-->
ടെഹ്‌റാന്‍/വാഷിങ്‌ടണ്‍: തങ്ങളെ ലക്ഷ്യമാക്കി യു.എസ്. കപ്പല്‍പ്പട മുന്നേറുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ പൂര്‍ണമായ യുദ്ധത്തിനു തയാറാണെന്ന് ഇറാന്‍. യു.എസിന്റെ മുന്നറിയിപ്പ് അവഗണിച്ച് പതിനായിരക്കണക്കിനു പ്രക്ഷോഭകരെ അറസ്‌റ്റ് ചെയ്‌തശേഷമാണ് ഇറാന്‍ നിലപാട് വ്യക്‌തമാക്കിയത്. യു.എസില്‍നിന്നുള്ള ഏതൊരു സൈനിക നടപടിയും 'പൂര്‍ണമായ യുദ്ധം' ആയി കണക്കാക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
മേഖലയിലേക്ക് യു.എസ്. വിമാനവാഹിനി കപ്പലുകളും സൈനിക ഉപകരണങ്ങളും നീങ്ങുകയാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. ഈ നീക്കം ടെഹ്‌റാനിലും മേഖലയിലാകെയും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
തങ്ങളുടെ സൈന്യം പൂര്‍ണ ജാഗ്രതയിലാണെന്ന് ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കമാന്‍ഡര്‍ ജനറല്‍ മുഹമ്മദ് പാക്‌പൂര്‍ വ്യക്‌തമാക്കി. അമേരിക്കന്‍ സൈനിക വിന്യാസം നേരിട്ടുള്ള ഏറ്റുമുട്ടല്‍ ലക്ഷ്യമിട്ടുള്ളതല്ലെന്നു ടെഹ്‌റാന്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഏറ്റവും മോശം സാഹചര്യങ്ങള്‍ക്കായി അവര്‍ തയാറെടുക്കുകയാണ്. 'ഈ സൈനിക വിന്യാസം യഥാര്‍ത്ഥ ഏറ്റുമുട്ടല്‍ ലക്ഷ്യമിട്ടുള്ളതല്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു പക്ഷേ ഞങ്ങളുടെ സൈന്യം ഏറ്റവും മോശം സാഹചര്യങ്ങള്‍ക്കായി തയാറാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേഖലയിലേക്കു വലിയ നേവി സംഘം പുറപ്പെടുന്ന കാര്യം വ്യാഴാഴ്‌ചയാണ് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്‌ഥിരീകരിച്ചത്. ഈ വിന്യാസം ശക്‌തമായ പ്രതിരോധമാണെന്നും എന്നാല്‍ അത് ഉപയോഗിക്കേണ്ടി വരില്ലെന്നും ട്രംപ് വ്യക്‌തമാക്കിയിരുന്നു. അതിര്‍ത്തി സംഘര്‍ഷം വര്‍ധിക്കുന്ന സമയങ്ങളില്‍ യു.എസ്. സൈന്യം പതിവായി മേഖലയിലേക്ക് സൈനികരെ അയക്കാറുണ്ട്. ഇത്തരം വിന്യാസങ്ങള്‍ സാധാരണയായി പ്രതിരോധപരമായ കാര്യങ്ങള്‍ക്കായാണ് വിശേഷിപ്പിക്കുക. എങ്കിലും, നിലവിലെ വിന്യാസം കഴിഞ്ഞ വര്‍ഷം ഇറാന്‍ ആണവ സംവിധാനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് മുമ്പ് ഏര്‍പ്പെടുത്തിയ വലിയ തോതിലുള്ള സൈനിക നീക്കങ്ങളുമായി താരതമ്യപ്പെടുത്തുന്നു.
യു.എസില്‍നിന്നുള്ള നിരന്തരമായ സൈനിക സമ്മര്‍ദം കാരണം യുദ്ധത്തിനു പൂര്‍ണമായി തയാറെടുക്കുകയല്ലാതെ തങ്ങള്‍ക്കു മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ഇറാന്‍ വാദിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ മേഖലയിലെ ഇറാന്റെ സഖ്യകക്ഷികളെല്ലാം പ്രതിരോധത്തിലാണ്.
ലെബനനിലെ സഖ്യകക്ഷിയായ ഹിസ്‌ബുള്ള ഇസ്രയേല്‍ ആക്രമണത്തില്‍നിന്നു കരകയറിയിട്ടില്ല. സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടവുമായി ഇറാന് അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിനു ഭരണം നഷ്‌ടമായി. ഇറാഖില്‍ ഭരണപ്രതിസന്ധി രൂപപ്പെട്ടതോടെ അവിടെനിന്നുള്ള സഹായവും ഇറാനു പ്രതീക്ഷിക്കാനാകില്ല.