-->
ന്യൂഡല്‍ഹി: മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ രാജ്യത്ത് അഞ്ച് റീജണല്‍ മെഡിക്കല്‍ ഹബ്ബുകള്‍ സ്‌ഥാപിക്കാന്‍ കേന്ദ്ര ബജറ്റില്‍ പദ്ധതി.
സ്വകാര്യ മേഖലയുമായി സഹകരിച്ച് അഞ്ച് റീജണല്‍ മെഡിക്കല്‍ ഹബ്ബുകള്‍ സ്‌ഥാപിക്കുന്നതില്‍ സംസ്‌ഥാനങ്ങളെ പിന്തുണയ്‌ക്കുന്നതിനായി പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ ഹബ്ബുകള്‍ മെഡിക്കല്‍, വിദ്യാഭ്യാസ, ഗവേഷണ സൗകര്യങ്ങള്‍ സംയോജിപ്പിക്കുന്ന സംയോജിത ആരോഗ്യ സംരക്ഷണ സമുച്ചയങ്ങളായി പ്രവര്‍ത്തിക്കും. ആയുഷ് കേന്ദ്രങ്ങള്‍, മെഡിക്കല്‍ വാല്യൂ ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററുകള്‍, രോഗനിര്‍ണയം, അനന്തര പരിചരണം, പുനരധിവാസം എന്നിവയ്‌ക്കുള്ള അടിസ്‌ഥാന സൗകര്യങ്ങള്‍ എന്നിവ അവയില്‍ ഉണ്ടാകും. ഡോക്‌ടര്‍മാരും അനുബന്ധ ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള ആരോഗ്യ വിദഗ്‌ധര്‍ക്ക് വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ ഈ ഹബ്ബുകള്‍ നല്‍കും.
മറ്റു ബജറ്റ് നിര്‍ദേശങ്ങള്‍
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കേറ്ററിങ് ടെക്‌നോളജി നവീകരിച്ച് നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഹോസ്‌പിറ്റാലിറ്റി സ്‌ഥാപിക്കും.
തെരഞ്ഞെടുക്കപ്പെട്ട 20 വിനോദസഞ്ചാര കേന്ദ്രങ്ങളിലെ 10,000 ഗൈഡുകള്‍ക്ക് ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുമായി സഹകരിച്ച് 12 ആഴ്‌ച നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കും.
സാംസ്‌കാരികവും ആത്മീയവും പൈതൃകപരവുമായി പ്രാധാന്യമുള്ള എല്ലാ സ്‌ഥലങ്ങളെയും ഡിജിറ്റലായി രേഖപ്പെടുത്തും. ഇതിനായി 'നാഷണല്‍ ഡെസ്‌റ്റിനേഷന്‍ ഡിജിറ്റല്‍ നോളജ് ഗ്രിഡ്' സ്‌ഥാപിക്കും.
ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്‌മീര്‍ എന്നിവിടങ്ങളിലെയും പൂര്‍വ്വഘട്ടത്തിലെ അരാക്കു താഴ്‌വരയിലെയും പശ്‌ചിമ ഘട്ടത്തിലെ പൊതിഗൈ മലയിലെയും മലയോര പാതകളും ഒഡീഷ, കര്‍ണാടക, കേരളം എന്നീ തീരപ്രദേശങ്ങളില്‍ കടലാമകളുടെ പ്രധാന മുട്ടയിടല്‍ കേന്ദ്രങ്ങളിലെ സഞ്ചാരപഥങ്ങളും ആന്ധ്രാപ്രദേശിലെയും തമിഴ്‌നാട്ടിലെയും പുലിക്കാട്ട് തടാകത്തിന് ചുറ്റും പക്ഷി നിരീക്ഷണപാതകളും പരിസ്‌ഥിതി സൗഹൃദമായ രീതിയില്‍ വികസിപ്പിക്കും.
ലോഥല്‍, ധോളവീര, രാഖിഗര്‍ഹി, ആദിച്ചനല്ലൂര്‍, സാരാനാഥ്, ഹസ്‌തിനാപുരം, ലേ കൊട്ടാരം എന്നിവയുള്‍പ്പെടെ 15 പുരാവസ്‌തു കേന്ദ്രങ്ങളെ സാംസ്‌കാരിക കേന്ദ്രങ്ങളായി വികസിപ്പിക്കും.
ഖനനം ചെയ്‌ത പ്രദേശങ്ങള്‍ പ്രത്യേക നടപ്പാതകളിലൂടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.
അരുണാചല്‍ പ്രദേശ്, സിക്കിം, അസം, മണിപ്പൂര്‍, മിസോറം, ത്രിപുര എന്നിവിടങ്ങളില്‍ ബുദ്ധിസ്‌റ്റ് സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കും. ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും സംരക്ഷണം, തീര്‍ത്ഥാടന വിജ്‌ഞാന കേന്ദ്രങ്ങള്‍, ഗതാഗത സൗകര്യം, തീര്‍ഥാടകര്‍ക്കുള്ള മറ്റ് സൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതായിരിക്കും പദ്ധതി.