Thursday, March 12, 2026 Last Updated 58 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 09.37 PM

കഥയുടെ ഗതിവിഗതികള്‍

മലയാള ചെറുകഥയുടെ ആനുകാലിക ഗതിവിഗതികള്‍ വെളിപ്പെടുത്തുന്നവയാണ്‌ ഭാഷാപോഷിണിയുടെയും മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെയും ഏറ്റവും പുതിയ ലക്കം. കഥയുടെ രാജശില്‌പിയായ ടി. പത്മനാഭന്‍ മുതലിങ്ങോട്ടുള്ളവര്‍ അണിനിരക്കുന്ന ഈ കഥാലോകം നമ്മെ കാര്യമായി ആഹ്‌ളാദിപ്പിക്കുന്നില്ലെന്നതാണ്‌ യാഥാര്‍ഥ്യം. കഥയില്ലായ്‌മയെ കഥയാക്കി മാറ്റുന്ന ഇന്ദ്രജാലത്തിനുടമയായ ടി. പത്മനാഭന്റെ 'ആര്‍ക്കറിയാം' എന്ന കഥയില്‍ ലോകകാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്‌. ഉള്ളില്‍ത്തട്ടുന്ന കഥമാത്രമില്ല. ഒടുവില്‍ തലയില്‍ കൈവച്ച്‌ വായനക്കാരനും ഇരുന്നുപോകും- ആര്‍ക്കറിയാം? എന്നു ചോദിച്ചുകൊണ്ട്‌. അവസാന വാക്യത്തിലെ പരിണാഗുപ്‌തി മാത്രമാണൊരു പ്രത്യാശയുടെ തിരി തെളിക്കുന്നത്‌. വൈശാഖന്റെ വെയിലും പത്മനാഭന്റേതുപോലെ അഭയാര്‍ഥികളുടെ വേദനയാണ്‌ ഉള്‍വഹിക്കുന്നത്‌. ബര്‍മ്മീസ്‌ തേക്കുകൊണ്ടുണ്ടാക്കിയ ചാരുകസേര വിറ്റും വിശപ്പടക്കാന്‍ ശ്രമിക്കുന്ന മരുതനായകവും കുടുംബവും. വിഷാദം പരത്തുന്ന പോക്കുവെയില്‍ പോലൊരു കഥ. ബുദ്ധചരിത്രത്തിലെ പ്രശസ്‌തമായ കഥാബിന്ദുക്കളെ പി. സുരേന്ദ്രന്‍ പുനരാഖ്യാനം ചെയ്യുന്നൂ 'സങ്കല്‌പ ബുദ്ധനി'ല്‍. അവസാനത്തെ കഥയായ ഹരിതാ സാവിത്രിയുടെ ചൂണ്ടുവിരല്‍ എങ്ങോട്ടും ചൂണ്ടുന്നില്ല. പു.ക.സ. കഥയുടെ തലം വിട്ടുയരാനുള്ള കെല്‌പതിനില്ല. കഥയും നോവലും വായിച്ചിരുന്ന വായനക്കാര്‍ വെറുതെയല്ല മറ്റിടങ്ങളിലേക്ക്‌ വഴിമാറിപ്പോകുന്നത്‌. ഈ നവവര്‍ഷ കഥാവായന ഏറെക്കുറെ നിഷ്‌ഫലമായെന്നു പറയാം. (ഭാഷാ-ജനു/മാതൃ. ആഴ്‌ച. ജനു. 18).

വാക്കിന്റെ നെല്ലറ

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവബന്ധത്തിന്റെ മനോഹരമായ അന്തര്‍ധാര ആഗാനങ്ങളിലുണ്ടായിരുന്നു. ഒരു പൂവിനെക്കുറിച്ചു പറയാത്ത ഒരു പാട്ടും ഒരുപക്ഷേ വയലാറിന്റേതായി ഉണ്ടാവില്ല. വാക്കിന്റെ നെല്ലറയില്‍ പാട്ടിന്റെ വിപ്ലവം എന്ന ചര്‍ച്ചയില്‍ തിരക്കഥാകൃത്തും നടനുമായ രഞ്‌ജിപ്പണിക്കര്‍. അച്‌ഛന്റെ ചെറുപ്രായത്തിലും രാഘവപ്പറമ്പിലെ വീട്ടില്‍ സാഹിത്യചര്‍ച്ചകള്‍ സജീവമാകുമായിരുന്നു. പലരും വരും. വരുന്നവര്‍ക്ക്‌ പൂണൂലുണ്ടോയെന്ന്‌ മുത്തശ്ശി നോക്കും. ഒരിക്കല്‍ പൂണൂലണിയിച്ചുകൊണ്ടുവന്ന കറുത്ത തമ്പുരാനെ ചര്‍ച്ചയ്‌ക്കിടയില്‍ 'ജോസഫ്‌' എന്നു വിളിച്ചു. മകന്‍ അമ്മയെ വഞ്ചിച്ചുവെന്ന്‌ തോന്നി. ഒരു മുറി പണിത്‌ അച്‌ഛനെ അങ്ങോട്ടുമാറ്റിയെന്ന്‌ വയലാറിന്റെ മകന്‍ ശരത്‌ചന്ദ്രവര്‍മ്മ. പിന്നീടാണ്‌ വയലാറിന്റെ സര്‍ഗസപര്യ ആരംഭിക്കുന്നത്‌. വിപ്ലവഗാനത്തില്‍ ഭാസ്‌കരന്‍മാഷും ഒ.എന്‍.വിയും കഴിഞ്ഞേ താന്‍ വയലാറിന്‌ സ്‌ഥാനംകൊടുക്കൂ എന്നും ശരത്‌ചന്ദ്രവര്‍മ്മ. (മാതൃ. ജനു. 9).

മാര്‍ക്‌സില്‍നിന്നും
മഹര്‍ഷിയിലേക്ക്‌

നിളാതീരത്ത്‌ തിരുനാവായയില്‍ നടക്കുന്ന മഹാമാഘ മഹോത്സവം കേരളത്തിന്റെ കുംഭമേളയായി മാറുമെന്ന്‌ ഹരി എസ്‌. കര്‍ത്താ. മകരസംക്രാന്തി കഴിഞ്ഞു മൗനി അമാവാസിയില്‍ തുടങ്ങി മാഘപൂര്‍ണിമയില്‍ പര്യവസാനിക്കുന്നപക്ഷത്തിലാണ്‌ മാഘമഹോത്സവം നടക്കുക. പരശുരാമന്റെ പ്രാര്‍ത്ഥനയനുസരിച്ച്‌ ബ്രഹ്‌മദേവന്‍ മാഘമാസത്തില്‍ മഹായോഗം നടത്തിയ പുണ്യഭൂമിയാണ്‌ തിരുനാവായ. ഭാരതത്തിലെ സകല നദികളെയും സപ്‌തര്‍ഷികളുടെ സാന്നിധ്യത്തില്‍ ഗംഗാദേവി ആവാഹിച്ച്‌ ഭാരതപ്പുഴയാക്കിയത്രെ. ബൃഹസ്‌പതിയാണ്‌ മാഘമേള ആരംഭിച്ചത്‌. പിന്നീട്‌ പെരുമാക്കളും വള്ളുവക്കോനാതിരിയും സാമൂതിരിയും മേള നടത്തി. ബ്രിട്ടീഷുകാലത്തോടെ മുടങ്ങിയ മാഘമഹോത്സവം, പ്രയാഗിലെ മഹാകുംഭമേളയുടെ മുഖ്യ സംഘാടകരായ ജുനാ അഖാണ്ഡയുടെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനമാണ്‌ വീണ്ടും ആരംഭിക്കാനൊരുങ്ങുന്നത്‌. കേരളത്തില്‍ ജനിച്ച്‌, എസ്‌.എഫ്‌.ഐ-കമ്മ്യൂണിസ്‌റ്റ് പ്രവര്‍ത്തകനായിരുന്ന സ്വാമി മഹാമണ്ഡലേശ്വര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളിയാണ്‌. (കൗമുദി. ജനു. 9).

തിരസ്‌കരിച്ചിട്ടും
പെരുമപ്പെട്ട കൃതികള്‍

പ്രശസ്‌തമായ ഏറ്റവും കൂടുതല്‍ കൃതികള്‍ തിരസ്‌കരിച്ച പത്രാധിപരെന്ന ഖ്യാതിയോ അപകീര്‍ത്തിയോ മാതൃ. വാരിക പത്രാധിപരായിരുന്ന എന്‍.വിക്കുള്ളതാണെന്ന്‌ തോമസ്‌ ജേക്കബ്‌. ആനന്ദിന്റെ 'ആള്‍ക്കൂട്ടം', അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്രം', മധുസൂദനന്‍നായരുടെ 'നാറാണത്തുഭ്രാന്തന്‍', കടമ്മനിട്ടയുടെ കിരാതവൃത്തം എന്നിവയെല്ലാം തിരസ്‌കരിച്ചവയില്‍പ്പെടുന്നു. കലാമണ്ഡലം കൃഷ്‌ണന്‍നായരുടെ ആത്മകഥയും മാതൃഭൂമി മടക്കിയയച്ചതാണ്‌. അയ്യപ്പപ്പണിക്കര്‍ പറഞ്ഞിട്ട്‌ മാര്‍ഗിയില്‍ ചെന്ന്‌ ജയചന്ദ്രന്‍നായരാണ്‌ കൃഷ്‌ണന്‍നായരുടെ കൈയില്‍നിന്ന്‌ ആത്മകഥവാങ്ങി കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചത്‌. 'കുരുക്ഷേത്രം' സി.എന്‍. ശ്രീകണ്‌ഠന്‍നായര്‍ വലിയപരസ്യം നല്‍കി ദേശബന്ധുവില്‍ പ്രസിദ്ധീകരിച്ചു. (മനോ.വാരിക ജനു. 17).

'ഗാര്‍ഡ്‌'ഹില്‍

രഘുവംശത്തില്‍ കാളിദാസന്‍ സഹ്യപര്‍വതത്തെ 'യുവതരുണി'യെന്നു വിശേഷിപ്പിച്ചതു വായിച്ച്‌ പ്രണയബദ്ധനായ മാധവ്‌ഗാഡ്‌ഗിലിന്റെ ജീവിതം ഒരു മലകയറ്റമായിരുന്നുവെന്ന്‌ സന്തോഷ്‌ ജോണ്‍ തൂവല്‍. പശ്‌ചിമഘട്ട പരിസ്‌ഥിതി സമിതിയുടെ അധ്യക്ഷനായി ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ വലിയ വിവാദമായി.
നിരാകരിക്കപ്പെടുമെന്നുള്ള റിപ്പോര്‍ട്ടാണെന്നായിരുന്നു ഗാഡ്‌ഗില്‍തന്നെ പറഞ്ഞത്‌. പശ്‌ചിമഘട്ടത്തിന്റെ ഭൂരിഭാഗവും പരിസ്‌ഥിതി ദുര്‍ബലമേഖലയായി പ്രഖ്യാപിക്കാന്‍ ശിപാര്‍ശ ചെയ്‌ത ആ റിപ്പോര്‍ട്ട്‌ മലയോരമേഖലയാകെ വലിയ ആശങ്ക പരത്തി. പശ്‌ചിമഘട്ടം അപ്പാടെ തകര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കാത്തിരിക്കുന്നത്‌ വന്‍ദുരന്തമാണെന്നും അദ്ദേഹം താക്കീതു നല്‍കി. (മനോരമ).

നുണയുടെ വിടര്‍ച്ചകള്‍

പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന കാലം. ഒരു സാഹിത്യസമാജം മീറ്റിങ്ങില്‍ വാര്യര്‍ സാര്‍ പറഞ്ഞ ഒരുകാര്യം മങ്ങാതെ നില്‍ക്കുന്നു. കഥയെന്നാല്‍ നുണയാണ്‌. ഈച്ചയും പൂച്ചയും കഞ്ഞിവച്ചതു മുതല്‍ മഹാഭാരതംവരെയുള്ള കാലാതീതമായി നില്‍ക്കുന്ന നുണകള്‍.
രത്നക്കല്ലുവച്ച നുണയാണ്‌ സാഹിത്യമെന്ന്‌ സുഭാഷ്‌ചന്ദ്രന്‍ പറയുമ്പോള്‍ വാര്യര്‍സാര്‍ പതിറ്റാണ്ടിപ്പുറത്തേക്ക്‌ മുന്നില്‍വന്നു നില്‍ക്കുന്നു. നുണകളുടെ പലതലങ്ങളിലുള്ള വിടര്‍ച്ചകളെ ഹൃദ്യമായി പറയുന്നു. നുണഞ്ഞിറക്കാവുന്ന നുണയുടെ മാധുര്യം നവരസങ്ങളാല്‍ അഭിരുചിയുടെ രസനയെതോറ്റുന്നു. ആപാതമധുരമായ സംഗീതംപോലെ, അത്‌ ഹൃദയത്തില്‍ പതിക്കുന്നു. നമുക്കും ഋഷിയുടെ കണ്ണ്‌ കടം തരുന്നു. ഉണ്മയെ തൊടുന്നു. വാതില്‍തുറപ്പാട്ടുകള്‍ ഹൃദ്യമായൊരു വായനാനുഭവമാകുന്നു. (മാതൃ. ആഴ്‌ച. ജനു. 18).

മഹാരാജാസ്‌ മൂത്രപ്പുര

പഴയ മഹാരാജാസ്‌ ശീലിച്ചവര്‍ക്ക്‌ നിവൃത്തിയുണ്ടെങ്കില്‍ അങ്ങോട്ടു കയറാതിരിക്കുന്നതാണ്‌ ബുദ്ധി. അത്രയ്‌ക്ക് മാറിയിരിക്കുന്ന ആ മഹാ കലാലയത്തിന്റെ ചുവരെഴുത്തുകള്‍. ആസകലം ടൈലിട്ടു മിനുക്കിയ തറ. ലക്ഷങ്ങള്‍ ഇടയ്‌ക്കിടെ വിതറി പോഷിപ്പിക്കുന്ന വികസനം. യു.ജി.സി. ശമ്പള സമൃദ്ധി. നടുമുറ്റത്ത്‌ കാലെടുത്തുവച്ചാല്‍ വൃത്തിഹീനമായ ഏതോ പാര്‍ട്ടി ആപ്പീസിന്റെ പ്രതീതി. വിദ്യാര്‍ഥി രാഷ്‌ട്രീയം എത്ര മലിനമാണെന്നറിയാന്‍ വേറെങ്ങും പോകേണ്ട. എന്നിട്ടും വെബിനിവേശക്കാരന്‍ മഹാരാജാസിലെ ജെന്‍ഡര്‍ സൗഹൃദ മൂത്രപ്പുരയെക്കുറിച്ച്‌ ആവേശഭരിതനാകുന്നു. (മറ്റൊന്നും സന്ദര്‍ശിക്കാനും നല്ലതുപറയാനും ഇല്ലാത്തതാവുമോ ഈ ആണ്‍-പെണ്‍ സംയുക്‌ത മൂത്രപ്പുര തെരഞ്ഞെടുത്തത്‌!).
പുരോഗമന വിപ്ലവാശയങ്ങള്‍ ഇപ്രകാരമാണോ മുന്നേറേണ്ടത്‌ എന്നത്‌ ചിന്താശീലമുള്ള വിദ്യാര്‍ഥി സമൂഹം പുനരാലോചിക്കേണ്ടതുണ്ട്‌. (മാതൃ. ആഴ്‌ച. ജനു. 18).

കമ്പിളിക്കണ്ടത്തെ
പ്രേതങ്ങള്‍
കമ്പിളിക്കണ്ടത്തെ കല്‍ഭിത്തികളില്‍ തരികിടയുണ്ടെന്ന്‌ ഡോ. ബെറ്റിമോള്‍ മാത്യു. മനുഷ്യക്കടത്തിനും ജോലി തട്ടിപ്പിനും ബെല്‍ജിയം സര്‍ക്കാര്‍ ജയില്‍ശിക്ഷയ്‌ക്ക് ശിപാര്‍ശ ചെയ്‌ത കുറ്റവാളിയാണത്രെ ബാബു ഏബ്രഹാം. ചാനലുകളിലെ അദ്ദേഹത്തിന്റെ ഭാഷയും പുസ്‌തകത്തിലേതും അജഗജാന്തരമുണ്ട്‌.
ആത്മകഥയാണെങ്കിലും ഒരുപറ്റം എഴുത്തുകാരുടെ കൈക്കുറ്റപ്പാടുകള്‍തന്നെ വെളിപ്പെടുത്തുന്നു. പ്രേതങ്ങളില്‍ ഒരാളെ പിടികിട്ടിയത്രെ-അഷ്‌ടമൂര്‍ത്തി! പുസ്‌തകം നാലുപേര്‍ ചേര്‍ന്നാണ്‌ രൂപാന്തരപ്പെടുത്തിയതെന്ന്‌ വിനോദ്‌ ഇളകൊള്ളൂര്‍.
(പച്ചമലയാളം-ജനു).

Ads by Google
Sunday 25 Jan 2026 09.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW