-->
ഭോപ്പാല്‍: മഴയെ തുടര്‍ന്ന് റോഡില്‍ സ്വര്‍ണം 'തെളിഞ്ഞു'. പിന്നാലെ റോഡ് 'കുളമാക്കി' നാട്ടുകാര്‍. മധ്യപ്രദേശിലെ ഖജുരാവോയ്‌ക്ക് സമീപമുള്ള രാജ്‌ഗഢ് ഗ്രാമത്തിലാണു സംഭവം. സ്വര്‍ണത്തോട് സാമ്യമുള്ള പുരാതന നാണയങ്ങളാണ് അവിടെ കണ്ടെത്തിയത്. ഈ നാണയങ്ങള്‍ക്ക് ഏകദേശം 500 വര്‍ഷം പഴക്കമുണ്ടെന്നു റിപ്പോര്‍ട്ട്. എങ്കിലും, നാണയങ്ങളുടെ ആധികാരികതയും പഴക്കവും ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.
രാജ്‌ഗഢ് കോട്ടയ്‌ക്ക് സമീപം, സ്വര്‍ഗേശ്വര്‍ മഹാദേവ് ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കിടയിലാണ് നാണയങ്ങള്‍ തെളിഞ്ഞുവന്നത്. അതോടെ ചിലര്‍ അവ വീട്ടിലേക്കു കൊണ്ടുപോയി. വിവരമറിഞ്ഞ് കൂടുതല്‍ ആളുകളെത്തി നിധികള്‍ക്കായി അന്വേഷണം തുടങ്ങി. പലരും പോലീസിന്റെ കണ്ണുവെട്ടിച്ച് റോഡ് കുഴിച്ചുമറിച്ചു.
ഓരോ നാണയത്തിനും 7 മുതല്‍ 8 ഗ്രാം വരെ ഭാരമുണ്ടെന്ന് ഗ്രാമീണര്‍ പറയുന്നു, ഇത് അവ സ്വര്‍ണത്തില്‍ നിര്‍മിച്ചതാണെന്ന സംശയം ബലപ്പെടുത്തുന്നു.
17,18 നൂറ്റാണ്ടുകളില്‍ ബുണ്ടേല രാജവംശത്തിന്റെ ഭരണാധികാരികള്‍ നിര്‍മിച്ച 300 വര്‍ഷം പഴക്കമുള്ള കൊട്ടാരം രാജ്‌ഗഢിലുണ്ട്. ബുണ്ടേല്‍ഖണ്ഡിലെ ഭരണാധികാരികള്‍ 17, 18 നൂറ്റാണ്ടുകളില്‍ നിര്‍മിച്ച ഈ കോട്ട, കാലക്രമേണ നിരവധി നിര്‍മാണ, വിപുലീകരണ, പുനരുദ്ധാരണ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.
നാണയങ്ങള്‍ ബുണ്ടേല കാലഘട്ടവുമായി ബന്ധപ്പെട്ടതാണെന്നും, ഒരുപക്ഷേ സംഘര്‍ഷങ്ങളുടെയോ പരിവര്‍ത്തനങ്ങളുടെയോ കാലഘട്ടത്തില്‍ ഒളിപ്പിച്ചുവെച്ചതാകാം എന്നും നാട്ടുകാര്‍ വിശ്വസിക്കുന്നു. നാട്ടുകാരും പൈതൃക പ്രേമികളും സംസ്‌ഥാന സര്‍ക്കാരിനോട് ഇടപെടാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.