Wednesday, March 11, 2026 Last Updated 47 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.48 PM

15 പലസ്‌തീന്‍കാരുടെ മൃതദേഹം ഇസ്രയേല്‍ കൈമാറി

ടെല്‍ അവീവ്‌: ഗാസ സമാധാന കരാറിന്റെ ആദ്യഘട്ടം പൂര്‍ത്തീകരണത്തിലേക്ക്‌. രാജ്യാന്തര റെഡ്‌ ക്രോസ്‌ കമ്മിറ്റിക്ക്‌ ഇസ്രയേല്‍ 15 പലസ്‌തീന്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ കൈമാറി. അവസാന ഇസ്രയേലി തടവുകാരന്റെ മൃതദേഹം കൈമാറിയതായി കഴിഞ്ഞ ദിവസം ഹമാസ്‌ അറിയിച്ചിരുന്നു.
ഇതിനുള്ള മറുപടിയായിട്ടാണ്‌ ഇസ്രയേലിന്റെ നടപടി. 2023 ഒക്‌ടോബര്‍ 7ലെ തെക്കന്‍ ഇസ്രയേലിലെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പോലീസ്‌ ഉദ്യോഗസ്‌ഥന്‍ റാന്‍ ഗ്വില്‍വിയുടെ ഭൗതികാവശിഷ്‌ടങ്ങളാണു ഹമാസ്‌ അവസാനം കൈമാറിയത്‌. അന്ന്‌ 251 പേരെയാണു ഹമാസ്‌ പിടികൂടിയത്‌.
റാന്‍ ഗ്വില്‍വിയുടെ സംസ്‌കാര ചടങ്ങില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അടക്കമുള്ളവര്‍ പങ്കെടുത്തു. മൃതദേഹങ്ങളെയും തടവുകാരെയും കൈമാറാനുള്ള കരാര്‍ ഒക്‌ടോബര്‍ 10ന്‌ നിലവില്‍ വന്ന വെടിനിര്‍ത്തലിന്റെ ഭാഗമായിരുന്നു.
ഗാസയില്‍ തടവിലായിരുന്ന എല്ലാ തടവുകാരെയും ഇസ്രായേലിനു തിരികെ ലഭിച്ചെങ്കിലും, ആയിരക്കണക്കിന്‌ പലസ്‌തീനിയക്കാര്‍ ഇപ്പോഴും ഇസ്രയേലി ജയിലുകളില്‍ കഴിയുന്നുണ്ട്‌. അവര്‍ക്കെതിരേ കുറ്റപത്രം പോലും നല്‍കിയിട്ടില്ലെന്ന്‌ പാലസ്‌തീന്‍ സംഘടനകള്‍ വാദിക്കുന്നു.
2024 ജൂലൈയിലെ ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണറുടെ ഓഫീസിന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഇസ്രായേല്‍ ഏകദേശം 9,400 പലസ്‌തീനിയക്കാരെ 'സുരക്ഷാ തടവുകാരായി' പാര്‍പ്പിക്കുന്നു. അതിനിടെ, ഗാസയ്‌ക്കും ഈജിപ്‌തിനും ഇടയിലുള്ള റാഫാ ക്രോസിങ്‌ വീണ്ടും തുറന്നു നല്‍കാന്‍ അമേരിക്ക ഇസ്രയേലിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്‌.
തടവുകാരെയും പ്രായപൂര്‍ത്തിയായവരെയും കൈമാറുന്നത്‌ പൂര്‍ത്തിയായതിന്‌ ശേഷം അതിനുള്ള നടപടി തുടങ്ങും. അതിന്റെ തുടക്കമായി, സാങ്കേതിക വിദഗ്‌ധരെ ഉള്‍ക്കൊള്ളുന്ന കമ്മിറ്റി ഗാസയുടെ ദൈനംദിന ഭരണം ഏറ്റെടുക്കും. ഗാസയുടെ ഭരണം കമ്മിറ്റിക്ക്‌ കൈമാറാന്‍ തയാറാണെന്നു ഹമാസ്‌ വക്‌താവ്‌ ഹസെം ഖാസെം അറിയിച്ചു. 'നടപടിക്രമങ്ങള്‍ തയാറാക്കിയിട്ടുണ്ട്‌.
ഗാസ മുനമ്പിലെ ഭരണം സാങ്കേതിക കമ്മിറ്റിക്ക്‌ പൂര്‍ണമായി കൈമാറുന്നത്‌ ഉറപ്പാക്കാന്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്‌'- അദ്ദേഹം അറിയിച്ചു. ഈ കമ്മിറ്റി, യു.എസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ രൂപീകരിച്ച ബോര്‍ഡ്‌ ഓഫ്‌ പീസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കും.

Ads by Google
Thursday 29 Jan 2026 11.48 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW