Friday, March 13, 2026 Last Updated 5 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 23 May 2025 10.45 AM

ഒരു മുട്ടയ്ക്ക് പകരം ഇടുന്നത് ഒന്നര മുട്ട: വിചിത്ര പ്രചനന തന്ത്രമുള്ള പെന്‍ഗ്വിനുകള്‍ ദാ ഇവിടെയുണ്ട്

erect, crested, penguin, new-zealand

കാലാവസ്ഥാ വ്യതിയാനവും സമുദ്ര ഭക്ഷ്യ ശൃംഖലയിലെ മാറ്റവുമൊക്കെ മൂലം വലിയതോതില്‍ വംശനാശഭീഷണി നേരിടുന്നവയാണ് ഇറക്റ്റ് -ക്രസ്റ്റഡ് എന്ന പെന്‍ഗ്വിന്‍ ഇനം. ന്യൂസീലന്‍ഡിനു സമീപം ഉപ അന്റാര്‍ട്ടിക്കന്‍ മേഖലയിലാണ് ഗവേഷകര്‍ പോലും മറന്നു തുടങ്ങിയ ഇവയുടെ താമസം. എന്നാല്‍ എണ്ണം കുത്തനെ കുറയുന്നുണ്ടെങ്കിലും മറ്റു പെന്‍ഗ്വിനുകളില്‍ നിന്നും, ഒരുപക്ഷേ മറ്റു പക്ഷിവര്‍ഗങ്ങളില്‍ നിന്നും തന്നെ ഏറെ വ്യത്യസ്തമായ ഒരു പ്രത്യേകത ഇവയ്ക്കുണ്ട്. പൊതുവേ പെന്‍ഗ്വിനുകള്‍ ഇനം അനുസരിച്ച് ഒന്നു മുതല്‍ നാലുവരെ മുട്ടകളാണ് ഒരു വര്‍ഷം ഇടുന്നതെങ്കില്‍ ഇറക്റ്റ് -ക്രസ്റ്റഡ് പെന്‍ഗ്വിനുകള്‍ ഇടുന്നത് ഒന്നര മുട്ടയാണ്.

ന്യൂസീലന്‍ഡിലെ ആന്റിപോഡ്‌സ്, ബൗണ്ടി എന്നീ ദ്വീപുകളിലാണ് ഇറക്റ്റ് - ക്രസ്റ്റഡ് പെന്‍ഗ്വിനുകളുടെ താമസം. ഈ മേഖലയിലേക്ക് എത്തിച്ചേരുന്നത് അത്ര എളുപ്പമല്ലാത്തതിനാല്‍ ഇവയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ക്ക് സാധ്യതയില്ല. അതുകൊണ്ടുതന്നെ 'മറന്നു തുടങ്ങിയ പെന്‍ഗ്വിനുകള്‍' എന്നാണ് ഇവ പൊതുവേ അറിയപ്പെടുന്നത്. 1998 ലാണ് ഇറക്റ്റ് - ക്രസ്റ്റഡ് പെന്‍ഗ്വിനുകളുടെ പ്രജനനത്തെക്കുറിച്ചും ഹോര്‍മോണുകളെക്കുറിച്ചും വിശദമായ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടത്. യൂഡിപ്റ്റസ് ജനുസ്സില്‍ പെട്ട ഏഴ് ഇനങ്ങളുടെ കൂട്ടത്തിലാണ് ഇറക്റ്റ് ക്രസ്റ്റഡ് പെന്‍ഗ്വിനുകളും ഉള്‍പ്പെടുന്നത്. ഈ ജനുസ്സിലെ എല്ലാ പെന്‍ഗ്വിനുകളും പ്രജനനകാലത്ത് രണ്ട് മുട്ടകള്‍ ഇടാറുണ്ട്. എന്നാല്‍ ഇറക്റ്റ് - ക്രസ്റ്റഡ് പെന്‍ഗ്വിനുകളുടെ ആദ്യത്തെ മുട്ട ഒരിക്കലും വിരിഞ്ഞ് കുഞ്ഞു പുറത്തുവരില്ല.

'എക്സ്ട്രീം റിവേഴ്സ്ഡ് എഗ്-സൈസ് ഡൈമോര്‍ഫിസം' എന്നൊരു അവസ്ഥയാണ് ഈ പെന്‍ഗ്വിനുകള്‍ക്ക് ഉള്ളത്. അതായത് ഇവയിടുന്ന ആദ്യ മുട്ട രണ്ടാമത്തതിനെ അപേക്ഷിച്ച് നന്നേ ചെറുതായിരിക്കും. പൊതുവേ രണ്ടാമത്തെ മുട്ട ഇടുന്നതിനു തൊട്ടുമുന്‍പോ അല്ലെങ്കില്‍ ഇടുന്ന ദിവസമോ തന്നെ ആദ്യ മുട്ട നഷ്ടപ്പെട്ടിരിക്കും എന്നതാണ് മറ്റൊരു അസാധാരണ കാര്യം. ഇനി അല്‍പം കാലതാമസമെടുത്താലും ഏഴു ദിവസങ്ങള്‍ക്കപ്പുറം ആദ്യ മുട്ട അതിജീവിക്കില്ലെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

1998 സെപ്റ്റംബര്‍ 29 നും ഒക്ടോബര്‍ 22 നും ഇടയില്‍ ഒരു പെന്‍ഗ്വിന്‍ കോളനിയില്‍ പഠനം നടത്തുന്നതിനിടയിലാണ് ഗവേഷകനായ ലോയ്ഡ് ഡേവിസിന്റെ നേതൃത്വത്തിലുള്ള സംഘം ഇത് മനസ്സിലാക്കിയത്. പെന്‍ഗ്വിനുകള്‍ ഇണ ചേരുകയും മുട്ടകള്‍ ഇടുകയും ചെയ്യുന്ന കാലമായിരുന്നു അത്. ദിവസവും 12 മണിക്കൂര്‍ നേരം ഗവേഷക സംഘം പെന്‍ഗ്വിനുകളെ നിരീക്ഷിച്ചു. ആദ്യ മുട്ടയുടെയും രണ്ടാമത്തെ മുട്ടയുടെയും വലുപ്പം കൃത്യമായി അളക്കാനും അന്ന് ഗവേഷകര്‍ക്ക് സാധിച്ചിരുന്നു. ആദ്യമായി ഇടുന്ന മുട്ടകള്‍ ഒന്നുകില്‍ കൂട്ടില്‍ നിന്നും തനിയെ ഉരുണ്ടു മാറി നിലം പതിക്കും. ചില അവസരങ്ങളില്‍ പെന്‍ഗ്വിനുകള്‍ മനപ്പൂര്‍വ്വമായി അവ തട്ടി മാറ്റുന്നതായും കണ്ടെത്തിയിട്ടുണ്ട്.

മുട്ടകള്‍ക്ക് സുരക്ഷിതമായി ഇരിക്കാനുള്ള സംവിധാനം കൂടുകളില്‍ ഇല്ലാത്തത് മൂലമാണോ അവ നഷ്ടപ്പെടുന്നത് എന്ന സംശയത്തില്‍ കല്ലുകള്‍ അടുക്കി മുട്ട ഉരുണ്ടു പോകാത്ത വിധത്തില്‍ ഗവേഷകര്‍ തന്നെ കൂടുകള്‍ സജ്ജീകരിച്ചു. എന്നാല്‍ ഉള്ളില്‍ നിന്നും തെന്നിമാറി വീണു പോയില്ലെങ്കിലും ആദ്യ മുട്ടകളില്‍ ഒന്നുപോലും അതിജീവിച്ചില്ല എന്നാണ് കണ്ടെത്തിയത്. ഈ പെന്‍ഗ്വിനുകള്‍ ദേശാടനം ചെയ്യുന്ന കാലത്ത് തന്നെ രൂപം കൊള്ളുന്നതിനാല്‍ ആദ്യത്തെ മുട്ട അവ നിരസിക്കുകയാണ് എന്നാണ് ഗവേഷകരുടെ അനുമാനം. ഇതുതന്നെയാവാം ഈ മുട്ടകള്‍ ചെറുതും ബലഹീനവുമാകാനുള്ള കാരണം. എന്നാല്‍ രണ്ടാമത്തെ മുട്ട പ്രജനനം നടത്താന്‍ തിരഞ്ഞെടുക്കുന്ന പ്രദേശത്തുവച്ചുതന്നെയാണ് രൂപം കൊള്ളുന്നത് എന്നതിനാല്‍ അവ വിരിയാന്‍ പ്രാപ്തമാണ്.

പെന്‍ഗ്വിന്‍ ജോഡികളില്‍ ഏറിയ പങ്കും ആദ്യ മുട്ട വിരിയിക്കാന്‍ തീരെ താല്‍പര്യം പ്രകടിപ്പിക്കാറുമില്ല. അതേസമയം രണ്ടാമത്തെ മുട്ട വിരിയിച്ചെടുക്കുന്നതിനായി അവ കൂടുതല്‍ സമയം ചെലവിടുന്നുണ്ട്. രണ്ടു കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള സാഹചര്യമില്ലാത്തതാവാം പെന്‍ഗ്വിനുകളെ ഇത്തരം ഒരു തീരുമാനത്തിലേയ്ക്ക് നയിക്കുന്നത് എന്നാണ് നിഗമനം. അതിജീവിക്കാന്‍ സാധ്യതയുള്ള വലിയ മുട്ടകള്‍ക്ക് വേണ്ടി അവ കൂടുതല്‍ പരിശ്രമിക്കുന്നതും ഇതിനാലാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW