-->
ബ്രസല്‍സ്: ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സി(ഐ.ആര്‍.ജി.സി)നെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍(ഇ.യു). യൂറോപ്യന്‍ യൂണിയന്റെ വിദേശനയ മേധാവി കാജ കല്ലസാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
മുന്‍കാലങ്ങളില്‍, ഐ.ആര്‍.ജി.സിക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് യൂറോപ്യന്‍ യൂണിയനില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഫ്രാന്‍സിന്റെ നേതൃത്വത്തിലായിരുന്നു വിയോജിപ്പ്. ഐ.ആര്‍.ജി.സിക്കെതിരേ ഉപരോധം ഏര്‍പ്പെടുത്താനും ഗ്രൂപ്പിനെ 'ഭീകര സംഘടനയായി' പ്രഖ്യാപിക്കാനും തയാറാണെന്ന് ഫ്രാന്‍സ് അറിയിച്ചു. ഇറാനിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്നാണു ഫ്രാന്‍സിന്റെ നയംമാറ്റം.
ഐ.ആര്‍.ജി.സി
1979ലെ ഇറാനിയന്‍ വിപ്ലവത്തിനു ശേഷം സ്‌ഥാപിതമായ ഇറാനിയന്‍ സൈന്യത്തിന്റെ ഒരു വിഭാഗമാണ് ഐ.ആര്‍.ജി.സി.
സൈന്യത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന ഐ.ആര്‍.ജി.സി പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.
ഇറാന്റെ പ്രതിരോധം, വിദേശകാര്യ പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക സ്വാധീനം എന്നിവയില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഏകദേശം 190,000 സജീവ സൈനികര്‍ (600,000ല്‍ അധികം റിസര്‍വ് അംഗങ്ങളും ഉള്‍പ്പെടെ) ഐ.ആര്‍.ജി.സിയിലുണ്ട്. ഇറാന്റെ ബാലിസ്‌റ്റിക് മിസൈല്‍, ആണവ പരിപാടികള്‍ നിയന്ത്രിക്കുന്നത് അവരാണ്.
2019ല്‍ ഐ.ആര്‍.ജി.സിയെ അമേരിക്ക വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു.