-->
ഒരു കാലത്ത് യുഎസിലെ ഏറ്റവും സുരക്ഷിതമായ ജയിലും പിന്നീട് വിനോദ സഞ്ചാര കേന്ദ്രമായി മാറ്റപ്പെട്ട ദ്വീപാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ അല്‍കാട്രാസ്. ഇപ്പോഴിതാ ഈ ദ്വീപിലേക്ക് ഒരു കോയോട്ടി നീന്തിക്കയറുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതുപോലൊരു ദ്വീപില്‍ ഈ ഇനത്തില്‍പ്പെട്ട ഒരു ജീവി എത്തുന്നത് ചരിത്രത്തിലാദ്യമാണ്. ചെന്നായയുടെ കുടുംബത്തില്‍പെട്ട ജീവിയാണു കോയോട്ടി. എന്നാല്‍ ചെന്നായയെക്കാള്‍ ആകാരത്തില്‍ ചെറുതാണ് ഇത്.
അല്‍കാട്രാസ് സിറ്റി ക്രൂസസിലെ ജീവനക്കാരനായ ഐഡന്‍ മൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശകരെ ഡോക്കില്‍ ഇറങ്ങാന്‍ സഹായിക്കുന്നതിനിടെ ഒരു വിനോദസഞ്ചാരിയാണ്, കോയോട്ടി തീരത്തേക്ക് നീന്തി പാറകളിലേക്ക് കയറിപ്പോകുന്ന വിഡിയോ കാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച മൂര്‍, ഉടന്‍തന്നെ ദ്വീപിലെ റേഞ്ചര്‍മാരെ വിവരമറിയിച്ചെങ്കിലും മൃഗത്തെ കണ്ടെത്താനായില്ല. കോയോട്ടി വെള്ളത്തിലേക്ക് തിരികെ പോയിരിക്കാമെന്നും അല്ലെങ്കില്‍ ദ്വീപില്‍ എവിടെയെങ്കിലും ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും സംശയമുണ്ട്.
ദ്വീപില്‍ തങ്ങിയാലും കോയോട്ടിയുടെ നിലനില്‍പ്പിനാവശ്യമായ ഭക്ഷണ സ്രോതസ്സുകളും ശുദ്ധജലവും ദ്വീപിലുണ്ടെന്നാണ് അവരുടെ അഭിപ്രായം. മുന്‍പ് കോയോട്ടികളെ കണ്ടിട്ടുള്ള സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നോ ഏഞ്ജല്‍ ദ്വീപില്‍ നിന്നോ ആകാം ഇത് എത്തിയതെന്നാണ് നിഗമനം. ഏതായാലും, അല്‍കാട്രാസിലെത്താന്‍ രണ്ട് കിലോമീറ്ററോളം ദൂരം ഈ ജീവിക്ക് നീന്തേണ്ടി വന്നിട്ടുണ്ടാകും.
ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നശേഷം അല്‍ക്കട്രാസ് തടവറ വീണ്ടും തുറക്കുമെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നു. 16 മുതല്‍ അടച്ചുപൂടപെടിരുന്നു ഈ തടവറ. പിന്നീടൊരു വിനോദസഞ്ചാരകേന്ദ്രമായി മാറുകയായിരുന്നു. യുഎസിലെ ഏറ്റവും പഴുതടച്ച സുരക്ഷയുള്ള ജയിലുകളിലൊന്നായിട്ടായിരുന്നു അല്‍ക്കട്രാസ് കണക്കാക്കപ്പട്ടിരുന്നത്. യുഎസിലെ ഏറ്റവും നിഷ്ഠൂര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പാര്‍പ്പിക്കാനായിരുന്നു അല്‍ക്കട്രാസ് ഉപയോഗിച്ചു പോന്നിരുന്നത്.
സാന്‍ ഫ്രാന്‍സിസ്‌കോ തീരത്തില്‍നിന്നകന്നാണ് അല്‍ക്കാട്രസ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഒരിക്കല്‍ ഇതൊരു കോട്ടയായിരുന്നു. പിന്നീട് ഇത് യുഎസ് സൈന്യത്തിന്റെ ഒരു സൈനിക തടവറയായി മാറി, 1912ല്‍. 3 നിലയുള്ളതാണ് ഈ ദ്വീപിലെ ജയില്‍ സംവിധാനം. ഡി ബ്ലോക്ക് എന്ന ഭാഗത്തേക്കായിരുന്നു ഏറ്റവും അപകടകാരികളായ തടവുകാരെ അയച്ചിരുന്നത്. ഈ ദ്വീപിനെ ചുറ്റുന്ന കൊടുംതണുപ്പുള്ള ജലം നിറഞ്ഞ സമുദ്രവും അതിലുള്ള അപകടകാരികളായ സ്രാവുകളുമൊക്കെ ഇവിടെ നിന്നു തടവുചാടുന്നവരുടെ പേടിസ്വപ്നങ്ങളായിരുന്നു.