Wednesday, March 11, 2026 Last Updated 17 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 12.19 PM

വീട്ടിലെത്തിച്ച പുത്തന്‍ ലംബോര്‍ഗിനിക്ക് കര്‍പ്പൂരമുഴിഞ്ഞ് പൂജ; തേങ്ങയുടച്ചത് ചെന്നു കൊണ്ടതോ കാറിന്റെ ബോണറ്റില്‍; ‘മിനി ഹാര്‍ട്ട് അറ്റാക്കെ’ന്ന് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍

uploads/news/2026/01/822695/Untitled-2.jpg
Twist when woman breaks coconut in front of lamborghini (Image Source: Instagram)

കൈയില്‍ പണമുണ്ടെങ്കില്‍ അത് മറ്റുള്ളവരെ അറിയിക്കാനും ആഡംബരം കാണിക്കാനും ഒരു ലംബോര്‍ഗിനി സ്വന്തമാക്കിയാല്‍ മതി. ലക്ഷ്വറി കാറുകൾ സ്വന്തമാക്കുക എന്ന സ്വപ്നം മനസ്സിലുള്ള ഏതൊരു വാഹനപ്രേമിയുടെയും വലിയ ആഗ്രഹം സ്വന്തം വീട്ടുമുറ്റത്ത് ആഡംബരത്തിന്റെ അവസാനവാക്കായ ലംബോർഗിനി എത്തിക്കുക എന്നതാണ്.
അതുകൊണ്ട് തന്നെ കോടികള്‍ വിലമതിക്കുന്ന റോൾസ് റോയ്‌സ് ആയാലും ലംബോർഗിനി ആയാലും എല്ലാവരുടെയും കണ്ണുകള്‍ അതിലുടക്കി നില്‍ക്കാറുണ്ട്. പക്ഷേ ആശിച്ചു കൊതിച്ചു വാങ്ങിയ ഈ കാര്‍ കൈയില്‍ കിട്ടിയതിനു തൊട്ടുപിന്നാലെ ഒരു പോറലേറ്റാലോ ? കൈകളില്‍ കിട്ടി ദിവസങ്ങള്‍ക്കുള്ളില്‍ അപ്രതീക്ഷിതമായി ഒരു അപകടം പറ്റിയാലോ ?
ഇപ്പോഴിതാ അത്തരമൊരു കൗതുകകരമായ എന്നാല്‍ കാണുന്ന ഏതൊരാളും ‘അയ്യോ’ എന്ന് വയ്ക്കുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹൈദരാബാദില്‍ നിന്നുള്ള ഈ വീഡിയോയില്‍ പുതിയ ലംബോർഗിനി വീട്ടിലെത്തിച്ച ശേഷം കുടുംബാംഗങ്ങള്‍ ചേർന്ന് പൂജ നടത്തുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പൂജയുടെ ഭാഗമായി ഉടമയുടെ അമ്മ കാറിന് മുന്നില്‍ നാളികേരം ഉഴിഞ്ഞ് പൂജ നടത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. കയ്യിലിരുന്ന കർപ്പൂരം കത്തിച്ച തേങ്ങയില്‍ നിന്ന് കര്‍പ്പൂരം പൂജാരിയുടെ നിർദ്ദേശപ്രകാരം മണലിലേക്ക് ഇടുന്നതും കാണാം. ശേഷം തേങ്ങയുടക്കാൻ ശ്രമിക്കുമ്പോഴാണ് അബദ്ധം സംഭവിക്കുന്നത്.
തറയിൽ അടിച്ച തേങ്ങ തെറിച്ച് നേരെ വീണത് പുത്തൻ ലംബോർഗിനിയുടെ ബോണറ്റിലാണ്. ഈ അപ്രതീക്ഷിത ട്വിസ്റ്റ് കണ്ട് പൂജാരിയും അമ്മയും ഒരു നിമിഷം സ്തംഭിച്ചുപോയി. അമ്മ തിരിഞ്ഞ് ഞെട്ടലോടെ നോക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പങ്കിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി.
വീഡിയോ കണ്ട പലരും ഇതിനെ ഒരു ‘മിനി ഹാർട്ട് അറ്റാക്ക് മൊമന്റ്’ എന്നാണ് വിശേഷിപ്പിച്ചത്. ലക്ഷങ്ങൾ വിലമതിക്കുന്ന കാറിന്റെ പെയിന്റിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകുമോ എന്ന ആശങ്കയാണ് പലരും വീഡിയോയ്ക്ക് താഴെ നല്‍കുന്ന കമന്റുകള്‍. ‘ലംബോർഗിനി പോലെ അതിവേഗതയുള്ള ഒരു വാഹനത്തിന് മേല്‍ അമ്മയുടെ കൈക്കരുത്ത് വിജയിച്ചു, അമ്മയുടെ സ്നേഹത്തിനും വിശ്വാസത്തിനും മുന്നില്‍ ഇത്തരം കേടുപാടുകള്‍ നിസാരം, അമ്മയുടെ അനുഗ്രഹമാണ് കാറിനേക്കാള്‍ വലുതെന്നും അമ്മയ്ക്ക് ഒന്നും സംഭവിക്കാതിരുന്നതാണ് ഭാഗ്യം...’ എന്നതടക്കമാണ് കമന്റുകള്‍.

സൂപ്പർ കാറുകളിലെ കിരീടംവയ്​ക്കാത്ത രാജാവെന്നാണ് ഇറ്റാലിയന്‍ സ്പോര്‍ട്‍സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ പെര്‍ഫോമെന്‍സ് മോഡലായ ഹുറാകാൻ അറിയപ്പെടുന്നത്. വെറും നാല് സെക്കൻഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള കരുത്തൻ വാഹനമാണ് ലംബോർഗിനി ഹുറാകാൻ. റേസ് കാർ സ്റ്റൈലിങിനായി​ ഫ്രണ്ട് ഫെൻഡർ, ബോണറ്റിലെ വെൻറുകൾ, പുതിയ ഫ്രണ്ട് സ്പ്ലിറ്റർ, നാക എയർ ഇൻടേക്കുകൾ, എഞ്ചിൻ കവറിലെ എയർസ്‌കൂപ്പ്, ഡിഫ്ലെക്ടർ ഡിസൈൻ, ക്രമീകരിക്കാവുന്ന സ്‌പോയിലർ, മഗ്നീഷ്യം വീലുകൾ, പുതിയ റിയർ ഡിഫ്യൂസർ, പുനർ‌രൂപകൽപ്പന ചെയ്‌ത അണ്ടർ‌ബോഡി എന്നിവയെല്ലാം നൽകിയിട്ടുണ്ട്​​. ഇതിനെ മികച്ച സ്പോർട്സ് കാറുകളുടെ നിരയില്‍ എത്തിക്കുന്നത് കാർബണ്‍ ആറ്റത്തിന്റെ ഘടനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിർമ്മിച്ച ഇതിന്റെ ഡിസൈനും അത്യാധുനിക എല്‍ഇഡി ലൈറ്റിംഗ് സംവിധാനവുമാണ്.

Ads by Google
Tuesday 27 Jan 2026 12.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW