-->
വാഷിങ്‌ടണ്‍: മൈക്രോസോഫ്‌റ്റ് സഹസ്‌ഥാപകനും ശതകോടീശ്വരനുമായ ബില്‍ ഗേറ്റ്‌സിന്റെ വിവാഹേതരബന്ധം വെളിപ്പെടുത്തി അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട കൂടുതല്‍ ഫയലുകള്‍ പുറത്ത്. 'റഷ്യന്‍ പെണ്‍കുട്ടികള്‍' എന്നു വിശേഷിപ്പിക്കപ്പെട്ടവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് ഗേറ്റ്‌സിനു ഗുഹ്യരോഗം ബാധിച്ചെന്നും ഇക്കാര്യം ഭാര്യയില്‍നിന്നു മറച്ചുവച്ച് ചികിത്സതേടിയിരുന്നതായും രേഖകള്‍.
മൂന്നു ദശലക്ഷത്തിലധികം പേജുകളുള്ള രേഖകളും 2,000-ല്‍ ത്തിലധികം വീഡിയോകളും 180,000 ചിത്രങ്ങളുമാണ് യു.എസ്. നീതിന്യായ വകുപ്പ് കഴിഞ്ഞദിവസം പരസ്യമാക്കിയത്. എപ്‌സ്‌്റ്റീന്‍ ഏഴുതിയതെന്നു കരുതുന്ന ഗേറ്റ്‌സ് കേന്ദ്രബിന്ദുവായ കരട് ഇ-മെയിലുകളാണ് രഹസ്യഫയലുകളില്‍ പ്രധാനം. റഷ്യന്‍ പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് ഗേറ്റ്‌സിനു ഗുഹ്യരോഗം ബാധിച്ചതായി ഇ-മെയിലുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇക്കാര്യം അന്നു ഭാര്യയായിരുന്ന മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സില്‍നിന്ന് മറച്ചുവയ്‌ക്കാന്‍ ബില്‍ ഗേറ്റസ് ശ്രമിച്ചു. രോഗം ഭേദമാക്കാന്‍ രഹസ്യമായി ആന്റിബയോട്ടിക്കുകള്‍ അദ്ദേഹം ആവശ്യപ്പെട്ടതായും രേഖകളിലുണ്ട്.
ദീര്‍ഘകാലം ബില്‍ ഗേറ്റ്‌സിന്റെ ശാസ്‌ത്ര ഉപദേഷ്‌ടാവായ ബോറിസ് നിക്കോളിക്കിനെക്കുറിച്ചും കരട് ഇ-മെയിലുകളില്‍ എപ്‌സ്‌റ്റീന്‍ പരാമര്‍ശിക്കുന്നുണ്ട്. ലൈംഗിക രോഗത്തിനു ചികിത്സയും മരുന്നുകളും ലഭ്യമാക്കാന്‍ നിക്കോളിക്കായിരുന്നു ഗേറ്റ്‌സിന്റെ ഇടനിലക്കാരന്‍. നിക്കോളിക് മുഖാന്തിരമാണ് തന്നോട് ഗേറ്റ്‌സ് ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെട്ടിരുന്നതായി എപ്‌സ്‌റ്റീന്‍ ഇ-മെയിലില്‍ പരാമര്‍ശിക്കുന്നുണ്ട്. അനുചിതവും അധാര്‍മികവുമായ കാര്യങ്ങള്‍ ചെയ്യാന്‍ നിക്കോളിക്കിനെ ഗേറ്റ്‌സ് നിര്‍ബന്ധിച്ചിരുന്നു. പൊതുജനമധ്യത്തിലുള്ള തന്റെ പ്രതിച്‌ഛായയ്‌ക്കു മങ്ങലേല്‍ക്കാതിരിക്കാനുള്ള കരുതലും ഗേറ്റ്‌സിനുണ്ടായിരുന്നു. ഗുഹ്യരോഗം പകരാതിരിക്കാന്‍ മെലിന്‍ഡ അറിയാതെ അവര്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കാന്‍ നിക്കോളിക്കിനോട് ശതകോടീശ്വരന്‍ ആവശ്യപ്പെട്ടു. ഇതുകൂടാതെ താന്‍ ലൈംഗികരോഗ ബാധിതനാണെന്ന സൂചന നല്‍കുന്ന ഇ-മെയിലുകള്‍ നശിപ്പിച്ചു കളയാന്‍ ഗേറ്റ്‌സ് പ്രേരിപ്പിക്കുകയും ചെയ്‌തു. വഴിവിട്ട ബന്ധം പുറത്തായി മെലിന്‍ഡ പരസ്യമായി വിവാഹമോചനത്തിന് അപേക്ഷിച്ചാല്‍ തനിക്കു കോടിക്കണക്കിനു ഡോളര്‍ നഷ്‌ടമുണ്ടാകുമെന്ന് ഗേറ്റ്‌സ് ഭയപ്പെട്ടിരുന്നു. സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍നിന്ന് മെലിന്‍ഡ പിന്മാറിയാല്‍ കോടിക്കണക്കിനു ഡോളര്‍ വിനിയോഗിക്കാനാകില്ലെന്ന ചിന്ത ഗേറ്റ്‌സിനെ അലട്ടിയിരുന്നതായും പരസ്യമാക്കപ്പെട്ട ഫയലുകളില്‍ വ്യക്‌തമാണ്.
2017-ല്‍ റഷ്യന്‍ ബ്രിഡ്‌ജ് പ്ലെയര്‍ മില അന്റോനോവയുമായുള്ള ഗേറ്റ്‌സിന്റെ ബന്ധം വെളിപ്പെടുത്തുമെന്ന് എപ്‌സ്‌റ്റീന്‍ ഭീഷണിപ്പെടുത്തിയെന്ന റിപ്പോര്‍ട്ട് സാധൂകരിക്കുന്ന ഫയലുകളും ഇവയില്‍ ഉള്‍പ്പെടുന്നു. ജെപി മോര്‍ഗന്‍ ചേസുമായി ചേര്‍ന്ന് എപ്‌സ്‌റ്റീന്‍ ആരംഭിച്ച ചാരിറ്റബിള്‍ ഫണ്ടില്‍ പങ്കെടുക്കാന്‍ ഗേറ്റ്‌സ് വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഭീഷണി.
അതേസമയം പുറത്തുവന്ന ഫയലുകളിലെ അവകാശവാദങ്ങള്‍ ബില്‍ ഗേറ്റ്‌സിന്റെ വക്‌താവ് നിരാകരിച്ചു. തികച്ചും അസംബന്ധവും വാസ്‌തവവിരുദ്ധവുമാണ് ഫയലുകളുടെ ഉള്ളടക്കം. ഗേറ്റ്‌സുമായുള്ള ബന്ധം മുറിഞ്ഞതിലുള്ള എപ്‌സ്‌റ്റീന്റെ നിരാശയാണ് പരാമര്‍ശങ്ങള്‍ക്ക് ആധാരം. ഗേറ്റ്‌സിനെ കുടുക്കാനും അപകീര്‍ത്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ളവയാണ് രേഖകളെന്നും വക്‌താവ് പറഞ്ഞു.
1994-ല്‍ വിവാഹിതരായ ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും 2021-ല്‍ വിവാഹമോചിതരായി. ഗേറ്റ്‌സിന്റെ വിവാഹേതര ബന്ധങ്ങളും എപ്‌സ്‌റ്റീനുമായുള്ള ബന്ധവുമാണ് വഴിപിരിയാന്‍ കാരണമെന്ന് മെലിന്‍ഡ മുമ്പ് വ്യക്‌തമാക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ അവര്‍ നല്‍കിയിരുന്നില്ല.
അമേരിക്കയിലെ ധനകാര്യവിദഗ്‌ധനായ ജെഫ്രി എപ്‌സ്‌റ്റീന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയടക്കം കടത്തിയതിനും പീഡനക്കുറ്റം ആരോപിക്കപ്പെട്ടുമാണ് അറസ്‌റ്റിലായത്. ന്യൂയോര്‍ക്കിലെ ജയിലില്‍ വിചാരണ കാത്തുകിടക്കുന്നതിനിടെ 2019-ല്‍ ജീവനൊടുക്കുകയായിരുന്നു.
ന്യൂയോര്‍ക്ക് മേയറുടെ
അമ്മയെക്കുറിച്ചും പരാമര്‍ശം
വാഷിങ്‌ടണ്‍: ലൈംഗിക കുറ്റവാളിയും വ്യവസായിയുമായ ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട പുതിയ രേഖകളില്‍ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനിയുടെ അമ്മയും ചലച്ചിത്രകാരിയുമായ മീരാ നായരെപ്പറ്റിയും പരാമര്‍ശം. 2009ല്‍ മീരാ നായര്‍ സംവിധാനം ചെയ്‌ത 'അമീലിയ' എന്ന ചിത്രത്തിന്റെ ആഫ്‌റ്റര്‍ പാര്‍ട്ടി എപ്‌സ്‌റ്റീന്റെ കൂട്ടാളിയും ലൈംഗിക കടത്ത് കേസ് പ്രതിയുമായ ഗിസ്ലെയ്‌ന്‍ മാക്‌സ്‌വെല്ലിന്റെ
വീട്ടിലാണ് നടന്നതെന്നും ഈ പരിപാടിയില്‍ സംവിധായിക പങ്കെടുത്തു എന്നുമാണ് രേഖകളില്‍ പറയുന്നത്.
വെള്ളിയാഴ്‌ചയാണ്, മൂന്ന് ദശലക്ഷത്തിലധികം പേജുകള്‍ വരുന്ന രേഖകളും 2000ല്‍ അധികം വീഡിയോകളും 180,000 ചിത്രങ്ങളും അടങ്ങുന്ന പുതിയ രേഖകള്‍ യു.എസ് നീതി ന്യായ വകുപ്പ് പുറത്തുവിട്ടത്. ഇതില്‍, പബ്ലിസിസ്‌റ്റ് പെഗ്ഗി സീഗല്‍, 2009 ഒകേ്‌ടാബര്‍ 21ന് എപ്‌സ്‌റ്റീന് അയച്ച ഇമെയിലില്‍ ആണ് മീരാ നായരും പല പ്രമുഖരും പങ്കെടുത്ത പാര്‍ട്ടിയെപ്പറ്റിയുള്ള വിശദാംശങ്ങളുള്ളത്. പാര്‍ട്ടി കഴിഞ്ഞുടന്‍ അയച്ച മെയിലില്‍ യു.എസ് മുന്‍ പ്രസിഡന്റ് ബില്‍ക്ല ിന്റണ്‍, ആമസോണ്‍ സി.ഇ.ഒ: ജെഫ് ബസോസ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തതായി പറയുന്നുണ്ട്.
'ജിസ്‌ലെയ്‌ന്റെ ടൗണ്‍ഹൗസില്‍ നിന്ന് ഇറങ്ങിയതേയുള്ളൂ... സിനിമയുടെ ആഫ്‌റ്റര്‍ പാര്‍ട്ടി ആയിരുന്നു. ബില്‍ക്ല ിന്റണ്‍, ജെഫ് ബെസോസ് എന്നിവര്‍ അവിടെ ഉണ്ടായിരുന്നു... ഷോണ്‍ പിഗോസി , സംവിധായിക മീരാ നായര്‍.... തുടങ്ങിയവരും,' എന്നാണ് ഇമെയിലില്‍ പറയുന്നത്. മീരാ നായരുടെ സിനിമയോടുള്ള അതിഥികളുടെ പ്രതികരണം 'തണുപ്പന്‍' ആയിരുന്നുവെന്നും ഇമെയില്‍ പെഗ്ഗി കൂട്ടിച്ചേര്‍ക്കുന്നു.
എപ്‌സ്‌റ്റീന്‍ ഫയലുകളില്‍ കുടുങ്ങി മറ്റുള്ളവര്‍
ദ് ഡ്യൂക്ക്': യു.കെയിലെ പ്രഭുവുമായി (ദ് ഡ്യൂക്ക്' എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഇത് ആന്‍ഡ്രൂ രാജകുമാരനാണെന്നു കരുതപ്പെടുന്നു) എപ്‌സ്‌റ്റീന്‍ നടത്തിയ കത്തിടപാടുകള്‍ ഇതിലുണ്ട്. ബക്കിങ്‌ഹാം കൊട്ടാരത്തില്‍ 'സ്വകാര്യതയുള്ള' ഒരിടത്ത് അത്താഴ വിരുന്നിനെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്യുന്നു. ഒരു 26 വയസുള്ള റഷ്യന്‍ യുവതിയെ പരിചയപ്പെടുത്താനുള്ള വാഗ്‌ദാനവും എപ്‌സ്‌റ്റീന്‍ നല്‍കുന്നു. ഈ കത്തിടപാടുകള്‍ 'എ' എന്നും 'എച്ച്‌ആര്‍എച്ച് ഡ്യൂക്ക് ഓഫ് യോര്‍ക്ക് കെജി' എന്നും ഒപ്പിട്ടിരിക്കുന്നു. ആന്‍ഡ്രൂ ഇതിനോടകം എപ്‌സ്‌റ്റീനുമായുള്ള സൗഹൃദത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്.
സാറാ ഫെര്‍ഗൂസണ്‍: ആന്‍ഡ്രൂവിന്റെ മുന്‍ ഭാര്യയായ സാറാ ഫെര്‍ഗൂസണുമായി എപ്‌സ്‌റ്റീന് കത്തിടപാടുണ്ടായിരുന്നു. 2009ല്‍ അവരുടെ കമ്പനിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു കത്തില്‍, എപ്‌സ്‌റ്റീനെ 'എന്റെ പ്രിയപ്പെട്ട സുഹൃത്ത് ജെഫ്രി' എന്ന് വിശേഷിപ്പിച്ചു. അന്ന് എപ്‌സ്‌റ്റീന്‍ വീട്ടുതടങ്കലിലായിരുന്നു.
ലോര്‍ഡ് പീറ്റര്‍ മാന്‍ഡെല്‍സണ്‍: 2009ല്‍ എപ്‌സ്‌റ്റീന്‍, ലോര്‍ഡ് പീറ്റര്‍ മാന്‍ഡെല്‍സന്റെ ഭര്‍ത്താവ് റൈനാള്‍ഡോ അവില ഡി സില്‍വയ്‌ക്ക് ഏകദേശം 13,692 ഡോളര്‍ അയച്ചതായി രേഖകള്‍ കാണിക്കുന്നു. മാന്‍ഡെല്‍സണ്‍ എപ്‌സ്‌റ്റീന്റെ വസതികളിലൊന്നില്‍ താമസിക്കാന്‍ അനുമതി ചോദിച്ചതായും വിവരങ്ങളുണ്ട്. എപ്‌സ്‌റ്റീന്‍ ജയിലില്‍ ആയിരുന്ന കാലത്താണ് ഈ കത്തിടപാടുകള്‍ നടന്നത്. മാന്‍ഡെല്‍സണ്‍ പിന്നീട് എപ്‌സ്‌റ്റീനുമായി പുലര്‍ത്തിയ സൗഹൃദത്തെക്കുറിച്ച് ഖേദം പ്രകടിപ്പിക്കുകയും അദ്ദേഹത്തില്‍നിന്ന് തെറ്റായതൊന്നും കണ്ടില്ലെന്ന് പറയുകയും ചെയ്‌തിട്ടുണ്ട്.
ഡോണള്‍ഡ് ട്രംപ്: എപ്‌സ്‌റ്റീന്റെ നൂറുകണക്കിന് തവണ രേഖകളില്‍ ട്രംപിന്റെ പേരുണ്ട്. ട്രംപിന് എപ്‌സ്‌റ്റീനുമായി സൗഹൃദമുണ്ടായിരുന്നു, എന്നാല്‍ ഇത് പല വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനിച്ചെന്നും ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അദ്ദേഹം പറയുന്നു. ട്രംപിനെതിരേ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച നിരവധി ആരോപണങ്ങള്‍ എഫ്‌ബിഐക്ക് ലഭിച്ച വിവരങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ പലതും തെളിയിക്കപ്പെടാത്ത വിവരങ്ങളാണ്.
എലോണ്‍ മസ്‌ക്: ടെക് ശതകോടീശ്വരനായ എലോണ്‍ മസ്‌ക് എപ്‌സ്‌റ്റീനുമായി കത്തിടപാട് നടത്തിയതായി രേഖകളില്‍ കാണാം. 2012ല്‍ എപ്‌സ്‌റ്റീന്റെ ദ്വീപിലെ 'ഏറ്റവും സാഹസികമായ പാര്‍ട്ടി' എപ്പോഴാണെന്ന് മസ്‌ക് ചോദിക്കുന്നു. ദ്വീപിലേക്ക് പോകുന്നത് സംബന്ധിച്ച ചര്‍ച്ചകളും ഇതിലുണ്ട്. മസ്‌ക് എപ്‌സ്‌റ്റീന്റെ ദ്വീപില്‍ പോയതിന് തെളിവുകളില്ല.
ഇനിയും രേഖകള്‍ പുറത്തുവിടാനുണ്ടെന്നാണു ഡെമോക്രാറ്റ് അംഗങ്ങളുടെ നിലപാട്. കൂടുതല്‍ രേഖകള്‍ മറച്ചുവച്ചിട്ടുണ്ടെന്ന് അവര്‍ ആരോപിക്കുന്നു. പ്രസിദ്ധീകരിച്ച രേഖകളില്‍ പലതും ആവശ്യത്തിന് ചുരുക്കിയെഴുത്തുകളോടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത് ഇരകളെ സംരക്ഷിക്കാനും അന്വേഷണം നടക്കുന്ന വിവരങ്ങള്‍ മറച്ചുവെക്കാനും വേണ്ടിയാണെന്നാണു സര്‍ക്കാരിന്റെ വിശദീകരണം.