-->
ന്യൂഡല്‍ഹി: കൂടുമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തി ശശി തരൂര്‍ എം.പി. പാര്‍ലമെന്റ് ഹൗസില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും അദ്ദേഹം സന്ദര്‍ശിച്ചു. കൂടിക്കാഴ്‌ച 90 മിനിറ്റ് നീണ്ടു. 'എല്ലാം ശുഭകരമാണ്, ഞങ്ങള്‍ ഒരുമിച്ച് ഒരേ താളത്തില്‍ മുന്നോട്ട് പോകുകയാണ്...'- കൂടിക്കാഴ്‌ചക്ക് ശേഷം തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്നാണു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള തരൂരിന്റെ ബന്ധത്തില്‍ വിള്ളല്‍ വീണത്. കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളടക്കം നിരവധി ഉന്നതതല കോണ്‍ഗ്രസ് യോഗങ്ങളില്‍നിന്ന് തരൂര്‍ വിട്ടുനിന്നിരുന്നു.
തന്റെ അഭിപ്രായങ്ങളും ആശങ്കകളും തരൂര്‍ ഖാര്‍ഗെയും രാഹുലിനെയും അറിയിച്ചതായി അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് പരാതികള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നായിരുന്നത്രേ ഹൈക്കമാന്‍ഡിന്റെ മറുപടി.
കഴിഞ്ഞ ഏപ്രിലില്‍ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്നാണു കോണ്‍ഗ്രസുമായുള്ള തരൂരിന്റെ ബന്ധത്തില്‍ വിള്ളല്‍ വീണത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചത് കോണ്‍ഗ്രസ് നേതാക്കളില്‍നിന്നു രൂക്ഷമായ വിമര്‍ശനം ക്ഷണിച്ചുവരുത്തി. പലരും തരൂര്‍ ബി.ജെ.പിയില്‍ ചേരാന്‍ ശ്രമിക്കുകയാണെന്ന് പരിഹസിച്ചു.
തന്റെ അഭിപ്രായങ്ങള്‍ ഇന്ത്യയെ മികച്ച രീതിയില്‍ സേവിക്കാനുള്ള ആഗ്രഹം മാത്രമാണ് പ്രതിഫലിപ്പിക്കുന്നതെന്നാണു തരൂരിന്റെ നിലപാട്. 2019ല്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് നേതൃത്വമാറ്റത്തിനായി കത്തെഴുതിയ കോണ്‍ഗ്രസ് നേതാക്കളില്‍ തരൂരുമുണ്ടായിരുന്നു. 2022 പകുതി മുതല്‍ അദ്ദേഹവും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ച പതിയെ വര്‍ധിക്കുകയായിരുന്നു.