Wednesday, March 11, 2026 Last Updated 25 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 11.41 PM

ഇന്ത്യക്കാര്‍ക്ക്‌ തിരിച്ചടി: എച്ച്‌-1ബി വിസയ്‌ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തി ടെക്‌സസ്‌

uploads/news/2026/01/822931/int1.jpg

ഓസ്‌റ്റിന്‍: യു.എസിലെ ടെക്‌സസില്‍ സര്‍ക്കാര്‍ ഏജന്‍സികളിലും സര്‍വകലാശാലകളിലും ഉള്‍പ്പെടെ പുതിയ എച്ച്‌-1 ബി വിസ അപേക്ഷകള്‍ മരവിപ്പിക്കാന്‍ ഗവര്‍ണറുടെ ഉത്തരവ്‌. അമേരിക്കക്കാര്‍ക്ക്‌ ജോലിലഭ്യത ഉറപ്പുവരുത്താനും വിസ പദ്ധതിയിലെ ദുരുപയോഗവും കണക്കിലെടുത്താണ്‌ പുതിയ എച്ച്‌-1 ബി വിസ അപേക്ഷകള്‍ മരവിപ്പിക്കാന്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണറായ ഗ്രേഗ്‌ ആബട്ട്‌ നിര്‍ദേശം നല്‍കിയത്‌. 2027 മേയ്‌ 31 വരെ ടെക്‌സസില്‍ പുതിയ എച്ച്‌1 ബി വിസ അപേക്ഷകള്‍ക്കുള്ള നിയന്ത്രണം തുടരും. സമാനമായ രീതിയില്‍ ഫേ്ലാറിഡയും പൊതു സര്‍വകലാശാലകളിലെ വിസ അപേക്ഷകള്‍ അടുത്ത ജനുവരി വരെ നിര്‍ത്തിവയ്‌ക്കാന്‍ നീക്കം നടത്തുന്നുണ്ട്‌.
ഇനിമുതല്‍ ടെക്‌സസ്‌ വര്‍ക്ക്‌ഫോഴ്‌സ്‌ കമ്മിഷന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ സംസ്‌ഥാന ഏജന്‍സികള്‍ക്കോ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കോ പുതിയ എച്ച്‌-1ബി അപേക്ഷകള്‍ നല്‍കാന്‍ കഴിയില്ല.
ഫെഡറല്‍ എച്ച്‌-1 ബി വിസയുടെ ദുരുപയോഗത്തെക്കുറിച്ചുള്ള സമീപകാല റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലും അമേരിക്കയിലെ ജോലികള്‍ നാട്ടുകാര്‍ക്ക്‌ ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താനുമാണ്‌ പുതിയ എച്ച്‌-1 ബി വിസ അപേക്ഷകള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ടതെന്ന്‌ ഗവര്‍ണര്‍ വ്യക്‌തമാക്കി. ഇതുസംബന്ധിച്ച്‌ എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
യോഗ്യതയുള്ള അമേരിക്കന്‍ തൊഴിലാളികളെ നിയമിക്കാന്‍ ശ്രമിക്കാതെ വിദേശ തൊഴിലാളികളെ കുറഞ്ഞ ശമ്പളത്തില്‍ നിയമിക്കുന്നതിനായി ചിലര്‍ എച്ച്‌-1 ബി വിസ പദ്ധതി ദുരുപയോഗം ചെയ്യുന്നതായാണ്‌ ഗവര്‍ണറുടെ ആരോപണം. ചില സന്ദര്‍ഭങ്ങളില്‍ അമേരിക്കന്‍ തൊഴിലാളികളെ പിരിച്ചുവിട്ട്‌ പകരം എച്ച്‌-1ബി വിസയിലുള്ളവരെ നിയമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. എച്ച്‌-1ബി വിസ ഉപയോഗിക്കുന്ന എല്ലാ ഏജന്‍സികളും സര്‍വകലാശാലകളും മാര്‍ച്ച്‌ 27-നകം വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചു. നിലവിലുള്ള വിസ ഉടമകളുടെ എണ്ണം, അവരുടെ രാജ്യം, അമേരിക്കക്കാരെ നിയമിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എന്നിവ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്‌.
കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി യു.എസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ കഴിഞ്ഞവര്‍ഷം എച്ച്‌-1 ബി വിസയ്‌ക്കുള്ള ഫീസ്‌ കുത്തനെ ഉയര്‍ത്തിയിരുന്നു. ഒരുലക്ഷം ഡോളറാക്കിയാണ്‌ ഫീസ്‌ വര്‍ധിപ്പിച്ചത്‌. ഇതിനെതിരേ ഇരുപതിലധികം സംസ്‌ഥാനങ്ങള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ടെക്‌സസ്‌ ഈ ഹര്‍ജിയില്‍ കക്ഷിചേര്‍ന്നിരുന്നില്ല.
പ്രഫസര്‍മാര്‍, ഗവേഷകര്‍, ഡോക്‌ടര്‍മാര്‍ തുടങ്ങിയ വൈദഗ്‌ധ്യമുള്ള തസ്‌തികകളിലേക്ക്‌ പ്രാദേശിക ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്ത സാഹചര്യത്തില്‍ ടെക്‌സസിലെ സര്‍വകലാശാലകളും മെഡിക്കല്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും പ്രധാനമായും ആശ്രയിച്ചിരുന്നത്‌ എച്ച്‌-1 ബി വിസ പദ്ധതിയെയായിരുന്നു. വര്‍ഷംതോറും 65,000-ഓളം വിസകളാണ്‌ അനുവദിച്ചിരുന്നത്‌.
വിസകള്‍ നിര്‍ത്തലാക്കുന്ന ഈ പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക്‌ മറ്റൊരു തിരിച്ചടിയാണ്‌. പ്യൂ റിസര്‍ച്ച്‌ സെന്ററിന്റെ കണക്കനുസരിച്ച്‌, യു.എസിലെ 52 ലക്ഷം ഇന്ത്യക്കാരില്‍ 5,70,000 പേരും ടെക്‌സസിലാണ്‌ താമസിക്കുന്നത്‌. ന്യൂജേഴ്‌സി (4,40,000), ന്യൂയോര്‍ക്ക്‌ (3,90,000), ഇല്ലിനോയിസ്‌ (2,70,000) എന്നിവയാണ്‌ ഇന്ത്യക്കാര്‍ കൂടുതലുള്ള മറ്റു സംസ്‌ഥാനങ്ങള്‍.
യു.എസിലെ എച്ച്‌-1ബി വിസയുടെ ഗുണഭോക്‌താക്കളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്‌. 2024 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച വിസകളില്‍ 71 ശതമാനവും ഇന്ത്യന്‍ പൗരന്മാര്‍ക്കായിരുന്നു. എന്നാല്‍, 2025-ലെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക്‌ വിസ അനുവദിച്ചതില്‍ 37 ശതമാനത്തിന്റെ കുറവ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. പുതിയ വിസ അപേക്ഷകര്‍ക്കായി ട്രംപ്‌ ഭരണകൂടം ഏര്‍പ്പെടുത്തിയ ഒരു ലക്ഷം ഡോളറിന്റെ ഫീസും ഇതിനെ ബാധിച്ചു.
ഡോണള്‍ഡ്‌ ട്രംപ്‌ ലോകവ്യാപകമായി തുറന്നുവിട്ടിരിക്കുന്ന താരിഫ്‌ യുദ്ധത്തിന്റെ സാഹചര്യത്തില്‍ ഇന്ത്യാ-യു.എസ്‌ ബന്ധം പതിറ്റാണ്ടുകള്‍ക്കിടെ തന്നെ ഏറ്റവും മോശമായ നിലയിലാണ്‌. അതിനിടെയാണു പുതിയ പ്രതിസന്ധി.

Ads by Google
Wednesday 28 Jan 2026 11.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW