Wednesday, March 11, 2026 Last Updated 57 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 04.42 PM

അവസാനമായി നവാസിക്കയെ സ്ക്രീനില്‍ കാണാന്‍ രഹ്നയെത്തി; ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിതുമ്പി മകനെ ചേര്‍ത്തുപിടിച്ച് പൊട്ടിക്കരഞ്ഞു; അവരെ വെറുതെ വിട്ടു കൂടെയെന്ന് കമന്റുകള്‍

കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗം അവശേഷിപ്പിച്ച ശൂന്യതയിൽ നിന്നും ഇന്നും കുടുംബം കരകയറിയിട്ടില്ല. ഇപ്പോഴിതാ നവാസിന്റെ അവസാന ചിത്രം തിയേറ്ററില്‍ കാണാനെത്തിയ ഭാര്യ രഹ്നയുടെ വീഡിയോയാണ് കാഴ്ച്ചക്കാരെ കണ്ണീരണിയിക്കുന്നത്.
 Kalabhavan Navas' unexpected demise, Rahna Kalabhavan Navas, Prakambanam movie
Kalabhavan navas's wife Rahna got emotional on watching prakambanam movie (Image Source: Instagram)

മലയാളത്തിന്റെ ബിഗ് സ്ക്രീന്‍ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും സഹതാരങ്ങള്‍ക്കും വലിയൊരു ഞെട്ടല്‍ നല്‍കിയ വിയോഗമായിരുന്നു കലാഭവന്‍ നവാസിന്റേത്. ചോറ്റാനിക്കരയില്‍ ഷൂട്ടിങ്ങിന് വേണ്ടി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം ആയിരുന്നു മരണകാരണം. നവാസിന്റെ അപ്രതീക്ഷിത മരണവാര്‍ത്ത കലാ ലോകത്തെ വല്ലാതെ നടുക്കിയിരുന്നു. ഓഗസ്റ്റ് ഒന്നിനാണ് ഉറ്റവര്‍ക്കും കുടുംബത്തിനും തീരാ വേദന നല്‍കി നവാസ് കടന്നു പോയത്.
51 വയസ്സുകാരനായ നവാസ് അവശേഷിപ്പിച്ച ശൂന്യതയിൽ നിന്നും ഇന്നും കുടുംബം കരകയറിയിട്ടില്ല. നവാസിന്റെ നി​ഴലായി മാത്രം ജീവിക്കാന്‍ എന്നുമിഷ്ടപ്പെട്ടിരുന്ന ഭാര്യയും അഭിനേത്രിയുമായ രഹ്നയ്ക്കും മൂന്നു മക്കള്‍ക്കും നവാസിന്റെ മരണവുമായി ഇപ്പോഴും പൊരുത്തപ്പെടാനായിട്ടില്ല. രഹ്നയെ സംബന്ധിച്ചിടത്തോളം ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു ഭര്‍ത്താവിന്റെ വിയോഗം. നവാസിന്റെ മരണശേഷം പൊതുവേദികളില്‍ ഒന്നും രഹ്ന പ്രത്യക്ഷപ്പെട്ടിരുന്നില്ല. മാധ്യമങ്ങളില്‍ നിന്ന് തീര്‍ത്തും അകന്ന ജീവിതമായിരുന്നു രഹ്നയുടേതും മക്കളുടേതും. നവാസും രഹ്നയും ഒന്നിച്ച് അഭിനയിച്ച ഇഴ എന്ന ചിത്രം നവാസിന്റെ മരണശേഷം യൂട്യൂബില്‍ റിലീസ് ചെയ്തിരുന്നു. മക്കള്‍ മാത്രം ചിലപ്പോഴൊക്കെ തങ്ങളുടെ വാപ്പച്ചിയുടെ ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ, നവാസ് അവസാനമായി അഭിനയിച്ച ‘പ്രകമ്പനം’ എന്ന സിനിമ തിയേറ്ററില്‍ കാണാന്‍ എത്തിയിരിക്കുന്ന രഹ്നയുടെയും മക്കളുടെയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നിറഞ്ഞ കണ്ണുകളോടെ ചിത്രം കണ്ടിറങ്ങുന്ന രഹനയുടെ ദൃശ്യങ്ങള്‍ കണ്ടു നില്‍ക്കുന്നവരെപ്പോലും കണ്ണീരിലാഴ്ത്തുന്നുണ്ട്. നവാസിക്കയുടെ വേര്‍പാടിന്റെ സങ്കടം ഉള്ളിലൊതുക്കി വലിയ ഹൃദയവേദനയോടെയാണ് രഹ്ന സിനിമ കണ്ടുതീര്‍ത്തു. മക്കള്‍ക്കൊപ്പമാണ് രഹ്ന തിയേറ്ററില്‍ ചിത്രം കാണാന്‍ എത്തിയത്.
ചിത്രം പൂര്‍ത്തിയായി തീയറ്ററില്‍ നിന്ന് പുറത്തിറങ്ങിയ രഹ്നയ്ക്ക് പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചോദ്യങ്ങളുമായി വട്ടം കൂടിയതിന് വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. വികാരഭരിതമായ രഹ്ന, ‘‘പ്ലീസ്, ഒന്നും പറയാനില്ല, എന്നെ വെറുതെ വിടൂ...’’ എന്ന് മാധ്യമങ്ങളോട് പറഞ്ഞ് രഹ്ന പെട്ടെന്ന് പൊട്ടിക്കരഞ്ഞു. ഉടന്‍ തന്നെ മകന്‍ അമ്മയെ ചേര്‍ത്തു നിര്‍ത്തി. മകന്റെ നെഞ്ചില്‍ മുഖം ചേര്‍ത്ത് രഹ്ന കരയുന്നത് തിയേറ്ററിലെത്തിയ എല്ലാവരെയും കണ്ണീരണിയിച്ചു.

ഈ ഘട്ടത്തിലും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രഹ്നയുടെ മുഖവും കണ്ണീരും പകര്‍ത്തി. സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോകള്‍ ശ്രദ്ധിക്ക​പ്പെട്ടതോടെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. ‘അവരെ ബുദ്ധിമുട്ടിക്കാതെ വെറുതെ വിട്ടുകൂടെ, അവരുടെ സ്വകാര്യതയ്ക്ക് ഒരു വിലയുമില്ല, എന്തിനാണ് ഒരാളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്...’ എന്നതടക്കമാണ് വിമര്‍ശന കമന്റുകള്‍.
22 വര്‍ഷത്തെ ആരും കൊതിക്കുന്ന ദാമ്പത്യമാണ് കലാഭവന്‍ നവാസും രഹ്നയും തമ്മിലുണ്ടായിരുന്നത്. തനിക്കൊരിക്കലും നവാസിക്കയില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന് രഹ്ന പലപ്പോഴും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ രഹനയെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാനാണ് കുടുംബം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം രഹ്നയുടെ പിതാവായ കൊച്ചിന്‍ ഹസനാരും ഇക്കാര്യം വികാരഭരിതനായി പങ്കുവച്ചിരുന്നു.

ചിരിയും ഭയവും ഒരേപോലെ വിതറുന്ന ‘പ്രകമ്പനം’ ഹോസ്റ്റൽ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഹൊറർ കോമഡി ചിത്രമാണ്. യുവതലമുറയെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ലക്ഷ്യമിട്ടുളള ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗണപതി, സാഗർ സൂര്യ, അൽ അമീൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘പ്രകമ്പനം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് കലാഭവൻ നവാസ് മരിച്ചത്. വിജേഷ് പാണത്തൂർ ആണ് ചിത്രം സംവിധാനം ചെയ്തത്. രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി. പി. കുഞ്ഞികൃഷ്ണൻ, ലാൽ ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

Ads by Google
Saturday 31 Jan 2026 04.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW