുന്നു. നമ്മുടെ കുഞ്ഞിനെ നിങ്ങള്‍ കൈകളില്‍ എടുക്കുന്നതു കാണാൻ കാത്തിരിക്കുകയാണ് ഞാൻ. ജീവിതം നമുക്ക് രണ്ടുപേർക്കും നല്‍കുന്ന ഏറ്റവും മികച്ച സമ്മാനമാണിത്. ജന്മദിനാശംസകള്‍, എന്റെ പ്രിയതമനേ...’’ എന്നാണ് അര്‍ജുനൊപ്പമുള്ള ചിത്രം പങ്കിട്ട് ദുര്‍ഗ കുറിച്ചത്.
2021 ഏപ്രിലിലാണ് ദുർഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അർജുനുമായുള്ള വിവാഹം. വിവാഹം കഴിഞ്ഞ് നാലു വർഷങ്ങള്‍ക്കിപ്പുറമാണ് ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തിയിരിക്കുന്നത്. ക്ലാസിക്കല്‍ ഡാൻസർ കൂടിയായ ദുർഗ വിമാനം, പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിങ്ങ് ഫിഷ്, ഒരു അന്വേഷണത്തിന്റെ തുടക്കം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
എംടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങളില്‍ മോഹൻലാലിന്റെ നായികയായും ദുർഗ അഭിനയിച്ചിരുന്നു. മോഹൻലാല്‍ ചിത്രം റാം ആണ് ദുർഗ്ഗയുടെ ഏറ്റവും പുതിയ ചിത്രം.