Friday, March 13, 2026 Last Updated 33 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.18 AM

നടി കാതറിന്‍ ഓഹാര അന്തരിച്ചു

uploads/news/2026/02/823404/1.jpg

വാഷിങ്‌ടണ്‍: ഹോം എലോണ്‍, ബീറ്റില്‍ജൂസ്‌ ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ ഹാസ്യ നടി കാതറിന്‍ ഓഹാര(71) അന്തരിച്ചു.
കനേഡിയന്‍ പൗരയാണു കാതറിന്‍. 1988ല്‍ പുറത്തിറങ്ങിയ 'ബീറ്റില്‍ജൂസ്‌ ', ക്രിസ്‌മസ്‌ കാലത്തെ ക്ലാസിക്‌ ചിത്രമായ 'ഹോം എലോണ്‍' എന്നിവയിലൂടെയാണ്‌ യു.എസില്‍ ശ്രദ്ധേയയായത്‌.
അടുത്തിടെ എമ്മി അവാര്‍ഡ്‌ നേടിയ 'ദ്‌ സ്‌റ്റുഡിയോ' എന്ന കോമഡിയിലും, എച്ച്‌ബിഒയുടെ 'ദ്‌ ലാസ്‌റ്റ്‌ ഓഫ്‌ അസ്‌' എന്ന പരമ്പരയിലും അഭിനയിച്ചിരുന്നു.ലോസ്‌ ഏഞ്‌ജല്‍സിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം. 1988ല്‍ പുറത്തിറങ്ങിയ 'ബീറ്റില്‍ജൂസ്‌' എന്ന ചിത്രത്തില്‍, ഡെലിയ ഡീറ്റ്‌സ്‌ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അവര്‍, വിചിത്രമായ വസ്‌ത്രധാരണരീതിയും, അസാധാരണമായ സംഭാഷണശൈലിയും കൊണ്ട്‌ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. 'ഡേഓ' (ബനാന ബോട്ട്‌ ഗാനം) എന്ന ഗാനം അവതരിപ്പിച്ച അവരുടെ രംഗം ഏറെ ശ്രദ്ധേയമായിരുന്നു.
രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം, 'ഹോം എലോണ്‍' എന്ന ചിത്രത്തില്‍, തന്റെ വികൃതിയായ എട്ട്‌ വയസ്സുള്ള മകനെ വീട്ടില്‍ മറന്നുപോയതിനെ തുടര്‍ന്നുണ്ടായ അവരുടെ പരിഭ്രാന്തമായ 'കെവിന്‍!' എന്ന നിലവിളി, എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിലൊന്നിലെ ഏറ്റവും ഓര്‍മ്മിക്കപ്പെടുന്ന നിമിഷങ്ങളില്‍ ഒന്നാണ്‌.1970കളില്‍ ടൊറന്റോ സെക്കന്‍ഡ്‌ സിറ്റി തിയേറ്ററില്‍ വെയിട്രസ്‌ ആയിട്ടാണ്‌ കരിയര്‍ ആരംഭിച്ചത്‌. പിന്നീട്‌ നടിയായി. പിന്നീട്‌ 'സെക്കന്‍ഡ്‌ സിറ്റി ടെലിവിഷന്‍' (എസ്‌.സി.ടി.വി) എന്ന സ്‌കെച്ച്‌ കോമഡി ഷോയുടെ ഭാഗമായി. യൂജിന്‍ ലെവി, അന്തരിച്ച ജോണ്‍ കാന്‍ഡി എന്നിവരോടൊപ്പം കാനഡയിലെ ഏറ്റവും വിജയകരമായ ടിവി പരിപാടികളിലൊന്നില്‍ അഭിനയിച്ചു.
തന്റെ കനേഡിയന്‍ വേരുകള്‍ തന്റെ നര്‍മ്മബോധം വളര്‍ത്താന്‍ സഹായിച്ചതായി അവര്‍ പറഞ്ഞിട്ടുണ്ട്‌. 'ഷിറ്റ്‌സ്‌ ക്രീക്ക' എന്ന കനേഡിയന്‍ കോമഡി പരമ്പരയിലോണ്‌ അവരുടെ അവസാന ഹിറ്റ്‌. കോവിഡ്‌ ലോക്ക്‌ഡൗണ്‍ കാലഘട്ടത്തില്‍ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി ഈ പരമ്പര മാറി. സമ്പന്ന കുടുംബമായ റോസ്‌ കുടുംബം പെട്ടെന്ന്‌ പണം നഷ്‌ടപ്പെട്ട്‌, തമാശയ്‌ക്ക്‌ വാങ്ങിയ ഒരു നഗരത്തിലെ മോശം ഹോട്ടലില്‍ താമസിക്കേണ്ടി വരുന്നതിനെക്കുറിച്ചാണ്‌ ഈ കഥ. മരിക്കുന്നതുവരെ ഓഹാര അഭിനയിച്ചുകൊണ്ടിരുന്നു. എച്ച്‌ബിഒയുടെ സയന്‍സ്‌ ഫിക്ഷന്‍ നാടകമായ 'ദ്‌ ലാസ്‌റ്റ്‌ ഓഫ്‌ അസ്‌' എന്ന ചിത്രത്തില്‍ ഒരു തെറാപ്പിസ്‌റ്റായും, സെത്ത്‌ റോജന്റെ 'ദ്‌ സ്‌റ്റുഡിയോ' എന്ന ചിത്രത്തില്‍ പുറത്താക്കപ്പെട്ട ഒരു സിനിമ എക്‌സിക്യൂട്ടീവായും അവര്‍ അഭിനയിച്ചു. 2021ല്‍ 'ഷിറ്റ്‌സ്‌ ക്രീക്ക്‌' എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗ്‌ലോബ്‌ പുരസ്‌കാരം ലഭിച്ചു. ഈ വര്‍ഷത്തെ പുരസ്‌കാരങ്ങളില്‍ 'ദ്‌ സ്‌റ്റുഡിയോ'യിലെ അഭിനയത്തിന്‌ അവര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. മാര്‍ച്ച്‌ മാസത്തില്‍ നടക്കുന്ന ആക്‌ടര്‍ അവാര്‍ഡ്‌സിലും (മുന്‍പ്‌ സ്‌ക്രീന്‍ ആക്‌ടേഴ്‌സ്‌ ഗില്‍ഡ്‌ അവാര്‍ഡ്‌സ്‌) പാറ്റി എന്ന കഥാപാത്രത്തിന്‌ അവര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഭര്‍ത്താവ്‌ ബോ വെല്‍ച്ച്‌. മക്കള്‍: മാത്യു, ലൂക്ക്‌.

Ads by Google
Sunday 01 Feb 2026 11.18 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW