-->
ബെയ്‌ജിങ്: മ്യാന്‍മറിലെ മാഫിയ കുടുംബമായ മിങ്ങിലെ 11 പേരെ ചൈന വധശിക്ഷയ്‌ക്ക് വിധേയരാക്കി. മ്യാന്‍മറിന്റെ വടക്ക് കിഴക്കന്‍ അതിര്‍ത്തി കേന്ദ്രീകരിച്ചാണു മിങ് കുടുംബം തട്ടിപ്പ് നടത്തിയിരുന്നത്.
സെപ്‌റ്റംബറില്‍, ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ കോടതിയാണ് മിങ് കുടുംബത്തിലെ അംഗങ്ങള്‍ക്ക് കൊലപാതകം, അനധികൃത തടവ്, വഞ്ചന, ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കു ശിക്ഷ വിധിച്ചത്.
ലൗക്കായിങ് നഗരത്തില്‍ കാസിനോകളും ലൈംഗിക വ്യാപാര കേന്ദ്രങ്ങളും നടത്തിയാണു മിങ് കുടുംബം ധനികരായത്. 2023ല്‍, മ്യാന്‍മര്‍ സൈന്യം ലൗക്കായിങിന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ അവരെ പിടികൂടി ചൈനയ്‌ക്ക് കൈമാറി. അതിര്‍ത്തിയിലെ തട്ടിപ്പ് കേന്ദ്രങ്ങള്‍ തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണു ചൈന കടുത്ത നടപടിയിലേക്കു നീങ്ങിയത്. മ്യാന്‍മര്‍- തായ്‌ലന്‍ഡ് അതിര്‍ത്തി, കംബോഡിയ, ലാവോസ് എന്നിവ കേന്ദ്രീകരിച്ചാണു ഇപ്പോള്‍ അധോലോക പ്രവര്‍ത്തനം. ഐക്യരാഷ്‌ട്രസഭയുടെ കണക്കുകള്‍ പ്രകാരം, ലക്ഷക്കണക്കിന് ആളുകള്‍ മ്യാന്‍മറിലും തെക്കുകിഴക്കന്‍ ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്താന്‍ നിര്‍ബന്ധിതരാക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ ആയിരക്കണക്കിന് ചൈനീസ് പൗരന്മാരും ഉള്‍പ്പെടുന്നു. അവരുടെ തട്ടിപ്പിന് ഇന്ത്യക്കാരും ഇരയാകുന്നുണ്ട്.
മിങ് കുടുംബം
മ്യാന്‍മര്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് കുടുംബങ്ങള്‍ ആ രാജ്യത്തെ സൈന്യത്തിന്റെ പിന്തുണയോടെയാണു വളര്‍ന്നത്. ചൈനീസ് സമ്മര്‍ദം ശക്‌തമായതോടെയാണു അവര്‍ക്കെതിരേ നടപടി തുടങ്ങിയത്. നവംബറില്‍ ബൈ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു, വെയി, ലിയു കുടുംബങ്ങളിലെ രണ്ട് പ്രതികളുടെ വിചാരണ നടക്കുകയാണ്.
മിങ് കുടുംബത്തിന്റെ വിചാരണ രഹസ്യമായിട്ടാണ് നടന്നതെങ്കിലും, കഴിഞ്ഞ വര്‍ഷം അവരുടെ ശിക്ഷാ വിധി കേള്‍ക്കുന്നതിന് 160ല്‍ അധികം ആളുകളെ, ഇരകളുടെ കുടുംബങ്ങള്‍ ഉള്‍പ്പെടെ, പങ്കെടുക്കാന്‍ അനുവദിച്ചിരുന്നു.
ചൈനയുടെ പരമോന്നത കോടതിയുടെ അഭിപ്രായത്തില്‍, 2015 നും 2023 നും ഇടയില്‍ മിങ് മാഫിയ തട്ടിപ്പിലൂടെ 140 കോടി ഡോളര്‍ (ഏകദേശം 12,800 കോടി രൂപ) ആണു സ്വന്തമാക്കിയത്. അവര്‍ 14 ചൈനീസ് പൗരന്മാരെയും കൊലപ്പെടുത്തി. സെപ്‌റ്റംബറില്‍ മിങ് കുടുംബത്തിലെ 20ല്‍ അധികം പേര്‍ക്ക് അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ വിധിച്ചിരുന്നു.
മിങ് ഷ്യൂചാങ്ങാണു കുടുംബത്തിന്റെ നായകന്‍. 2023ല്‍ തടവ് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ ആത്‌മഹത്യ ചെയ്‌തുവെന്നാണു മ്യാന്‍മര്‍ സൈന്യത്തിന്റെ നിലപാട്. ആദ്യകാലങ്ങളില്‍ ചൂതാട്ടവും ലൈംഗിക വ്യാപാരവും നടത്തിയാണു മിങ് കുടുംബം പണമുണ്ടാക്കിയത്. പിന്നീട് ഓണ്‍ലൈന്‍ തട്ടിപ്പുകളിലേക്കു മാറി.