-->
കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിതമായ ഉണ്ടായ വേര്‍പാടിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ സഹപ്രവര്‍ത്തകരും ആരാധകരും കലാലോകവും മുക്തരായിട്ടില്ല. ഇന്നും ആ തേങ്ങലില്‍ ജീവിക്കുകയാണ് നവാസിന്റെ കുടുംബം. നവാസ് പോയ ശേഷം മക്കള്‍ വാപ്പിച്ചിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പല അനുഭവങ്ങളും സംഭവങ്ങളും അവരുടെ നൊമ്പരവുമൊക്കെ പങ്കിടാറുണ്ട്. അവരുടെ ജീവിതത്തില്‍ അച്ഛന്‍ എത്രത്തോളം ആഴത്തിലുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഓരോ പോസ്റ്റുകളും. നവാസും ഭാര്യ രഹ്നയുടെ തമ്മിലുള്ള സ്നേഹത്തിന്റെ ആഴവും ഓരോ പോസ്റ്റുകളിലും നിറഞ്ഞു നില്‍ക്കുന്നുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ഈ പോസ്റ്റുകള്‍ ഇടുന്നത് തത്കാലം നിര്‍ത്തുന്നു എന്ന രീതിയിലുള്ള ഒരു കുറിപ്പ് പങ്കിടുകയാണ് നവാസിന്റെ മക്കള്‍. നവാസിനു വേണ്ടിയല്ല പകരം തങ്ങള്‍ക്കു വേണ്ടിയാണ് എല്ലാം പങ്കിട്ടിരുന്നതെന്നാണ് മക്കള്‍ കുറിക്കുന്നത്. ഒപ്പം രഹ്നയ്ക്ക് നവാസ് അയച്ചു കൊടുത്ത ഒരു സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ടും മക്കള്‍ പങ്കുവച്ചിട്ടുണ്ട്. ‘ആരെയും നോക്കണ്ട, നമ്മുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കുക...നമ്മളെ ഇഷ്ടപ്പെടുന്ന, അംഗീകരിക്കുന്ന എത്രയോ പേരുണ്ട്...അവരെ മാത്രം ശ്രദ്ധിച്ചാല്‍ മതി....’ എന്നാണ് സ്ക്രീന്‍ഷോട്ടിലുള്ളത്. ‘പ്രകമ്പനം’ സിനിമയുടെ ഷൂട്ടിനിടെ കാരവാനിലിരുന്നു ഉമ്മിച്ചിക്ക് അയച്ചുകൊടുത്തതാണ് ഇതെന്നും മക്കള്‍ കുറിച്ചിട്ടുണ്ട്.
‘‘വാപ്പിച്ചി പോയപ്പോൾ ഉമ്മിച്ചി ഞങ്ങൾക്ക് 3 പേർക്കും തന്ന ഗിഫ്റ്റ് ആണ്. ഇത് മരണം വരെ നിങ്ങൾക്കൊരു അസറ്റ് ആയിരിക്കും എന്നും പറഞ്ഞു.
വാപ്പിച്ചി പ്രകമ്പനത്തിന്റെ കാരവാനിലിരുന്നു ഉമ്മിച്ചിക്ക് അയച്ചുകൊടുത്തതാ.
ഞങ്ങൾ വാപ്പിച്ചിയുടെ അക്കൗണ്ടില്‍ പോസ്റ്റ് ഇടുന്നത്, വാപ്പിച്ചിക്ക് വേണ്ടിയല്ല...വാപ്പിച്ചിക്ക് വേണ്ടുന്ന ഇബാദത്തും വാപ്പിച്ചിക്ക് വേണ്ടുന്ന എല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട്, അത് പുറത്തു പറയാറില്ല, അത് ഞങ്ങൾ വാപ്പിച്ചിക്ക് വേണ്ടി മാത്രം ചെയ്യുന്നതാണ്, അത് പുറത്ത് പറയുന്നതെന്തിനാണ്.
വാപ്പിച്ചിയുടെ അക്കൗണ്ട് ഡെഡ് ആയി കിടക്കുന്നതുകാണുമ്പോൾ നെഞ്ചിലൊരു ഭാരം അതുകൊണ്ടാണ് കുറേ ദിവസം കൂടുമ്പോൾ എന്തെങ്കിലും ഒന്ന് പോസ്റ്റ് ചെയ്യും. പോസ്റ്റ് വീഴുമ്പോൾ വാപ്പിച്ചി ആക്ടീവ് ആയി എന്ന് ഞങ്ങൾക്ക് തോന്നും. അപ്പോൾ കുറച്ചു ദിവസത്തേയ്ക്കു ഞങ്ങൾക്ക് പഠിക്കാൻ പറ്റും
വീട്ടിലും ഞങ്ങൾ വാപ്പിച്ചിയുടെ ഡ്രെസ് ഇടും. എല്ലാദിവസവും വാപ്പിച്ചിയുടെ ഡ്രെസ്സും വാഷ് ചെയ്യാൻ കിട്ടും. വാപ്പിച്ചിയുള്ളപ്പോൾ മാത്രം വാപ്പിച്ചിക്ക് വയ്ക്കുന്ന ഫുഡ് ഞങ്ങൾ ഇപ്പോൾ കഴിക്കാറുണ്ട്.
ഇതെല്ലാം ചെയ്യുന്നത്, വാപ്പിച്ചിയുണ്ട് എന്ന് തോന്നിപ്പിക്കാനാണ്, അല്ലാതെ വാപ്പിച്ചിക്ക് വേണ്ടിയല്ല, ഞങ്ങൾക്ക് വേണ്ടിയാണ്...അത് നിങ്ങളിൽ പലർക്കും ബുദ്ധിമുട്ടുള്ളതുകൊണ്ട് ഇനി വീട്ടുകാര്യങ്ങൾ ഇടുന്നില്ല...പക്ഷെ പോസ്റ്റ് ഇടും അതിൽ വാപ്പിച്ചിയുടെ ജീവൻ ഉള്ളതുപോലെ...ഒരു പരിചയവുമില്ലാത്ത ഒരുപാടുപേർ ദൂരത്തുനിന്നുവരും അവർക്കാർക്കും ഉമ്മച്ചിയെ കാണാൻ പറ്റാറില്ല.
എന്നാലും സ്നേഹമുള്ളതുകൊണ്ടല്ലേ, ഉമ്മച്ചിയുടെ എന്തെങ്കിലും വിവരമറിഞ്ഞാൽ മതി, കാണാൻ പോലും നിൽക്കാറില്ല. പോസ്റ്റ് ഇട്ടുതുടങ്ങിയത് ഞങ്ങൾക്ക് വേണ്ടിയാണെങ്കിലും മാസങ്ങളായി വന്നുകൊണ്ടിരുന്നവർ വരാതായി അവർക്ക് എവിടെ നിന്നെങ്കിലും ഉമ്മച്ചിയെ പറ്റി അറിഞ്ഞാൽ മതിയായിരുന്നു.
ഇനി വീട്ടുകാര്യങ്ങൾ ഇടാതിരിക്കുമ്പോൾ ആരും ഒരുപാട് ദൂരം യാത്ര ചെയ്തു വരരുത്. ഞങ്ങൾ ഒക്കെ ആണ്. വാപ്പിച്ചി വർക്കിനുപോകുമ്പോൾ ഉമ്മിച്ചിയുടെ ഉപ്പയേയും ഉമ്മിയേയും ഞങ്ങളെ ഏല്പിച്ചാണ് പോവുന്നത്...ഇപ്പോഴും അവരെ ഏൽപ്പിച്ചാണ് വാപ്പിച്ചി പോയത്...ഈ ആറുപേരിലാണ് ഞങ്ങളുടെ പേഴ്സണല്‍ കാര്യങ്ങൾ ഒതുങ്ങുന്നത്...’’ എന്നാണ് കലാഭവന്‍ നവാസിന്റെ മക്കള്‍ കുറിച്ചിരിക്കുന്നത്.
ഈ പോസ്റ്റിനു താഴെ നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്. മിക്ക ആളുകളും പോസ്റ്റ് ഇടുന്നത് നിര്‍ത്തരുത് എന്ന അപേക്ഷയാണ് കുറിക്കുന്നത്. ‘വാപ്പച്ചി യുടെ പേജ് എപ്പോഴും ലൈവായി നിറുത്തണം അപ്പൊ ഞങ്ങൾക്കും നവാസ്ക്കാനെ മിസ്സ് ചെയ്യില്ല ല്ലൊ, എന്തെങ്കിലും ഇടണം മക്കളെ ഞങളുടെ ഇക്കാ അല്ലെ എനിക്ക് ഇക്കാ ഈ ഭൂമിയിൽ ഇല്ല എന്നു വിശ്വസികാൻ പറ്റുന്നില്ല നിങ്ങൾ ഇടുമ്പോൾ എവിടെ യോ ഉണ്ട് ആൾ എങ്ങനെ വിശ്വസികാൻ ആണ് ഇഷ്ട്ടം, ഇത്രേം അച്ഛനെ സ്നേഹിക്കുന്ന മക്കൾ... ഇത്രേം ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യ. നവാസിക്ക എന്ത് ഭാഗ്യവാനാണ്, ഈ അക്കൗണ്ട് ഒരിക്കലും ഡെഡ് ആകാന്‍ പാടില്ല...’ എന്നതടക്കമാണ് കമന്റുകള്‍.