Wednesday, March 11, 2026 Last Updated 19 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.18 AM

'കൊലപാതകത്തിനെതിരായ വാക്‌സിന്‍': ഇസ്രയേലില്‍ വിവാദം

ടെല്‍ അവീവ്‌: പുതിയ വധശിക്ഷാ നിയമത്തിന്റെ പേരില്‍ ഇസ്രയേലില്‍ വിവാദം. ഇസ്രയേലി പൗരന്മാരെ വധിക്കുന്നവര്‍ക്കു മാത്രമാണു പുതിയ ബില്‍ ബാധകമാകുക. പലസ്‌തീനികളെ കൊല്ലുന്ന ഇസ്രയേലി പൗരന്മാര്‍ക്ക്‌ അത്‌ ബാധകമല്ല. ഈ വിവേചനമാണു ചര്‍ച്ചയാകുന്നത്‌. ഇസ്രായേല്‍ ഇതുവരെ രണ്ട്‌ തവണ മാത്രമാണ്‌ ഔദ്യോഗികമായി വധശിക്ഷ നടപ്പാക്കിയിട്ടുള്ളത്‌. അവസാന വധശിക്ഷ നടന്നത്‌ അറുപത്‌ വര്‍ഷം മുമ്പായിരുന്നു. കുപ്രസിദ്ധനായ നാസി യുദ്ധക്കുറ്റവാളി അഡോള്‍ഫ്‌ ഐക്ക്‌മാനെയാണ്‌ അന്ന്‌ തൂക്കിക്കൊന്നത്‌.
2023 ഒക്‌ടോബര്‍ ഏഴിന്‌ ഹമാസ്‌ നടത്തിയ ആക്രമണങ്ങളുടെ പശ്‌ചാത്തലത്തിലാണു വധശിക്ഷാ നിയമം കൊണ്ടുവരുന്നത്‌. കൊലപാതകത്തിനെതിരായ വാക്‌സിനാണു ബില്ലെന്നാണ്‌ അതിന്റെ പിന്തുണയ്‌ക്കുന്ന ജൂവിഷ്‌ പവര്‍ പാര്‍ട്ടിയുടെ അവകാശവാദം.
എന്നാല്‍, മനുഷ്യാവകാശ സംഘടനകള്‍ ബില്ലിനെ എതിര്‍ക്കുകയാണ്‌. ബില്‍ ധാര്‍മ്മികമല്ലെന്നും, അത്‌ പലസ്‌തീനികളെ മാത്രം ലക്ഷ്യമിടുന്നതിനാല്‍ 'വംശീയ വധശിക്ഷ' കൊണ്ടുവരുമെന്നും അവര്‍ വാദിക്കുന്നു.
ഇസ്രയേലില്‍ ചില കുറ്റങ്ങള്‍ക്ക്‌ വധശിക്ഷ നിലവിലുണ്ട്‌. എന്നാല്‍ സൈനിക കോടതികള്‍ ഭീകരയോ ശത്രുപക്ഷത്തുള്ള പോരാളികളെയോ വധശിക്ഷയ്‌ക്ക്‌ വിധിച്ചിട്ടുള്ള അപൂര്‍വ സന്ദര്‍ഭങ്ങളില്‍ പോലും അപ്പീലുകള്‍ക്ക്‌ ശേഷം അവയെല്ലാം ജീവപര്യന്തം തടവിലേയ്‌ക്ക്‌ മാറ്റിയിരുന്നു.
ഐക്ക്‌മാന്‍ കേസ്‌ ഒരു അപവാദമായിരുന്നു. നാസികളുടെ ഉന്നത ഉദ്യോഗസ്‌ഥനായിരുന്ന ഐക്ക്‌മാന്‍ വംശഹത്യയുടെ മുഖ്യ സൂത്രധാരനായിരുന്നു. 1960ല്‍, ഇസ്രയേലി രഹസ്യാന്വേഷണ ഏജന്‍സികള്‍ അര്‍ജന്റീനയില്‍നിന്ന്‌ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി, ജറുസലേമില്‍ ഒരു പ്രത്യേക കോടതിയില്‍ ദീര്‍ഘവും പരസ്യവുമായ വിചാരണയ്‌ക്ക്‌ വിധേയനാക്കി.
അതിനുമുമ്പ്‌, 1948 ജൂണില്‍, ഇസ്രായേല്‍ രാജ്യം സ്‌ഥാപിതമായ ഉടന്‍, ഒരു സൈനിക ക്യാപ്‌റ്റനായിരുന്ന മെയിര്‍ ടോബിയാന്‍സ്‌കിയെ രാജ്യദ്രോഹക്കുറ്റത്തിന്‌ വിചാരണ കൂടാതെ തൂക്കിക്കൊന്നു. പിന്നീട്‌ അദ്ദേഹം കുറ്റമുക്‌തനാക്കപ്പെട്ടു. ഭീകരരെ മോചിപ്പിക്കാന്‍ വേണ്ടി തട്ടിക്കൊണ്ടുപോകുന്നതിനോ ബന്ദികളാക്കുന്നതിനോ ഉള്ള പ്രോത്സാഹനം കുറയ്‌ക്കുകയും, കുറ്റകൃത്യങ്ങള്‍ക്ക്‌ പ്രതികാരം നല്‍കുകയുമാണു ബില്ലിലൂടെ ഉദ്ദേശിക്കുന്നതെന്നാണു വാദം.

Ads by Google
Sunday 01 Feb 2026 11.18 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW