-->
ഇസ്ലാമാബാദ്: പാകിസ്‌താനിലെ മനുഷ്യാവകാശ അഭിഭാഷകയായ ഇമ്രാന്‍ സൈനബ് മസാരി-ഹാസിറിനും ഭര്‍ത്താവും അഭിഭാഷകനായ ഹാദി അലി ചാത്തയ്‌ക്കും പാക് കോടതി 17 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പോസ്‌റ്റുകള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരേ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.
കഴിഞ്ഞ ഓഗസ്‌റ്റ് 12 ന് ഇസ്ലാമാബാദിലെ നാഷണല്‍ സൈബര്‍ ൈക്രം ഇന്‍വെസ്‌റ്റിഗേഷന്‍ ഏജന്‍സിയില്‍ (എന്‍.സി.സി.ഐ.എ) സമര്‍പ്പിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ്. മസാരി-ഹാസിര്‍ ശത്രുതു നിറഞ്ഞ തീവ്രവാദ ഗ്രൂപ്പുകളുമായും നിരോധിത സംഘടനകളുമായും യോജിക്കുന്ന വിവരണങ്ങള്‍ പ്രചരിപ്പിച്ചു എന്ന് എന്‍.സി.സി.ഐ.എ പരാതിയില്‍ ആരോപിച്ചു, അതേസമയം അവരുടെ ചില പോസ്‌റ്റുകള്‍ വീണ്ടും പോസ്‌റ്റ് ചെയ്‌തതിന് ഭര്‍ത്താവിനെതിരേ കേസെടുത്തു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 30ന് എടുത്ത കേസില്‍ കുറ്റാരോപിതരായ ഇരുവരെയും വെള്ളിയാഴ്‌ച ഇസ്ലാമാബാദില്‍ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അറസ്‌റ്റ് ചെയ്യപ്പെടുകയും പിന്നീട് 14 ദിവസത്തെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ ജയിലിലേക്ക് അയയ്‌ക്കുകയും ചെയ്‌തു. റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹ്രസ്വമായി അവരെ കോടതിയില്‍ ഹാജരാക്കി.
ഇരുവരും കോടതി നടപടികള്‍ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് ജഡ്‌ജി മുഹമ്മദ് അഫ്‌സല്‍ മജോകയുടെ അധ്യക്ഷതയില്‍ അഡീഷണല്‍ ഡിസ്‌ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു.