Wednesday, March 11, 2026 Last Updated 47 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.41 AM

ലോകത്തെ കൈവിട്ട്‌ ട്രംപ്‌; മാനവികതയ്‌ക്ക് മേല്‍ അമേരിക്കയുടെ പ്രഹരം

uploads/news/2026/01/822465/Gordon-brown.jpg

ജനുവരി 27-ന്‌ പാരീസ്‌ കാലാവസ്‌ഥാ ഉടമ്പടിയില്‍ നിന്നുള്ള അമേരിക്കയുടെ രണ്ടാം പിന്മാറ്റം ഔദ്യോഗികമായി നിലവില്‍ വരികയാണ്‌. ഇതിന്‌ പിന്നാലെ, ഐക്യരാഷ്‌ട്രസഭയുടെ 31 സമിതികള്‍ ഉള്‍പ്പെടെ 66 രാജ്യാന്തര സംഘടനകളുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന്‌ ജനുവരി ഏഴിന്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ പ്രഖ്യാപിച്ചു കഴിഞ്ഞു. ട്രംപ്‌ ഭരണകൂടത്തിന്‌ ഇപ്പോള്‍ ഈ സംഘടനകളെല്ലാം അസ്വീകാര്യമാണ്‌.
ചരിത്രത്തിലൊരിക്കലും ഒരു രാഷ്‌ട്രത്തലവനും ഇത്ര ചുരുങ്ങിയ കാലയളവിനുള്ളില്‍ രാജ്യാന്തര സമൂഹവുമായുള്ള ബന്ധം ഇത്രമേല്‍ പൂര്‍ണമായി വിച്‌ഛേദിച്ചിട്ടില്ല. കുറച്ച്‌ ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ 'ന്യൂയോര്‍ക്ക്‌ ടൈംസിന്‌' നല്‍കിയ അഭിമുഖത്തില്‍, 'എനിക്ക്‌ രാജ്യാന്തര നിയമങ്ങളുടെ ആവശ്യമില്ല' എന്ന്‌ ട്രംപ്‌ പരസ്യമായി പ്രഖ്യാപിച്ചു. രാജ്യാന്തര നിയമങ്ങള്‍ അമേരിക്കയ്‌ക്ക് ബാധകമാണോ എന്ന്‌ തീരുമാനിക്കാനുള്ള ഏക അധികാരി താനാണെന്നും, തന്റെ അധികാരത്തിന്‌ സ്വന്തം 'ധാര്‍മികത' മാത്രമാണ്‌ പരിധിയെന്നും അദ്ദേഹം അവകാശപ്പെടുന്നു.ഗ്രീന്‍ലാന്‍ഡ്‌ പിടിച്ചെടുക്കാനുള്ള അമേരിക്കയുടെ നീക്കങ്ങള്‍ ചര്‍ച്ചയാകുന്നുണ്ടെങ്കിലും, അമേരിക്കയുടെ ഈ ക്രൂരമായ നിലപാടുകള്‍ കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം തന്നെ മനുഷ്യജീവനുകള്‍ പൊലിഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നാം കാണാതെ പോകരുത്‌.
ആഗോള മാനുഷിക സഹായങ്ങള്‍ക്കും ആരോഗ്യ പദ്ധതികള്‍ക്കുമുള്ള ഫണ്ട്‌ ട്രംപ്‌ ഭരണകൂടം വെട്ടിക്കുറച്ചത്‌ പ്രതിവര്‍ഷം പത്ത്‌ ലക്ഷത്തോളം പേരുടെ മരണത്തിന്‌ കാരണമായേക്കാമെന്ന്‌ 'സെന്റര്‍ ഫോര്‍ ഗ്ളോബല്‍ ഡെവലപ്‌മെന്റ്‌' ചൂണ്ടിക്കാട്ടുന്നു. അമേരിക്കയും യൂറോപ്പും നടത്തുന്ന ഈ സാമ്പത്തിക വെട്ടിക്കുറയ്‌ക്കലുകള്‍ 2030-ആകുമ്പോള്‍ വികസ്വര രാജ്യങ്ങളില്‍ 54 ലക്ഷം കുട്ടികളുള്‍പ്പെടെ 2.26 കോടി അധിക മരണങ്ങള്‍ക്ക്‌ കാരണമാകുമെന്ന്‌ ബാഴ്‌സലോണ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ഗ്ളോബല്‍ ഹെല്‍ത്ത്‌ നടത്തിയ പഠനം വ്യക്‌തമാക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ കണക്കുകള്‍ ഇനിയും ഉയരാനേ സാധ്യതയുള്ളൂ.യുനെസ്‌കോ, ലോകാരോഗ്യ സംഘടന, യു.എന്‍. അഭയാര്‍ത്ഥി ഏജന്‍സി, യു.എന്‍. പലസ്‌തീന്‍ അഭയാര്‍ത്ഥി ഏജന്‍സി, യു.എന്‍. പോപ്പുലേഷന്‍ ഫണ്ട്‌ എന്നിവയെ ഭരണകൂടം ലക്ഷ്യം വയ്‌ക്കുമെന്ന്‌ നമുക്കറിയാമായിരുന്നു. എന്നാല്‍, കാലാവസ്‌ഥാ വ്യതിയാനത്തെ നേരിടാനുള്ള ആഗോള വേദിയായ യു.എന്‍. ഫ്രെയിംവര്‍ക്ക്‌ കണ്‍വന്‍ഷനില്‍ നിന്ന്‌ പിന്മാറുന്ന ആദ്യ രാജ്യമായി അമേരിക്ക മാറുകയാണ്‌.
അതേസമയം, ട്രംപിന്റെ പുതിയ 'ബോര്‍ഡ്‌ ഓഫ്‌ പീസ്‌' ഉണ്ടാക്കാന്‍ പോകുന്ന ആഘാതങ്ങള്‍ ആരും നിസ്സാരമായി കാണരുത്‌. ഐക്യരാഷ്‌ട്രസഭയുടെ സമാധാന ശ്രമങ്ങള്‍ക്ക്‌ ബദലായി കൊണ്ടുവരുന്ന ഈ സംവിധാനം അമേരിക്കയുടെ ദീര്‍ഘകാല നയങ്ങളില്‍ നിന്നുള്ള വമ്പിച്ച മാറ്റമാണ്‌. രാജ്യാന്തര നിയമ കമ്മീഷന്‍, വെനീസ്‌ കമ്മീഷന്‍ തുടങ്ങിയ നിയമസംഹിതകളെ സംരക്ഷിക്കുന്ന ഏജന്‍സികളെ ആക്രമിക്കുന്നത്‌ ഭാവിയില്‍ അമേരിക്ക നടത്തുന്ന നിയമവിരുദ്ധ നടപടികള്‍ക്കുള്ള സൂചനയാണ്‌. ധൂര്‍ത്ത്‌ കുറയ്‌ക്കാനാണ്‌ ഈ നടപടിയെന്ന ഔദ്യോഗിക വിശദീകരണം ഒട്ടും വിശ്വസനീയമല്ല.
സ്‌ത്രീകളുടെ അവകാശങ്ങള്‍ക്കും ലിംഗസമത്വത്തിനും വേണ്ടി നിലകൊള്ളുന്ന സംഘടനകളെ 'അമേരിക്കന്‍ പരമാധികാരത്തിന്‌ വിരുദ്ധമായ പ്രത്യയശാസ്‌ത്ര പരിപാടികള്‍' എന്ന്‌ വിളിച്ച്‌ കൈവിടുന്നത്‌ നീതീകരിക്കാനാവില്ല. 80-ലധികം രാജ്യങ്ങളില്‍ ലിംഗാധിഷ്‌ഠിത ബജറ്റിന്‌ സഹായിച്ച 'യു.എന്‍. വിമെന്‍' പോലുള്ള ഏജന്‍സികളെ എങ്ങനെയാണ്‌ 'അനാവശ്യം' എന്ന്‌ വിളിക്കാന്‍ കഴിയുക?
യുദ്ധങ്ങളിലും കാലാവസ്‌ഥാ വ്യതിയാനങ്ങളിലും ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികളെയും സ്‌ത്രീകളെയും സഹായിക്കുന്ന 'എഡ്യൂക്കേഷന്‍ കനോട്ട്‌ വെയ്‌റ്റ്', ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായ യു.എന്‍. ഓഫീസ്‌ , കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള സമിതി തുടങ്ങിയവയില്‍ നിന്നുള്ള പിന്മാറ്റം തികഞ്ഞ പ്രതികാര ബുദ്ധിയോടെയുള്ളതാണ്‌. ഈ സംഘടനകളുടെ ഫണ്ട്‌ നിര്‍ത്തലാക്കുന്നത്‌ ലോകത്തെ ഏറ്റവും ദുര്‍ബലരായ സ്‌ത്രീകളെയും കുട്ടികളെയും കൂടുതല്‍ അപകടത്തിലാക്കും.
'അമേരിക്കന്‍ ജനതയുടെ ചോരയും നീരും അധ്വാനവും ഇത്തരം സ്‌ഥാപനങ്ങള്‍ക്ക്‌ ഇനിയും നല്‍കാനാവില്ല'എന്നാണ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞത്‌. എന്നാല്‍, ദരിദ്ര രാജ്യങ്ങളിലെ പെണ്‍കുട്ടികളുടെ കഷ്‌ടപ്പാടുകള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഏജന്‍സികളാണ്‌ അമേരിക്കന്‍ ജനതയുടെ ദുരിതത്തിന്‌ കാരണമെന്ന വാദം അങ്ങേയറ്റം കാപട്യമാണ്‌. അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ 'ജീവനും സ്വാതന്ത്ര്യവും സന്തോഷവും' എന്ന മൗലികാവകാശങ്ങള്‍ പുരുഷന്മാര്‍ക്ക്‌ മാത്രമുള്ളതാണോ എന്ന്‌ നാം ചോദിക്കേണ്ടി വരും.
സംഘര്‍ഷ മേഖലകളില്‍ ലൈംഗിക അതിക്രമങ്ങള്‍ 25 ശതമാനം വര്‍ദ്ധിച്ച കാലഘട്ടമാണിത്‌. ഈ സാഹചര്യത്തില്‍ യു.എന്‍. വിമെന്‍ പോലുള്ള ഏജന്‍സികള്‍ നല്‍കുന്ന അഭയകേന്ദ്രങ്ങളും നിയമസഹായങ്ങളും ഇല്ലാതാകുന്നത്‌ വലിയ ദുരന്തമാകും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയപ്പെടുന്നത്‌ വഴി ശൈശവ വിവാഹങ്ങള്‍ വര്‍ദ്ധിക്കാനും അവരുടെ ഭാവി ഇല്ലാതാകാനും ഇത്‌ കാരണമാകും.
ലോകരാജ്യങ്ങള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നാണ്‌ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത്‌. 34 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ 90 ശതമാനം പേരും രാജ്യാന്തര സഹകരണം അത്യാവശ്യമാണെന്ന്‌ അഭിപ്രായപ്പെട്ടു. വെറും 5-6 ശതമാനം ആളുകള്‍ മാത്രമാണ്‌ ട്രംപ്‌ ഭരണകൂടത്തെപ്പോലെ സഹകരണം 'സമയനഷ്‌ടമാണെന്ന്‌' കരുതുന്നത്‌. സ്വന്തം സര്‍ക്കാരുകളെക്കാള്‍ പലരും വിശ്വസിക്കുന്നത്‌ ലോകാരോഗ്യ സംഘടനയെയും യു.എന്നിനെയുമാണ്‌.
പെണ്‍കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും അവസരങ്ങള്‍ നിഷേധിക്കുന്നത്‌ സാമ്പത്തിക ലാഭമുണ്ടാക്കില്ല; പകരം വരുംതലമുറകള്‍ കൂടി അനുഭവിക്കേണ്ടി വരുന്ന വലിയ സാമ്പത്തിക-സാമൂഹിക തകര്‍ച്ചയ്‌ക്കാണ്‌ അത്‌ വഴിവെക്കുക. ഇതൊരു വമ്പിച്ച ധാര്‍മ്മിക പരാജയമാണ്‌, ഇത്‌ ലോകത്തിന്‌ തന്നെ അപമാനവുമാണ്‌.

(മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയും ലോകാരോഗ്യ സംഘടനയുടെ ഗ്ളോബല്‍ ഹെല്‍ത്ത്‌ ഫിനാന്‍സിങ്‌ അംബാസഡറുമാണ്‌ ലേഖകന്‍) www.project-syndicate.org

Ads by Google
Sunday 25 Jan 2026 10.41 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW