-->
മകരസംക്രാന്തിയോട് അനുബന്ധിച്ച് ഉത്സവ സീസണ്‍ പൂര്‍ണ്ണമായും ഉണര്‍ന്നതോടെ ആന്ധ്രാപ്രദേശില്‍ കോഴിപ്പോര് മത്സരങ്ങളും സജീവമായി. ഗോദാവരി മേഖലയിലാണ് കോഴിപ്പോര് മത്സരങ്ങള്‍ നടക്കുന്നത്. ഇത്തവണയും കോഴിപ്പോര് ചൂതാട്ടത്തില്‍ വലിയ തോതിലാണ് പണം ഒഴുകിയെത്തുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തഡെപ്പള്ളിഗുഡയില്‍ നടന്ന കോഴിപ്പോരില്‍ വിജയിച്ച കോഴിയുടെ ഉടമ രമേശിന് ലഭിച്ചത് ഒന്നര കോടി രൂപയാണ്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി തഡെപ്പള്ളിഗുഡയില്‍ നടന്ന കോഴിപ്പോര് ഏതാനും മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. എന്നാല്‍ രാജമുണ്ഡ്രി സ്വദേശിയായ രമേശിന്റെ 'ഡേഗ' കോഴി വിജയം നേടുകയായിരുന്നു. പ്രഭാകര്‍ കോലായെന്നയാളുടെ 'സേതുവ' എന്ന കോഴിയെയാണ് ഡേഗ പരാജയപ്പെടുത്തിയത്.
ഈ കോഴിപ്പോര് മത്സരത്തിനുള്ള സമ്മാനത്തുക 1.53 കോടി രൂപയാണെന്നും അത് മുഴുവന്‍ വിജയിച്ച കോഴിയുടെ ഉടമയ്ക്ക് ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോഴിപ്പോരില്‍ പരിചയസമ്പന്നനായിരുന്നു പ്രഭാകര്‍. എന്നാല്‍ അപ്രതീക്ഷിത വിജയം നേടിയ രമേശിന് മത്സരം കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സമ്മാനത്തുക മുഴുവന്‍ ലഭിച്ചു.