Wednesday, March 11, 2026 Last Updated 21 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 10.19 PM

‘‘നവാസ് അവസാനമഭിനയിച്ച ‘പ്രകമ്പനം’ എല്ലാവരും തിയേറ്ററില്‍ പോയി കാണണം; ഇനിയെന്റെ മോന്റെ പടം ആരും കാണില്ലല്ലോ...’’ വിതുമ്പി പറഞ്ഞ് രഹ്നയുടെ വാപ്പ കൊച്ചിന്‍ ഹസ്സനാര്‍

uploads/news/2026/01/823223/Untitled-5.jpg
Cochin hassanar emotional words about kalabhavan navas (Image Source: Instagram)

അനുകരണകലയെ സ്നേഹിച്ച് കലാഭവനിലേക്ക് എത്തി പിന്നീട് വേദികളില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് കലാഭവന്‍ നവാസ്. നടൻ അബൂബക്കറിന്റെ മകന്‍ എന്ന ലേബലിൽ അറിയപ്പെട്ടിരുന്നുവെങ്കിലും അനുകരണകലയില്‍ സ്വന്തമായി മേല്‍വിലാസമുണ്ടാക്കിയ കലാഭവന്‍ നവാസ് വെള്ളിത്തിരയിലും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.
സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കിയ ഒരു വേര്‍പാടായിരുന്നു കലാഭവന്‍ നവാസിന്റേത്. ഭാര്യയും അഭിനേത്രിയുമായ രഹ്നയെയും കുടുംബത്തെയും സഹോദരങ്ങളെയുമൊ​ക്കെ ഒരുപാട് സ്നേഹിച്ചിരുന്ന നവാസിന്റെ വേര്‍പാടുണ്ടാക്കിയ വിള്ളലില്‍ നിന്ന് ഇതുവരെ ആവരാരും തന്നെ മുക്തരായിട്ടില്ല. ‘പ്രകമ്പനം’ എന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങാനിരിക്കുമ്പോഴാണ് ഹൃദയാഘാതം വന്ന് നവാസ് മരണപ്പെട്ടത്.
ഇപ്പോഴിതാ തന്റെ മരുമകന്റെ അവസാന സിനിമയെക്കുറിച്ച് ഭാര്യപിതാവും നാടകപ്രവർത്തകനുമായ കൊച്ചിൻ ഹസ്സനാരുടെ വാക്കുകളാണ് ആരാധകരെ നൊമ്പരത്തിലാഴ്ത്തുന്നത്. അകാലത്തിൽ വിട പറഞ്ഞ നവാസ് അവസാനമായി അഭിനയിച്ച ‘പ്രകമ്പനം’ എന്ന സിനിമയെക്കുറിച്ച് പരാമർശിച്ച് സംസാരിക്കുന്നതിന് ഇടയിൽ കൊച്ചിൻ ഹസ്സനാരുടെ വാക്കുകൾ ഇടറി. ‘എന്റെ മകൻ’ എന്നു പരാമർശിച്ചുകൊണ്ടായിരുന്നു ഹസ്സനാര്‍ ഇക്ക കലാഭവൻ നവാസിനെക്കുറിച്ച് സംസാരിച്ചത്. ഇനിയൊരു സിനിമയിൽ മകനെ കാണാൻ കഴിയില്ലല്ലോ എന്നൊരു ദുഃഖവും ഹസ്സനാർ പങ്കുവച്ചു.
‘‘ഞാന്‍ പറയുന്നത് തെറ്റാണെങ്കില്‍ ക്ഷമിക്കുക. നാളെ അവസാനമായി കലാഭവന്‍ നവാസ് അഭിനയിച്ച ‘പ്രകമ്പനം’ റിലീസ് ചെയ്യുകയാണ്. എല്ലാവരും കാണണം. അത് തിയേറ്ററില്‍ പോയി തന്നെ എല്ലാവരും കാണണം. ഇനി എന്റെ മോന്റെ പടം ആരും കാണില്ലല്ലോ....’’ എന്നാണ് ഹസ്സനാർ ഇക്ക വികാരാധീനനായി വിതുമ്പലോടെ പറഞ്ഞത്.

ഇക്കഴിഞ്ഞ ദിവസം കലാഭവൻ നവാസ് രചനയും സംവിധാനവും നിർവഹിച്ച നാടകത്തിന്റെ അവതരണ വേദിയില്‍ വച്ചും ഹസ്സനാര്‍ വികാരധീനനായിരുന്നു. കലാഭവൻ‍ നവാസ് രചനയും സംവിധാനവും നിർവഹിച്ച ‘ഇന്ന്’ എന്ന നാടകം കാണാൻ കുടുംബാംഗങ്ങൾക്കു പുറമെ അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു.
‘‘എനിക്ക് രണ്ട് പെൺകുട്ടികൾ ആണ്. അതിൽ ഇളയ ആളാണ് രഹന. എന്റെ രണ്ടു മക്കളും മരുമക്കളാണ്. വീട്ടിലേക്കു വന്നു കയറിയ പുത്രന്മാർ രണ്ടുപേരും നല്ല പുത്രന്മാരായിരുന്നു. 22 വർഷമായി എന്റെ കൂടെ ആയിരുന്നു എന്റെ മരുമോൻ. മരുമോൻ അല്ലായിരുന്നു, മകനായിരുന്നു. എല്ലാം അറിഞ്ഞു ചെയ്യുന്ന ആളായിരുന്നു. ഇതുവരെ ഒരാളെ പറ്റി പോലും മോശം പറഞ്ഞിട്ടില്ല. നവാസ്.. നീറ്റൽ തന്നു പോയി. പുതിയ നാടകം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. 12 പേജോളം എഴുതി. എന്നോട് കഥ പറഞ്ഞു തന്നു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന നാടകം മാറ്റി ഇതു ചെയ്യാമെന്നു പറഞ്ഞു. പക്ഷേ, അവൻ പോയി...നവാസിന്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കാണുമ്പോൾ സ്നേഹവും സന്തോഷവുമാണ് തോന്നുന്നത്... കൊച്ചിൻ ഹസ്സനാർ പറഞ്ഞു.
നവാസിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ആഘാതത്തിലാണ് ഇപ്പോഴും കുടുംബം. 2025 ഓഗസ്റ്റ് ഒന്നിനായിരുന്നു ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

uploads/news/2026/01/823223/Untitled-06.jpg
Cochin hassanar emotional words about kalabhavan navas (Image Source: Instagram)

Ads by Google
Friday 30 Jan 2026 10.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW