Friday, March 13, 2026 Last Updated 29 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.56 AM

കൂട്ടത്തില്‍ നിന്നും വേര്‍പിരിഞ്ഞ് മലനിരകളെനോക്കി ഒറ്റയ്ക്ക് യാത്ര: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഒരു പെന്‍ഗ്വിന്‍

penguin, solitary, journey

കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യല്‍ മീഡിയ ഭരിക്കുന്നത് ഒരു പെന്‍ഗ്വിനാണ്. കൂട്ടത്തിനൊപ്പം നടക്കുന്നതിനിടെ സ്വയം തീരുമാനമെടുത്ത് പിന്തിരിഞ്ഞ് വിദൂരതയിലേക്ക് ഒറ്റയ്ക്ക് നടക്കുന്ന ഒരു പെന്‍ഗ്വിന്‍. കൂട്ടത്തില്‍ നിന്നും മാറി തനിയെ സഞ്ചരിക്കാന്‍ അതിനെ പ്രേരിപ്പിച്ചത് എന്തായിരിക്കുമെന്നും പെന്‍ഗ്വിനിന്റെ മനസ്സിലൂടെ കടന്നുപോയത് എന്തൊക്കെയാകാമെന്നും സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. കൂട്ടമായി മാത്രം കഴിയാന്‍ ആഗ്രഹിക്കുന്ന പെന്‍ഗ്വിനുകളില്‍ ഒന്ന് അവയില്‍ നിന്നെല്ലാം വിട്ടകന്ന് കിലോമീറ്ററുകളോളം തനിയെ നടന്നത് സ്വാതന്തന്ത്ര്യ പ്രഖ്യാപനമായും നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടമായുമൊക്കെ വിശദീകരിക്കപ്പെടുന്നുണ്ട്.

2007ല്‍ പുറത്തിറങ്ങിയ 'എന്‍കൗണ്ടേഴ്‌സ് അറ്റ് ദി എന്‍ഡ് ഓഫ് ദി വേള്‍ഡ്' എന്ന ഡോക്യുമെന്ററിയിലെ ഏതാനും ഭാഗങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. അന്റാട്ടിക്കയില്‍ അഡെലി ഇനത്തില്‍പ്പെട്ട അഞ്ച് പെന്‍ഗ്വിനുകള്‍ ആഹാരം തേടി റോസ് സീ ഫീഡിങ് ഗ്രൗണ്ടിലേക്ക് നീങ്ങുന്നു. എന്നാല്‍ ഈ നടത്തത്തിനിടെ പെട്ടെന്ന് ഒരു പെന്‍ഗ്വിന്‍ പിന്തിരിഞ്ഞു. പതിവ് പാതവിട്ട് മറ്റൊരു വഴിയിലൂടെ അത് നടന്നു തുടങ്ങി. എന്തോ നിശ്ചയിച്ചുറപ്പിച്ചതുപോലെ 70ലേറെ കിലോമീറ്ററുകള്‍ അകലെ കാണുന്ന മലനിരകള്‍ ലക്ഷ്യമാക്കിയായിരുന്നു യാത്ര. എന്താണ് പെന്‍ഗ്വിന്റെ ഉദ്ദേശമെന്ന് അറിയാന്‍ ഗവേഷകര്‍ നിരീക്ഷിച്ചു. വഴിതെറ്റിയതാകാമെന്ന് ആദ്യം തോന്നിയെങ്കിലും പിന്നീട് ദൃഢനിശ്ചയത്തോടെയുള്ള നടത്തമാണെന്ന് മനസ്സിലായി. കൂട്ടത്തിനൊപ്പം എത്തിക്കാന്‍ തോന്നിയെങ്കിലും പെന്‍ഗ്വിനുമായി നേരിട്ട് ഇടപഴകാന്‍ അനുമതിയില്ലാത്തതിനാല്‍ നോക്കിനില്‍ക്കാന്‍ മാത്രമേ ഗവേഷകര്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ എന്ന് വിഡിയോയുടെ വിവരണത്തില്‍ പറയുന്നുണ്ട്.

ഇനി ഒരു പക്ഷേ അതിനെ തിരികെ പഴയ സ്ഥാനത്ത് കൊണ്ടുവന്നാലും അടുത്ത നിമിഷത്തില്‍ അത് മലനിരകളിലേക്ക് തന്നെ മടങ്ങാനായിരുന്നു സാധ്യതയെന്നും ഗവേഷകര്‍ പറയുന്നുണ്ട്. ഭക്ഷണം ലഭിക്കാത്ത, കൊടും തണുപ്പുള്ള മലനിരകളിലേക്ക് ഇത വ്യഗ്രതയോടെ പെന്‍ഗ്വിന്‍ നടക്കുന്നതിന്റെ ഉദ്ദേശം ഗവേഷകര്‍ക്കുപോലും മനസ്സിലാക്കാന്‍ സാധിച്ചില്ല. നടത്തത്തിനിടെ പെട്ടെന്ന് പെന്‍ഗ്വിന്‍ കൂട്ടുകാരെ തിരിഞ്ഞുനോക്കുന്നത് വിഡിയോയില്‍ കാണാം. ഒരു യാത്ര പറച്ചില്‍ പോലെയുള്ള ആ നോട്ടത്തിനു ശേഷം പെന്‍ഗ്വിന്‍ മുന്നോട്ട് നടക്കുകയായിരുന്നു. ഒറ്റയടിക്ക് നടന്ന് മലനിരകള്‍ക്ക് തൊട്ടടുത്തു വരെ എത്തി. പലകുറി വീണുപോയെങ്കിലും നിശ്ചയദാര്‍ഢ്യത്തോടെ പെന്‍ഗ്വിന്‍ മുന്നോട്ട് നടന്ന് ഉള്‍പ്രദേശത്തേക്ക് പോകുന്നത് ഗവേഷകര്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഈ യാത്രയുടെ അവസാനം അതിന്റെ മരണം തന്നെയായിരിക്കും എന്ന് വിഡിയോയില്‍ പറയുന്നുണ്ട്. വിഡിയോ വൈറലായതോടെ നിഹിലിസ്‌റ് എന്നാണ് ആളുകള്‍ പെന്‍ഗ്വിനെ വിളിക്കുന്നത്.

ഒരൊറ്റ നിമിഷംകൊണ്ട് അസാധാരണമായ തീരുമാനമെടുത്തുകൊണ്ടുള്ള ഈ യാത്ര അദ്ഭുതത്തോടെയാണ് ആളുകള്‍ കാണുന്നത്. ഒരു പെന്‍ഗ്വിനാണ് കഥാപാത്രമെങ്കിലും മനുഷ്യന്റെ വികാരങ്ങളെയും ജീവിതത്തെയുമൊക്കെയാണ് അത് ഓര്‍മിപ്പിക്കുന്നത് എന്ന് ഭൂരിഭാഗം ആളുകളും പറയുന്നു. പെന്‍ഗ്വിനെ കാത്തിരിക്കുന്ന വിധിയോര്‍ക്കുമ്പോള്‍ നിരാശയും സങ്കടവും തോന്നുന്നു എന്ന് പറയുന്നവരും കുറവല്ല. അതിന്റെ മനസ്സിലൂടെ കടന്നുപോയ വിചാരങ്ങള്‍ എന്തൊക്കെയായിരുന്നിരിക്കാം എന്ന് ചിന്തിച്ചെടുക്കുകയാണ് മറ്റുചിലര്‍. എന്തുതന്നെയായാലും ഒരേ രീതിയിലുള്ള ജീവിതത്തില്‍ നിന്നു മാറി മറ്റൊരു പാത തിരഞ്ഞെടുക്കാന്‍ ധൈര്യം കാണിച്ച പെന്‍ഗ്വിന്‍ പ്രശംസ അര്‍ഹിക്കുന്നു എന്ന് പറയുന്നവരുമുണ്ട്. അപകടമാണെന്ന് അറിഞ്ഞിട്ടും മുന്നോട്ടുപോകുന്ന ഇത്തരത്തിലുള്ള സാഹസികതകളാണ് പരിണാമത്തിന്റെയും പുരോഗതിയുടെയുമൊക്കെ തുടക്കമെന്ന് ഇവര്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW