Friday, March 13, 2026 Last Updated 47 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 09.38 PM

നീലനഗരവും സ്വര്‍ണനഗരവും

uploads/news/2026/01/822530/sun1.jpg

ഇന്ത്യയില്‍ നിറങ്ങളുടെ പേരില്‍ അറിയപ്പെടുന്ന നാല്‌ നഗരങ്ങള്‍ രാജസ്‌ഥാനിലാണ്‌. നീലച്ചായം തേച്ച പുരാതന ബ്രാഹ്‌മണഗൃഹങ്ങള്‍ നിറഞ്ഞ ജോധ്‌പൂരിനെ നീലനഗരമെന്നും, സ്വര്‍ണവര്‍ണമുള്ള മഞ്ഞ മണല്‍ക്കല്ലുകളില്‍ തീര്‍ത്ത ജെയ്‌സാല്‍മീറിനെ സ്വര്‍ണ നഗരമെന്നും, വെള്ള മാര്‍ബിള്‍ കൊട്ടാരങ്ങള്‍ അലങ്കരിക്കുന്ന ഉദയ്‌പൂരിനെ വെള്ള നഗരമെന്നും, പിങ്ക്‌ നിറം ചാര്‍ത്തിയ ജയ്‌പൂരിനെ പിങ്ക്‌ നഗരമെന്നും വിളിക്കുന്നു.
രാജസ്‌ഥാനിലെ നീല-സ്വര്‍ണ നഗരങ്ങളിലേക്കായിരുന്നു യാത്ര. കൊച്ചിയില്‍ നിന്നള്ള ഇന്‍ഡിഗോ വിമാനം ഇടയ്‌ക്ക് മുംബൈയില്‍ ഒന്നിറങ്ങിയെങ്കിലും വൈകാതെ താര്‍ മരുഭൂമി ലക്ഷ്യം വച്ച്‌ വടക്കോട്ട്‌ പറന്നുയര്‍ന്ന്‌ ജോധ്‌പൂരിലെ അതിവിശാലമായ വയലേലകള്‍ക്കിടയിലേക്കിറങ്ങി നിന്നു. വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയപ്പോള്‍ ജോധ്‌പൂരിലെ ഇളംതണുപ്പുള്ള സായാഹ്ന വെയിലിന്റെ സുഖമറിഞ്ഞു. വലിയ തിരക്കുകളില്ലാത്ത വീഥികള്‍. അച്ചടക്കത്തോടെ സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികളും, അലസം ഗമിക്കുന്ന ഗോക്കളും, വയലുകളില്‍ നിന്നും മടങ്ങുന്ന ട്രാക്‌ടറുകളും നിരത്തില്‍ കാണാം. 1458 ല്‍ രജപുത്ര റാത്തോഡ്‌ വംശജനായ റാവു ജോധയാണ്‌ മെഹ്‌റാന്‍ഗഡ്‌ കോട്ട കേന്ദ്രീകരിച്ച്‌ ജോധ്‌പൂര്‍ നഗരം വികസിപ്പിച്ചത്‌. ഉമൈദ്‌ഭവന്‍ കൊട്ടാരവും നയ തലാബ്‌ തടാകവും കടന്ന്‌ ഞങ്ങള്‍ സൂര്യകൊട്ടാരം എന്നുകൂടി പേരുള്ള മെഹ്‌റാന്‍ഗഡ്‌ കോട്ടയ്‌ക്കരികിലെത്തി.
മെഹ്‌റാന്‍ഗഡ്‌ കോട്ട
ചുറ്റുമുള്ള സമതലങ്ങളില്‍ നിന്നും തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന ഘനഗംഭീരമായൊരു ദുര്‍ഗം. ഒറ്റനോട്ടത്തില്‍ പ്രകൃതിദത്തമായ പാറകളില്‍ നിന്നും നൂറിലധികം മീറ്റര്‍ ഉയരത്തിലേക്ക്‌ വളര്‍ന്നു വലുതായൊരു കരിങ്കല്‍ മാളികയാണെന്ന്‌ തോന്നും. അതിന്റെ പുറംഭിത്തികള്‍ക്ക്‌ ശക്‌തി പകര്‍ന്ന്‌ ഭീമാകാരങ്ങളായ ഉരുളന്‍ തൂണുകള്‍. ഏറ്റവും മുകളില്‍ മൂന്ന്‌ നിലകളിലായി ആകാശസൗധം പോലെ കമനീയമായ കൊട്ടാരക്കെട്ടുകളുടെ പ്രപഞ്ചം. ശില്‍പാലംകൃതമായ മട്ടുപ്പാവുകളും നിരീക്ഷണ ഗോപുരങ്ങളും. ദൂരെ നിന്നേ ശത്രുവിനെ തകര്‍ക്കാന്‍ പാകത്തില്‍ സജ്‌ജീകരിച്ചിരിക്കുന്ന ചെറുതും വലുതുമായ നിരവധിയായ കൊത്തളങ്ങള്‍. ശത്രുമുന്നേറ്റം ദുര്‍ബലപ്പെടുത്താന്‍ പാകത്തില്‍ ചെങ്കുത്തായ ചരിവില്‍ വളവുതിരിവുകളോടെ നിര്‍മിച്ചിരിക്കുന്ന കരിങ്കല്‍ പാതയിലൂടെ നടന്ന്‌ ഞങ്ങള്‍ ഉരുക്കുമുനകള്‍ ഉറപ്പിച്ച ജെയ്‌ പോള്‍ കവാടത്തിനരികിലെത്തി.
ഇരുപത്‌ മീറ്റര്‍ കനത്തിലും അഞ്ഞൂറ്‌ മീറ്റര്‍ നീളത്തിലും പ്രതിരോധസജ്‌ജമായി നിലകൊണ്ട കോട്ടയായിരിന്നിട്ടും മാല്‍ഡിയോ രാജാവിന്റെ കാലത്ത്‌ ഡല്‍ഹി സുല്‍ത്താന്‍ ഷേര്‍ഷാ സൂരി കോട്ട പിടിച്ചടക്കി. ഒരു വര്‍ഷത്തിനകം കോട്ട തിരിച്ചു പിടിച്ച മാല്‍ഡിയോ പിഴവുകള്‍ നികത്തി കോട്ട കൂടുതല്‍ ശക്‌തിപ്പെടുത്തി. പക്ഷേ പിന്‍ഗാമിയെ ചൊല്ലിയുണ്ടായൊരു ആഭ്യന്തര തര്‍ക്കത്തില്‍ തന്ത്രപരമായി ഇടപ്പെട്ട്‌ മുഗള്‍ സൈന്യം കോട്ടയുടെ നിയന്ത്രണം റാത്തോഡുകളില്‍ നിന്നും കൈവശപ്പെടുത്തി. പിന്നീടുള്ള 20 വര്‍ഷങ്ങള്‍ അക്‌ബറിന്റെ അധീനതയിലായിരുന്നു കോട്ട. ഇതിനിടെ അക്‌ബറുമായി സൗഹൃദത്തിലായ ഉദയ്‌ സിങ്‌ രാജാവിന്‌ അക്‌ബര്‍ കോട്ട കൈമാറി. പാരിതോഷികമായി ഉദയ്‌ സിങ്‌ മകള്‍ മാനവതി ബായിജിയെ അക്‌ബറിന്റെ മകന്‍ ജഹാംഗീറിന്‌ വിവാഹം ചെയ്‌തു കൊടുത്തു. ജഹാംഗീര്‍-മാനവതി ദാമ്പത്യത്തില്‍ പിറന്ന മകനാണ്‌ പ്രശസ്‌തനായ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍.

അകത്തളങ്ങള്‍
ജെയ്‌ പോള്‍ കവാടം കടന്ന്‌ വിശാലമായ മുറ്റത്തേക്കെത്തിയാല്‍ പലവിധ വാസ്‌തുവിലുള്ള നിര്‍മിതികളാണ്‌ മുന്നില്‍ തെളിയുക. പല രാജാക്കന്മാര്‍ പല കാലയളവുകളില്‍ ചെയ്‌ത രാജകീയാഡംമ്പരങ്ങളുടെ സ്‌മാരകശിലകള്‍. ഇടതുവശത്ത്‌ പഴയ കോട്ടമതില്‍. വലതുവശത്തുള്ള ഭിത്തിക്കരികില്‍ കൊത്തുപണികളാല്‍ സമൃദ്ധമായ കൊട്ടാരങ്ങള്‍. തലയ്‌ക്കു മുകളില്‍ പുറത്തേക്കു തള്ളി ശില്‍പവേലകള്‍ മനോഹരമാക്കിയ മൂന്ന്‌ നിലകളുള്ള ബാല്‍ക്കണികള്‍ കാണാം. ലഖാന്‍ പോള്‍ എന്ന രണ്ടാമത്തെ കവാടത്തിലാണ്‌ വഴി ചെന്നെത്തിയത്‌. ഇവിടെയുള്ള കൊത്തളത്തില്‍ പീരങ്കി ഉണ്ടകള്‍ തറച്ച അടയാളങ്ങളുണ്ട്‌. മതിലിനു മുകളില്‍ നിന്നും നീലനിറത്തിലുള്ള പഴയ ബ്രഹ്‌മാപുരി നഗരത്തിന്റെ കാഴ്‌ചകള്‍ ലഭിക്കുന്നു. അങ്ങ്‌ ദൂരെ ഉമൈദ്‌ ഭവന്‍ പാലസ്‌. രാജാക്കന്മാര്‍ കോട്ടയ്‌ക്കു പുറത്തും കൊട്ടാരങ്ങള്‍ കെട്ടി താമസിച്ചിരുന്നു. അത്തരത്തില്‍ നിര്‍മിച്ചവയാണ്‌ സുര്‍ സാഗര്‍ പാലാസും ഉമൈദ്‌ ഭവന്‍ പാലസും. ഏറെ കാലം രാജാക്കന്മാര്‍ ആരും താമസിക്കാതെ മെഹ്‌റാന്‍ഗഡ്‌ കോട്ട അനാഥമായി കിടന്നിട്ടുണ്ട്‌. 1947 ല്‍ പുനരുദ്ധാരണങ്ങള്‍ ചെയ്‌ത് ഹന്‍വാന്ത്‌ രാജാവ്‌ കോട്ടയിലേക്ക്‌ താമസം മാറ്റിയെങ്കിലും ഒരു വിമാനാപകടത്തില്‍ മരണപ്പെട്ടു.
ലഖാന്‍ പോള്‍ കവാടത്തില്‍ നിന്നും ഒരു വളവ്‌ തിരിഞ്ഞാല്‍ അമൃതി പോള്‍ കവാടമായി. തുടര്‍ച്ചയായുള്ള റാമ്പിന്റെ മുകള്‍ത്തട്ടിലെത്തിയാല്‍ അവസാനത്തെ പ്രധാന കവാടം ലോഹ പോള്‍. ലോഹ പോളില്‍ നിന്നും തുടങ്ങുന്ന ഇടനാഴിയുടെ അവസാനത്തിലാണ്‌ രാജാവിന്റെ സാന്നിധ്യം പെരുമ്പറ കൊട്ടി അറിയിക്കുന്ന നാക്വര്‍ ഖാന. നാക്വര്‍ ഖാനയില്‍ നിന്നുള്ള രണ്ട്‌ വഴികളില്‍ ഒന്ന്‌ സ്‌ത്രീകള്‍ക്കുള്ള കൊട്ടാരങ്ങളിലേക്കും മറ്റൊന്ന്‌ സുരാജ്‌ പോളിലൂടെ കൊട്ടാരത്തിനുള്ളിലെ പൊതുവേദിയായ ശൃംഗാര്‍ ചൗക്കിലേക്കും എത്തുന്നു. ശൃംഗാര്‍ ചൗക്കില്‍ വെച്ചായിരുന്നു കൊട്ടാരത്തിലെ കിരീടധാരണം അടക്കമുള്ള വളരെ പ്രധാനപ്പെട്ട ചടങ്ങുകള്‍ നടന്നിരുന്നത്‌. പുറത്തേക്ക്‌ കടന്നാല്‍ മൂന്നുനില കെട്ടിടമായ ദൗലത്ത്‌ ഖാന ചൗക്ക്‌. വിലപിടിപ്പുള്ള ആഭരണങ്ങളും പണവും മറ്റും സൂക്ഷിച്ചിരുന്നത്‌ ദൗലത്ത്‌ ഖാന ചൗക്കിലായിരുന്നു. അജിത്‌ സിങ്‌ രാജാവിന്റെ സ്വകാര്യ മുറികളും ഇവിടെയായിരുന്നു. ഔറംഗസീബിന്റെ മരണശേഷം യോദ്ധാവായ ദുര്‍ഗ്ഗാദാസിന്റെ സഹായത്താല്‍ അജിത്‌ സിങ്‌ രാജാവ്‌ കോട്ട തിരിച്ചു പിടിച്ചു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ മക്കള്‍ തമ്മിലുള്ള അധികാരതര്‍ക്കം മൂലം ആഗര്‍ണി റോ മഹലില്‍ വച്ച്‌ അദ്ദേഹം കൊല്ലപ്പെട്ടു.
ദൗലത്ത്‌ ഖാനയുടെ സമീപമാണ്‌ ഭോജന്‍ശാല. ഇപ്പോഴതൊരു മ്യൂസിയം ആയി പ്രവര്‍ത്തിക്കുന്നു. ഭോജന്‍ശാലയില്‍ നിന്നും മുകളിലേക്കുള്ള പിരിയന്‍ ഗോവണി കയറി തക്‌ത് വിലാസിലേക്കെത്തി. തക്‌ത് വിലാസില്‍ മാന്‍സിങ്‌ രാജാവിന്റെ രജതിലക്‌ ചടങ്ങിന്റെ മനോഹരമായൊരു പെയിന്റിങ്‌ സ്‌ഥാപിച്ചിട്ടുണ്ട്‌. താഴേക്കിറങ്ങിയാല്‍ കൗവ്വാ ബാഗും ജാന്‍കി മഹലും. മോട്ടിമഹലിന്റെ തെക്ക്‌ ഭാഗത്താണ്‌ സ്‌ത്രീകള്‍ക്ക്‌ മാത്രമായുള്ള പാര്‍പ്പിടങ്ങള്‍ സെനേന. കൊട്ടാരത്തിന്റെ അകത്തളങ്ങളിലുള്ള രാജകീയാഡംബരങ്ങള്‍ മുഴുവന്‍ കണ്ടാസ്വദിക്കണമെങ്കില്‍ ദിവസങ്ങള്‍ തന്നെ വേണ്ടിവരും.

അസ്‌തമയം
മെഹ്‌റാന്‍ഗഡ്‌ കോട്ടയില്‍ നിന്നും പുറത്ത്‌ കടന്നപ്പോള്‍ അസ്‌തമയ സമയമായി. ഞങ്ങള്‍ ജോധ്‌പൂര്‍ നഗരത്തിലൂടെ പയ്യേ സഞ്ചരിച്ചുകൊണ്ടിരുന്നു. ഇടയ്‌ക്ക് ഇരുന്നൂറ്‌ വര്‍ഷം പഴക്കമുള്ള ഘണ്ടാ ഘര്‍ ചന്തയില്‍ ഒന്നിറങ്ങി. വലിയൊരു ഘടികാര മാളികയ്‌ക്ക് ചുറ്റിലുമാണ്‌ ചന്ത. രാജസ്‌ഥാനി കരകൗശല വസ്‌തുക്കളും മധുരപലഹാരങ്ങളും വസ്‌ത്രങ്ങളും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്ന തിരക്ക്‌ പിടിച്ച അങ്ങാടി. പൗരാണിക ചരിത്ര ചിന്തകളില്‍ നിന്നും പുറത്തു ചാടി കുറച്ചു നേരം ഘണ്ടാ ഘര്‍ ചന്തയില്‍ അലഞ്ഞു നടന്നു. രാജസ്‌ഥാനി മിഠായികള്‍ വാങ്ങിത്തിന്നു. നഗരമധ്യത്തിലുള്ള പാര്‍ക്ക്‌ ബോട്ടിക്ക്‌ ഹോട്ടലിലായിരുന്നു അത്താഴവും രാത്രി താമസവും.
ജയ്‌സാല്‍മീര്‍
അതിരാവിലെ ജോധ്‌പൂരില്‍ നിന്നും ജയ്‌സാല്‍മീറിലേക്ക്‌ യാത്ര തിരിച്ചു. ഇന്ത്യ രണ്ട്‌ ആണവ പരീക്ഷണങ്ങള്‍ നടത്തിയ പൊക്രാനിലൂടെ കടന്നു പോകുന്ന എന്‍.എച്ച്‌. 125 വഴിയാണ്‌ സഞ്ചാരം. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പൊടിമണ്ണും കുറ്റിച്ചെടികളും നിറഞ്ഞ മരുപ്രദേശങ്ങള്‍. വല്ലപ്പോഴും കടന്നു വരുന്ന രാജസ്‌ഥാനി ഗ്രാമങ്ങള്‍. 273 കിലോമീറ്റര്‍ സഞ്ചരിച്ച്‌ ജയ്‌സാല്‍മീറില്‍ എത്തുമ്പോള്‍ നട്ടുച്ച.
1971ലെ ഇന്തോ-പാക്‌ യുദ്ധത്തില്‍ ജയ്‌സാല്‍മീര്‍ ഒരു പോരാട്ടഭൂമിയായിരുന്നു. രാത്രിയുടെ മറവില്‍ ജയ്‌സാല്‍മീര്‍ ലക്ഷ്യം വച്ച്‌ പാക്‌ കരസേന വലിയ സന്നാഹങ്ങളോടെ നീക്കങ്ങള്‍ നടത്തി. അതിര്‍ത്തിയിലെ ലോംഗെവാല പോസ്‌റ്റില്‍ അപ്പോള്‍ കേവലം 120 സൈനികര്‍ മാത്രം. വായുസേനയുടെ സഹായത്താല്‍ മേജര്‍ കുല്‍ദീപ്‌ സിങ്‌ ചാന്ദ്‌പുരിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൈന്യം ധീരോചിതമായി അവരെ നേരിട്ടു. നശിപ്പിക്കപ്പെട്ട ഒട്ടനവധി ടാങ്കുകള്‍ ഉപേക്ഷിച്ച്‌ അന്ന്‌ പാക്‌ പട പിന്തിരിഞ്ഞോടി. യുദ്ധ സ്‌മാരകമായി ഒരു സൈനിക മ്യൂസിയം ജയ്‌സാല്‍മീറിലുണ്ട്‌.
ഗഡിസര്‍ തടാകം
മരുഭൂമിയുടെ വസന്തമെന്നറിയപ്പെടുന്ന ഗഡിസര്‍ തടാകത്തിനു മുന്നില്‍ നില്‍ക്കുകയാണ്‌. 1156-ല്‍ മഹാറാവല്‍ ജയ്‌സാല്‍ നിര്‍മിച്ചതാണ്‌ തടാകം. ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു വെള്ളം കയറുന്ന രീതിയില്‍ ഒന്‍പതു പൊയ്‌കകള്‍ ചേര്‍ന്ന ജലാശയം. തടാകത്തിലേക്ക്‌ ഇറങ്ങാനുള്ള ഭംഗിയുള്ള കവാടത്തിനു മുകളില്‍ ഒരു കൃഷ്‌ണ ക്ഷേത്രമുണ്ട്‌. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ജലപ്പരപ്പില്‍ അവിടവിടെ മനോഹരങ്ങളായ മണ്ഡപങ്ങളും ഛത്രികളും.
ബഡാ ബാഗ്‌
ഗഡിസര്‍ തടാകക്കരയില്‍ നിന്നും അഞ്ച്‌ കിലോമീറ്റര്‍ അകലെയുള്ള ബഡാ ബാഗ്‌ ശ്‌മശാന ഭൂമിയിലെത്തി. രാജാക്കന്മാരുടെയും പ്രഭുക്കളുടെയും സതി ആചരിക്കുന്ന രാജ്‌ഞിമാരുടെയും സഖികളുടെയും കബറിടങ്ങള്‍ സ്‌ഥിതി ചെയ്യുന്ന ഛത്രികള്‍ നിറഞ്ഞ സ്‌ഥലമാണ്‌ ബഡാ ബാഗ്‌. വിജനമായൊരു തടാകക്കരയില്‍ തികഞ്ഞ നിശബ്‌ദതയില്‍ നിരനിരയായി നില്‍ക്കുന്ന മനോഹരങ്ങളായ ഛത്രിമണ്ഡപങ്ങള്‍. സായാഹ്നവെയിലില്‍ തിളങ്ങി നില്‍ക്കുന്ന സ്‌മാരകങ്ങളിലെ ഇരിപ്പിടങ്ങളില്‍ എറെ നേരം ചിന്താധീനരായിരിക്കാം.
ഹവേലികള്‍
സുന്ദരമായിരുന്നു ജയ്‌സാല്‍മീറിലെ പ്രഭാതം. കളകൂജനങ്ങള്‍ സംഗീതം പൊഴിക്കുന്ന ഗഡിസര്‍ തടാകക്കരയിലെ സൂര്യോദയം അവിസ്‌മരണീയമായി. പ്രാതല്‍ കഴിച്ച്‌ ആദ്യമെത്തിയത്‌ പട്‌ വോം കീ ഹവേലികള്‍ സന്ദര്‍ശിക്കാനാണ്‌. മധ്യകാലഘട്ടത്തില്‍ ഇന്ത്യയെയും മധ്യേഷ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാര പാതയിലൊന്നായിരുന്നു ജയ്‌സാല്‍മീര്‍. ജയ്‌സാല്‍മീറിലെ കച്ചവടക്കാരായ പ്രഭുക്കളുടെ വീടുകളാണ്‌ ഹവേലികള്‍. ജൈനമതസ്‌തരായ പട്വാകളാണ്‌ അവരില്‍ ഏറ്റവും സമ്പന്നരും പ്രശസ്‌തരും. തെരുവിന്റെ ഇരുവശങ്ങളിലുമായി രാജകൊട്ടാരങ്ങള്‍ പോലെ അലങ്കരിച്ച ബഹുനില വീടുകളുടെ നിരകള്‍ കാണാം. സ്വര്‍ണം, വെള്ളി തുടങ്ങിയവയുടെ ഉല്‍പാദനം, ക്രയവിക്രയം, രാജ്യത്തിനു വേണ്ടി നികുതി പിരിക്കല്‍, ഖജനാവിന്റെ നിയന്ത്രണം എന്നിവയൊക്കെ സമ്പന്നരായ ഈ പ്രഭുക്കളുടെ കൈകളിലായിരുന്നു. തികച്ചും രാജകീയമായ ജീവിത ശൈലി പിന്തുടര്‍ന്നവര്‍. ബഹുനിലകളിലുള്ള ഹവേലികള്‍ സൂക്ഷ്‌മമായ കൊത്തുപണികള്‍ കൊണ്ട്‌ സമൃദ്ധമാണ്‌. ഒരു ഹവേലിയില്‍ അനവധി മുറികള്‍ ഉണ്ടാകും. സ്വീകരണമുറി മുതല്‍ അടുക്കളവരെ നിറഞ്ഞു നില്‍ക്കുന്ന ആര്‍ഭാടങ്ങള്‍.

ജയ്‌സാല്‍മീര്‍ കോട്ട
പട്വാ ഹവേലിയില്‍ നിന്നും ജയ്‌സാല്‍മീറിലെ കേന്ദ്രബിന്ദുവായ ജയ്‌സാല്‍മീര്‍ കോട്ടയ്‌ക്കു മുന്നിലെത്തി. ഒരു മണ്‍കൂനയില്‍ നിന്നും പടുത്തുയര്‍ത്തിയതു പോലെയാണ്‌ ദൂരകാഴ്‌ചയില്‍ ജയ്‌സാല്‍മീര്‍ കോട്ട. 1156 ല്‍ യദുവംശജാതനായ ഭാട്ടി രജപുട്‌ ജയ്‌സാലാണ്‌ മഞ്ഞ മണല്‍ക്കല്ലുകള്‍ ഉപയോഗിച്ച്‌ ത്രികൂട പര്‍വത മുകളില്‍ ജയ്‌സാല്‍മീര്‍ കോട്ട നിര്‍മിച്ചത്‌. സൂര്യ രശ്‌മികള്‍ പതിക്കുമ്പോള്‍ സ്വര്‍ണനിറമാകുന്ന കോട്ടയ്‌ക്ക് ഗോള്‍ഡന്‍ ഫോര്‍ട്ട്‌ എന്നും പേരുണ്ട്‌. രാജാവില്‍ നിന്നും പതിച്ചു കിട്ടിയ മുറികളില്‍ ഏകദേശം നാലായിരത്തിലധികം ആളുകള്‍ ഇപ്പോഴും കോട്ടയ്‌ക്കുള്ളില്‍ താമസിക്കുന്നു. രാജഭരണ കാലത്തും കോട്ടയ്‌ക്കുള്ളില്‍ രാജാവിനൊപ്പമായിരുന്നു പ്രജകള്‍ താമസിച്ചിരുന്നത്‌. അവര്‍ നടത്തുന്ന കച്ചവടസ്‌ഥാപനങ്ങളാണ്‌ കോട്ട നിറയെ. മഹാരാജാവിന്റെ കൊട്ടാരം 200 രൂപ ടിക്കറ്റില്‍ കാണാവുന്ന മ്യൂസിയമാണിപ്പോള്‍. അതിന്റെ കവാടത്തില്‍ കണ്ട സതി കൈമുദ്രകള്‍ കോട്ടക്കുള്ളില്‍ നടന്നിട്ടുള്ള ജൗഹര്‍ അനുഷ്‌ഠാനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. യുദ്ധ പരാജയങ്ങളെ തുടര്‍ന്നുണ്ടാകുന്ന സ്‌ത്രീകളുടെ കൂട്ടആത്മാഹുതികള്‍ ജയ്‌സാല്‍മീര്‍ കോട്ടയില്‍ മൂന്ന്‌ തവണ ഉണ്ടായിട്ടുണ്ട്‌. 1308 ല്‍ അലാവുദീന്‍ ഖില്‍ജിയോടേറ്റ പരാജയത്തെ തുടര്‍ന്നായിരുന്നു ആദ്യം. കൊട്ടാരത്തിലെ ആയിരത്തോളം ഭട്ടി രജപുത്ര സ്‌ത്രീകള്‍ അന്ന്‌ തീകുണ്‌ഠത്തിലേക്ക്‌ ചാടി ജൗഹര്‍ അനുഷ്‌ഠിച്ചു. 1366 ല്‍ മുഹമ്മദ്‌ ബിന്‍ തുഗ്ലക്ക്‌ ഏര്‍പ്പെടുത്തിയ എട്ട്‌ വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഉപരോധത്തെ തുടര്‍ന്നായിരുന്നു രണ്ടാമത്തേത്‌. 1485 ല്‍ അലിഖാനുമായുണ്ടായ യുദ്ധപരാജയത്തെ തുടര്‍ന്നും കോട്ടയില്‍ ജൗഹര്‍ നടന്നു. രംഗ്‌ മഹല്‍, മോട്ടിമഹല്‍, ശീഷ്‌മഹല്‍ തുടങ്ങിയ കൊട്ടാരങ്ങളും എട്ടോളം ജൈന ക്ഷേത്രങ്ങളും കോട്ടയ്‌ക്കകത്തുണ്ട്‌.
കുല്‍ധാര
കോട്ടയ്‌ക്കു പുറത്ത്‌ കടന്ന്‌ വേഗത്തില്‍ ഉച്ചഭക്ഷണം കഴിച്ച്‌ ഞങ്ങള്‍ മണലാരണ്യത്തിലെ അസ്‌തമയം കാണാന്‍ പാകിസ്‌താന്‍ അതിര്‍ത്തിയിലുള്ള ഖുറി മരുഭൂമിയിലേക്ക്‌ യാത്ര തുടങ്ങി. ജയ്‌സാല്‍മീര്‍ നഗരം വിട്ടതും തീര്‍ത്തും വിചനമായി നിരത്തുകള്‍. വശങ്ങളില്‍ തിരമാലകള്‍ കണക്കെ അനന്തമായ മണല്‍പ്പരപ്പുകള്‍ മാത്രം. പച്ചപ്പിന്റെ തുരുത്തുകള്‍ തീര്‍ക്കുന്ന കള്ളിച്ചെടികള്‍. മുള്‍ച്ചെടികള്‍ക്കിടയില്‍ അയവിറക്കി വിശ്രമിക്കുന്ന ഒട്ടകക്കൂട്ടങ്ങള്‍. വഴിയരികില്‍ മരുഭൂമിമധ്യത്തില്‍ ആള്‍പ്പാര്‍പ്പുകളില്ലാത്ത കുറേ വീടുകള്‍ തെളിഞ്ഞു. കുല്‍ധാര. അഥവാ മരുഭൂമിയിലെ ദുഖം. നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ ഉപേക്ഷിക്കപ്പെട്ടൊരു രാജസ്‌ഥാന്‍ ഗ്രാമം. ജയ്‌സാല്‍മീര്‍ മഹാരാജാവിന്റെ ദിവാനായിരുന്ന സലാം സിങ്ങില്‍ നിന്നും ഗ്രാമത്തലവന്റെ ഓമനമകളെ രക്ഷിക്കാന്‍ നേരം പുലരുന്നതിനു മുന്‍പേ അജ്‌ഞാതമായൊരിടത്തേക്ക്‌ രക്ഷപ്പെട്ട ഗ്രാമവാസികളുടെ കഥ പറയുന്നു കുല്‍ധാര. എണ്‍പതോളം കുടുംബങ്ങള്‍ അന്നുവരെ അരുമയായി പരിപാലിച്ച ഭവനങ്ങളിലെ വേണ്ടപ്പെട്ടതെല്ലാം ഉപേക്ഷിച്ച്‌ എങ്ങോട്ടോ പൊയ്‌മറഞ്ഞു. ഇപ്പോഴതൊരു പ്രേതഗ്രാമം.
ഖുറി മരുഭൂമി
ഖുറിയില്‍ എത്തുമ്പോള്‍ സവാരിക്കുള്ള ഒട്ടകങ്ങള്‍ കാത്ത്‌ നില്‍പ്പുണ്ടായിരുന്നു. ഒട്ടകപ്പുറത്തേറി മണലാരണ്യങ്ങള്‍ താണ്ടാന്‍ തുടങ്ങി. മണല്‍പ്പരപ്പുകളിലെ വലിയ കയറ്റങ്ങളും ഇറക്കങ്ങളും ഉയരത്തിലിരുന്നുള്ള അനുഭൂതികളാകുന്നു. ദൂരെ ചുവന്നു തുടുത്ത സൂര്യബിംബം. പതുക്കെയാ കോമളരൂപം മണല്‍സാഗരത്തിന്റെ ആഴങ്ങളിലേക്ക്‌ താഴ്‌ന്നു മറഞ്ഞു. മരുഭൂമിയിലെ അസ്‌തമയം. ഇരുട്ട്‌ പരന്നപ്പോള്‍ ഒട്ടകങ്ങള്‍ തിരിച്ചു നടന്നു. ഖുറി മരുഭൂമിയിലെ കൂടാരങ്ങളിലാണ്‌ രാത്രിവാസം. രാവേറെ വൈകി. ശാന്തതയിലലിഞ്ഞ സുന്ദരമായ രാത്രി. ചുറ്റുപാടുമുള്ള വിജനമായ മരുഭൂമിയില്‍ നിലാവൊഴുകുന്നു. തണുപ്പിന്റെ സുഖകരമായ ആശ്ലേഷം. ക്യാമ്പ്‌ഫയറിലെ അഗ്നിനാളങ്ങള്‍ ആളിക്കത്തി. രാജസ്‌ഥാനി സംഗീതത്തിന്റെ പതിഞ്ഞ ശീലുകള്‍ താളനിബിഢമായി അലയടിച്ചുയരുന്നു. രാജസ്‌ഥാനി വേഷഭൂഷാദികള്‍ അണിഞ്ഞ നര്‍ത്തകി ചുവടുകള്‍ വച്ചു. വിരുന്നുകാരിലും നൃത്ത ചുവടുകള്‍ ഉണരുകയാണ്‌. ആരും ആരാലും മാറ്റി നിര്‍ത്തപ്പെട്ടില്ല... സര്‍വം മറന്നുള്ള ആനന്ദ നിമിഷങ്ങള്‍ . ജീവിതമെന്ന പ്രഹേളികയില്‍ ഒരിക്കലുമൊരിക്കലും തിരികെ ലഭിക്കാത്തവ. നീലാകാശത്തില്‍ പുഞ്ചിരി തൂകി എല്ലാം കാണുന്നുണ്ടായിരുന്നു അമ്പിളിക്കലയും ഒരു ഒറ്റ നക്ഷത്രവും. എന്നിട്ടിങ്ങിനെ മന്ത്രിക്കുന്നുണ്ടായിരുന്നു... ഈ രാത്രി നിങ്ങള്‍ക്കുള്ളതാണ്‌, നിങ്ങള്‍ക്ക്‌ മാത്രം...

സാബു മഞ്ഞളി

Ads by Google
Sunday 25 Jan 2026 09.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW