-->
കൊല്‍ക്കത്ത/ന്യൂഡല്‍ഹി: പശ്‌ചിമ ബംഗാളില്‍ നിപ വൈറസ് ബാധ സ്‌ഥിരീകരിച്ചതോടെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി ഏഷ്യന്‍ രാജ്യങ്ങള്‍. തായ്‌ലന്‍ഡ്, നേപ്പാള്‍, തായ്‌വാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് ഇന്ത്യയില്‍നിന്നുള്ള യാത്രികര്‍ക്ക് പരിശോധന കര്‍ശനമാക്കിയത്.
പശ്‌ചിമ ബംഗാളില്‍ അഞ്ചു പേര്‍ക്ക് നിപ വൈറസ് ബാധ സ്‌ഥിരീകരിച്ചതിനു പിന്നാലെയാണ് മറ്റു രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചത്. ഇന്ത്യയില്‍നിന്ന്, പ്രത്യേകിച്ച് പശ്‌ചിമ ബംഗാളില്‍നിന്ന് വരുന്ന എല്ലാ വിമാനങ്ങളിലും സമഗ്രമായ പരിശോധന നടത്തുമെന്നു തായ്‌ലന്‍ഡ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
എല്ലാ യാത്രക്കാരുടെയും ശരീര താപനില പരിശോധിക്കും. യാത്രക്കാര്‍ ആരോഗ്യസ്‌ഥിതി സംബന്ധിച്ച ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കണം. എല്ലാ വിമാനത്താവളങ്ങളിലും സ്‌ക്രീനിങ് ഡെസ്‌കുകള്‍ സജ്‌ജീകരിച്ചിട്ടുണ്ടെന്നും തായ്‌ലന്‍ഡ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ബംഗാളില്‍ നിപ സ്‌ഥിരീകരിച്ചതെന്ന് ബിലാസ്‌പുര്‍ എയിംസ് പ്രസിഡന്റും കോവിഡ് 19 വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. നരേന്ദ്ര കുമാര്‍ അറോറ പറഞ്ഞു.
വൈറസ് ബാധിച്ച വ്യക്‌തിക്ക് എന്‍സെഫലൈറ്റിസ് ലക്ഷണങ്ങളോ ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖമോ ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ ഈ വൈറസിന് വാക്‌സിന്‍ ലഭ്യമല്ല. നിപ വൈറസ് അണുബാധ കണ്ടെത്തിയാലുടന്‍ മോണോക്ലോണല്‍ ആന്റിബോഡികള്‍ നല്‍കണമെന്നും ഡോ. അറോറ പറഞ്ഞു.